അമേരിക്ക ഉത്തരകൊറിയ; ഭിന്നത മുറുകുന്നു

Published on: 10:07am Fri 11 Aug 2017

A- A A+

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനാണ് ഉത്തര കൊറിയന്‍ ജനറല്‍ കിം റാക് ജ്യോം മറുപടി നല്‍കിയത്

സോള്‍: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ഭിന്നത മുറുകുന്നു. പസഫിക് സമുദ്രത്തിലെ അമേരിക്കയുടെ സൈനികത്താവളമായ ഗുവാം ദ്വീപ് ആക്രമിക്കാന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ഉത്തരവിനു കാത്തിരിക്കുകയാണെന്നു ഉത്തരകൊറിയന്‍ സൈന്യം വ്യക്തമാക്കി. 'ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദുരിതം ഉത്തര കൊറിയ അനുഭവിക്കേണ്ടിവരുമെന്ന' അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനാണ് ഉത്തര കൊറിയന്‍ ജനറല്‍ കിം റാക് ജ്യോം മറുപടി നല്‍കിയത്. 

ഗുവാമിനു സമീപം നാലു മിസൈലുകള്‍ വിക്ഷേപിക്കാനാണ് ഉത്തര കൊറിയയുടെ നീക്കം. ഇവ ഉടന്‍തന്നെ വിക്ഷേപണത്തിനു തയാറാകും. തങ്ങളുടെ പക്കല്‍ അണുവായുധങ്ങളുണ്ടെന്നത് അമേരിക്ക മറക്കരുത്. ട്രംപിനെപ്പോലുള്ള വ്യക്തിയുമായി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്നു കിം റാക് ജ്യോം പറഞ്ഞു. ഈ മാസം മധ്യത്തോടെ മിസൈല്‍ വിന്യാസം പൂര്‍ത്തിയാക്കും. 17 മിനിറ്റ് 45 സെക്കന്‍ഡുകള്‍ കൊണ്ട് ഗുവാം തകര്‍ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
 
ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ ഉത്തര കൊറിയ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് വെറും 40 കിലോമീറ്റര്‍ അകലെയാണു ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളെന്നതും ശ്രദ്ധേയം. അമേരിക്കയുടെ പിന്തുണയോടെയാണ് ഇത്രയുംനാള്‍ ദക്ഷിണ കൊറിയ പിടിച്ചുനില്‍ക്കുന്നത്. 
എന്നാല്‍, അതേ അമേരിക്കയെയാണു ഉത്തര കൊറിയ വെല്ലുവിളിക്കുന്നത്. ഉത്തര കൊറിയയുടെ പക്കല്‍  ജൈവ- രാസായുധങ്ങളുള്ളതും ഭീഷണിയാണ്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശൈലിയും യുദ്ധസാധ്യത കൂട്ടുന്നുണ്ട്. ജപ്പാന്റെ ഷിമാനെ, ഹിരോഷിമ, കോയ്ചി മേഖലകള്‍ക്കു മുകളിലൂടെയാകും ഉത്തര കൊറിയന്‍ പദ്ധതി പ്രകാരം മിസൈലുകള്‍ പോകുക. 

എന്നാല്‍, തങ്ങളുടെ ആകാശഅതിര്‍ത്തിയിലൂടെ പറക്കുന്ന മിസൈലുകള്‍ തകര്‍ക്കുമെന്നു ജപ്പാന്‍ മറുപടി നല്‍കി. ഉത്തര കൊറിയയുടെ പ്രകോപനത്തിനു കനത്ത തിരിച്ചടി നല്‍കുമെന്നും ജപ്പാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 
1,63,000 അമേരിക്കന്‍ പൗരന്‍മാരാണ് ഗുവാം സൈനിക താവളത്തിലുള്ളത്. അമേരിക്കന്‍ പൗരന്‍മാരെ തൊട്ടാല്‍ ഉത്തരകൊറിയന്‍ ഭരണകൂടത്തെ ഇല്ലാതാക്കുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ജിങ് മാറ്റിസ് പറഞ്ഞു. സാഹചര്യങ്ങള്‍ സങ്കീര്‍ണമെന്നു പറഞ്ഞ ചൈന ഇരുരാജ്യങ്ങളോടും പ്രകോപനങ്ങള്‍ പാടില്ലെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ ഉത്തര കൊറിയന്‍ മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നു ദക്ഷിണ കൊറിയയിലെ സോള്‍ സര്‍വകലാശാലയിലെ നോര്‍ത്ത് കൊറിയന്‍ സ്റ്റഡീസിലെ പ്രഫ. യാങ് മു ജിന്‍ പറഞ്ഞു. 

ദിവസങ്ങള്‍ നീളുന്ന യുദ്ധം പ്രതീക്ഷിക്കേണ്ടെന്നാണു യുദ്ധവിദഗ്ധര്‍ പറയുന്നത്. നീണ്ടുപോകുന്ന യുദ്ധം അമേരിക്കയുടെ സഖ്യകക്ഷികളായ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും തിരിച്ചടിയാകും. അമേരിക്കന്‍ സേന ഉത്തര കൊറിയയിലെത്തുന്നതു ചൈനയ്ക്കു സ്വീകാര്യമാകില്ലെന്ന് യുദ്ധ വിദഗ്ധന്‍ ആന്‍ഡ്രേലി ലാന്‍കോവ് പറഞ്ഞു. 1994 ലും അമേരിക്കന്‍ ഉത്തര കൊറിയന്‍ തര്‍ക്കം യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!