ബാറ്റിംഗ് ശരാശരിയില്‍ ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനെ പിന്നിലാക്കി അഫ്ഗാന്‍ താരം

Published on: 9:23pm Wed 10 Jan 2018

A- A A+

ഏഴു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1096 റണ്‍സ് നേടിയ ബഹീറിന്റെ ബാറ്റിങ് ശരാശരി 121.77 ആണ്

കാബൂള്‍: ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ബാറ്റിങ്ങ് ശരാശരി മറികടന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നുളള യുവതാരം. ന്യൂസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പ് സന്നാഹ മത്സരത്തിലാണ് അഫ്ഗാന്‍ താരം ബഹീര്‍ ഷാ ബ്രാഡ്മാന്റെ റെക്കോഡ് തകര്‍ത്തത്. 99.94 ശരാശരിയോടെയാണ് ബ്രാഡ്മാന്‍ കളി നിര്‍ത്തിയിരുന്നത്. ബ്രാഡ്മാനേക്കാള്‍ മികച്ച ശരാശരിയുള്ള കളിക്കാരന്‍ പിന്നീട് ക്രിക്കറ്റ് ലോകത്തുണ്ടായിട്ടില്ല. എന്നാല്‍ 121.77 ശരാശരിയില്‍ അഫ്ഗാനില്‍ നിന്നുള്ള ബഹീര്‍ ഷാ എന്ന ബാറ്റ്‌സ്മാന്‍ ബ്രാഡ്മാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വാര്‍ത്തകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. 

ഏഴു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1096 റണ്‍സ് നേടിയ ബഹീറിന്റെ ബാറ്റിങ് ശരാശരി 121.77 ആണ്. 12 ഇന്നിങ്‌സുകളിലായി അഞ്ച് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും ബഹീര്‍ ഷായുടെ പേരിലുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ബ്രാഡ്മാന്റെ ശരാശരി 99.94 ആണ്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ച ശരാശരി എന്ന നേട്ടമാണ് അഫ്ഗാന്‍ യുവതാരം നേടിയത്.

ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്ന ബഹീര്‍ അഫ്ഗാന്‍ ജന്മം നല്‍കിയ മികച്ച ക്രിക്കറ്റിലൊരാളാണ്. റണ്‍ദാഹവുമായി നടക്കുന്ന ബഹീര്‍ 18ാം വയസ്സില്‍ ആദ്യ ഇന്നിംഗ്‌സില്‍ 256 റണ്‍സാണ് സ്വന്തമാക്കിയത്. തന്റെ അഞ്ചാമത്തെ ഇന്നിംഗ്‌സില്‍ ബഹീര്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറി അടിച്ച് എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബഹീര്‍ ഇതോടെ മാറി. പാകിസ്താന്റെ ജാവേദ് മിയാന്‍ദാദാണ് ഒന്നാമതുള്ളത്.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!