ബാലാമണി അമ്മ കാവ്യലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് പതിമൂന്ന് വയസ്സ്;   രചനകള്‍ക്കിന്നും പത്തരമാറ്റിന്റെ തിളക്കം

Published on: 3:54pm Fri 29 Sep 2017

A- A A+

കാവ്യരചനയില്‍ എഴുത്തിന്റെ വേറിട്ട ശൈലി രൂപപ്പെടുത്തിയ കവിയത്രിയാണ് ബാലമണിയമ്മ വാത്സല്യത്തിന്റെയും മാതൃഭാവങ്ങളുടെയും നിറകുടമായിരുന്നു ബാലമണിയമ്മയുടെ കവിതകള്‍

മലയാള കവിതയുടെ മാസ്മരികത തൊട്ടറിഞ്ഞ കവയിത്രിയുടെ ഓര്‍മകള്‍ക്ക് ഇന്ന് പതിമൂന്ന് വയസ്സ്. കാവ്യരചനയില്‍ എഴുത്തിന്റെ വേറിട്ട ശൈലി രൂപപ്പെടുത്തിയ കവിയത്രിയാണ് ബാലമണിയമ്മ.വാത്സല്യത്തിന്റെയും മാതൃഭാവങ്ങളുടെയും നിറകുടമായിരുന്നു ബാലമണിയമ്മയുടെ കവിതകള്‍.


 സ്ത്രീയുടെ അനുഭവങ്ങളും, വേദനകളും, വികാരങ്ങളുമായിരുന്നു ബാലാമണിയമ്മയുടെ കവിതകളില്‍ നിറഞ്ഞുനിന്നിരുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളെ തന്റെ തൂലികയിലൂടെ പച്ചയായി അവതരിപ്പിച്ചു കവയത്രി. ഭക്തിയും ദാര്‍ശനികതയും പ്രേമവുമൊക്കെ ബാലമണിയമ്മയുടെ കവിതകളുടെ മുഖ്യ പ്രമേയങ്ങളായിരുന്നു.

സാഹിത്യതറവാടയ നാലപ്പാട്ട് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും കൊച്ചുകുട്ടിയമ്മയുടെയും മകളായി  ജനനം. കവിയായ നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും  ബാലാമണിക്ക് എഴുത്തിന്റെ ലോകത്ത്  വഴികാട്ടിയായി. സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. 1928 ല്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു.  മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യ എന്ന മാധവിക്കുട്ടി മകളാണ്. 

കുട്ടിക്കാലം മുതല്‍ക്കേ കവിതയെഴുത്തും വായനയും ജീവിതചര്യയാക്കിയ ബാലാമണിയമ്മയുടെ ആദ്യ കവിത 'കൂപ്പുകൈ'ഇറങ്ങുന്നത് 1930 ലാണ്. അവിടന്നിങ്ങോട്ട് നിരവധി കവിതകളാണ്  തൂലികയില്‍ പിറന്നത്.  പിന്നീടിങ്ങോട്ട് ബാലാമണിയമ്മയെത്തേടിയെത്താത്ത പുരസ്‌കാരങ്ങള്‍ വിരളം. സാഹിത്യനിപുണ ബഹുമതി (1963) കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1969), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1987ല്‍ പദ്മഭൂഷണ്‍ തേടിയെത്തി. 2004 സപ്തംബര്‍ 29 ന് ബാലമണിയമ്മ കാവ്യലോകത്തോട് വിട പറഞ്ഞു. 

ലളിതവും പ്രസന്നവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകള്‍. പരശുരാമനും വിശ്വാമിത്രനും ശിബിയും ഹരിചന്ദ്രനും യയാതിയും മഹാബലിയുമെല്ലാം ബാലാമണിഅമ്മയുടെ കവിതയിലുടെ പുനര്‍ജ്ജനിച്ചു. പ്രപഞ്ചത്തിലുള്ള എല്ലാ വിഷയങ്ങളും  കവിതകളുടെ വിഷയങ്ങളായി. സ്വാതന്ത്ര്യം, സമത്വം എന്നീ ആശയങ്ങളെല്ലാം അവതരിപ്പിച്ചു കൊണ്ടുള്ള ബാലമണി അമ്മയുടെ കവിതകള്‍ സമൂഹത്തിന്റെ ഏത് തട്ടിലുള്ള വായനക്കാര്‍ക്കും അനായാസേന ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയായിരുന്നു.