പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി നാല്‍പതോളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം

Published on: 11:38am Wed 06 Dec 2017

A- A A+

മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ രണ്ടു പേര്‍, ഏദന്‍ എന്നീ ചിത്രങ്ങളുടെ ആഗോള റീലിസിന് ചലച്ചിത്രമേള വേദിയാകും.

കേരള രാജ്യാന്തര ചലച്ചിത്രമേള 36 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ നാല് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഇന്‍സള്‍ട്ട് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ എട്ട് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുന്നത്. മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ രണ്ടു പേര്‍, ഏദന്‍ എന്നീ ചിത്രങ്ങളുടെ ആഗോള റീലിസിന് ചലച്ചിത്രമേള വേദിയാകും.

തായ് ചിത്രം മലില-ദ ഫെയര്‍വെല്‍ ഫ്‌ളവര്‍, കസാഖ് ചിത്രം റിട്ടേണി, സ്പാനിഷ് ചിത്രം സിംഫണി ഓഫ് അന, മംഗോളിയയില്‍ നിന്നുള്ള ദ വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡസ് നോട്ട് എക്‌സിസ്റ്റ്, ഇറാന്‍ ചിത്രം വൈറ്റ് ബ്രിഡ്ജ്, ഇംഗ്ലീഷ് ചിത്രം ഗ്രെയ്ന്‍ എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യപ്രദര്‍ശനത്തിനെത്തുന്നവ.

മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ശ്രീകൃഷ്ണന്‍ കെ.പി സംവിധാനം ചെയ്ത നായിന്റെ ഹൃദയത്തിന്റെയും ആദ്യപ്രദര്‍ശനവേദി കൂടിയാകും മേള. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇരുപതോളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും.

ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ നിഖില്‍ അലൂഗ് ചിത്രം ഷെയ്ഡ്, സഞ്ജീവ് ധേ ചിത്രം ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, ഫോക്കസ് ഓണ്‍ ബ്രസീല്‍ വിഭാഗത്തില്‍ സ്‌റ്റോറീസ് ദാറ്റ് അവര്‍ സിനിമ ഡിഡ് നോട്ട് ടെല്‍, ഫിലിംസ് ഓണ്‍ ഐഡന്റിറ്റി ആന്റ് സ്‌പെയ്‌സ് വിഭാഗത്തിലെ മലേഷ്യന്‍ ചിത്രം അക്വിരാത്, ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തിലെ സീസണ്‍ ഇന്‍ ഫ്രാന്‍സ്, ജൂറി ചിത്രം സ്വായിങ് വാട്ടര്‍ലില്ലി എന്നിവയാണ് ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റു ചിത്രങ്ങൾ.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!