ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെ വില കിലോയ്ക്ക് 3500 രൂപ

Published on: 4:55pm Tue 16 Jan 2018

A- A A+

മലിനജലത്തെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള വിത്തും മുരിങ്ങയുടെ മാത്രം പ്രത്യേകതയാണ്

കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങിനില്‍ക്കുന്നതല്ല മുരിങ്ങയുടെ മാഹാത്മ്യം. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (Food and Agriculture Organisation), ജനുവരി മാസത്തെ ഏറ്റവും മികച്ച വിളയായി തെരഞ്ഞെടുത്തത് അടിമുടി ഭക്ഷ്യയോഗ്യമായ നമ്മുടെ മുരിങ്ങയെയാണ്.

ഇലയും പൂവും കായും എന്നുവേണ്ട വേരില്‍ പോലും അടങ്ങിയിരിക്കുന്ന ഔഷധ-ഭക്ഷ്യ ഗുണങ്ങളാണ് മറ്റു ചെടികളില്‍ നിന്ന് മുരിങ്ങയെ വ്യത്യസ്തമാക്കുന്നത്. മാത്രവുമല്ല, മലിനജലത്തെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള വിത്തും മുരിങ്ങയുടെ മാത്രം പ്രത്യേകതയാണ്.

പോഷക കലവറയെന്ന് വിശേഷണമുള്ള ധാന്യമായ ‘ക്വിനോവ’യുടെ ജനപ്രീതി ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഉയര്‍ന്നത്. അതുകൊണ്ടുതന്നെ മുരിങ്ങയെ ടൈം മാസിക വിശേഷിപ്പിച്ചത് അടുത്ത ‘ക്വിനോവ'(Quinoa)യായിട്ടാണ്. ആ നിലവാരത്തിലേക്ക് മുരിങ്ങയും എത്തിയെന്നാണ് ടൈം മാഗസിന്റെ നിരീക്ഷണം.

വൈറ്റമിന്‍ എയും സിയും പ്രദാനം ചെയ്യുന്ന അമിനോ ആസിഡുകളുടെയും ധാതുക്കളുടെയും കലവറ കൂടിയാണ് മുരിങ്ങ. വളരെ തുച്ഛമായ വിലയില്‍ മുരിങ്ങക്കായും ഇലയുമൊക്കെ ലഭ്യമാണ്. എന്നാൽ, ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെ വിപണി വില കേട്ടാല്‍ ഞെട്ടും, കിലോയ്ക്ക് 3500 രൂപ വരെ.