കപ്പല്‍ശാല ദുരന്തം: കാരണം വാതകചോര്‍ച്ച; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം വീതം ധനസഹായം

Published on: 4:07pm Tue 13 Feb 2018

A- A A+

ഷിപ്പിംഗ് മന്ത്രാലയത്തെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി.എം.ഡി മധു നായര്‍ അറിയിച്ചു

കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലുണ്ടായ അപകടത്തിന് കാരണം വാതക ചോര്‍ച്ചയാണെന്ന് അധികൃതര്‍. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഷിപ്പ്യാര്‍ഡ് അടിയന്തരമായി 10 ലക്ഷം രൂപ വീതം സഹായം നല്‍കും. കൂടാതെ മറ്റ് എല്ലാ സഹായങ്ങളും നല്‍കും. അപകടത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഈ അവസരത്തില്‍ എല്ലാ പിന്തുണയും നല്‍കുന്നു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും ഷിപ്പ്യാര്‍ഡ് ഏറ്റെടുക്കും. ഷിപ്പിംഗ് മന്ത്രാലയത്തെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി.എം.ഡി മധു നായര്‍ അറിയിച്ചു.

ഷിപ്പിനുള്ളിലെ ബെല്ലാസ് ടാങ്കിലാണ് അപകടം നടന്നത്. കപ്പലിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ വെള്ളം നിറയ്ക്കുന്ന ടാങ്കുകളാണ് ബെല്ലാസ് ടാങ്കുകള്‍. ടാങ്കിനുള്ളില്‍ നിറഞ്ഞ വാതകമാണ് സ്ഫോടനത്തിന് കാരണം. ഏതു വാതകമാണ് ഇതിനു കാരണമെന്ന് വ്യക്തമല്ല. ഈ ടാങ്കിലേക്ക് വാതകം എത്തേണ്ട സാഹചര്യം ഇല്ല. എങ്ങനെയാണ് വാതകം ടാങ്കില്‍ എത്തിയതെന്നും വ്യക്തമല്ല. ടാങ്കിനുള്ളിലാണോ പുറത്താണോ സ്ഫോടനമെന്നും അറിയില്ല. കപ്പല്‍ശാല തന്നെ അടിയന്തരമായി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടെക്നിക്കല്‍ തലത്തിലുള്ള അന്വേഷണം ഷിപ്പിംഗ് മന്ത്രാലയം നടത്തും.

നാശനഷ്ടം സംബന്ധിച്ച്‌ കണക്ക് എടുത്തുവരുന്നു. ടാങ്കിനുള്ളിലും സമീപത്തുമായി 12 പേര്‍ ജോലിയില്‍ ഉണ്ടായിരുന്നു. അഞ്ച് മൃതദേഹങ്ങള്‍ ടാങ്കിനുള്ളിലാണ് കണ്ടെത്തിയത്. എല്ലാ സുരക്ഷ നടപടികളും പാലിച്ച ശേഷമാണ് ടാങ്കിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തുക. ഇന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിരുന്നോ എന്ന് പരിശോധിക്കും.

ദുരന്തത്തില്‍ പെട്ടവരെ തിരിച്ചറിയുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും വീഴ്ച വന്നിട്ടില്ലെന്ന് സി.എം.ഡി അറിയിച്ചു. മരിച്ചവരില്‍ മൂന്നു പേരുടെ വിവരം അധികൃതര്‍ പുറത്തുവിട്ടു. 1994നു ശേഷം ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന വലിയ ദുരന്തമാണിതെന്നും സി.എം.ഡി പറഞ്ഞു.

അഞ്ച് മലയാളികളാണ് ദുരന്തത്തില്‍ മരിച്ചത്. കോട്ടയം സ്വദേശി ഗവിന്‍, ഏലൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ ജയന്‍, കണ്ണന്‍ എം.വി, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ചത്. 11 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.

മുംബൈയില്‍ നിന്നും അറ്റകുറ്റപ്പണിക്ക് എത്തിച്ച സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ തീ അണയ്ക്കാന്‍ കഴിഞ്ഞതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!