'പ്രമേഹം' കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാന്‍

Published on: 5:53pm Sat 06 Jan 2018

A- A A+

അതുകൊണ്ടുതന്നെ പരസ്പരം രോഗവിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ടുള്ള വിവാഹമായിരിക്കും ഉത്തമം

പ്രമേഹം വിവാഹജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രോഗവിവരം വിവാഹത്തിനു മുന്‍പ് തുറന്നു പറയുന്നതാണ് ഉചിതം. മാതാപിതാക്കള്‍ പ്രമേഹ രോഗികളാണെങ്കില്‍ മക്കള്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കും പ്രമേഹ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാരമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്.

പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നത് ഒളിക്കാന്‍ ഗുളികകള്‍ കഴിക്കുകയോ ചിലപ്പോള്‍ ചികിത്സ ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കും. കൂടാതെ വിവാഹത്തെ തുടര്‍ന്നുള്ള സല്‍ക്കാരങ്ങളും കൂടിയാകുമ്പോള്‍ ഭക്ഷണനിയന്ത്രണവും താളം തെറ്റി രോഗം മൂര്‍ച്ഛിച്ച് ആശുപത്രയിലാകുന്നു. തുടര്‍ന്ന് ഇതു വിവാഹമോചനത്തിലോ തീരാത്ത ദാമ്ബത്യ വഴക്കിലോ എത്തിനില്‍ക്കുന്നു. അതുകൊണ്ടുതന്നെ പരസ്പരം രോഗവിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ടുള്ള വിവാഹമായിരിക്കും ഉത്തമം.

പരസ്പരം രോഗവിവരമറിയുന്നതുകൊണ്ടു തന്നെ ഭക്ഷണകാര്യത്തിലും മരുന്നു കഴിക്കുന്നതിലും പങ്കാളിയുടെ ശ്രദ്ധ പതിയുന്നു. ഇതു നിങ്ങളെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുകയും ഭാവി തലമുറയെ പ്രമേഹത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കുന്നതിനും ഒരു പരിധിവരെ സഹായിക്കുന്നു. ഇതു രോഗിയുടെ ആത്മവിശ്വാസം കൂട്ടുകയും തന്നെ ശ്രദ്ധിക്കാന്‍ ഒരാളുണ്ടെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. ഈ തോന്നല്‍ പുറത്തു പോയാലും ഭക്ഷണ ചിട്ടകള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാക്കും. സാധാരണ വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല പ്രമേഹ രോഗികളുടെ ജീവിതമെന്നറിയുക. ക്രമമായ ഭക്ഷണവും വ്യായാമവും കൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും ജീവിതം പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.

ഗര്‍ഭിണിയായിരിക്കുന്ന സമയത്തു രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കുന്ന സ്ത്രീകളില്‍ പ്രസവസമയത്തു സങ്കീര്‍ണതകളുണ്ടാകും. ഇത്തരക്കാരില്‍ ശസ്ത്രക്രിയ വേണ്ടിവരുന്നു.ഗര്‍ഭകാലത്തു മാത്രം കണ്ടുവരുന്ന പ്രമേഹം തുടര്‍ന്നുള്ള കാലങ്ങളില്‍ നിലനില്‍ക്കുന്നതല്ല. ഗര്‍ഭകാലത്ത് ഇന്‍സുലിന്‍ കൂടുതലായി വേണ്ടിവരുന്നു. ഇത് ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസ് ഗ്രന്ഥിക്കു കഴിയാതെ വരുമ്പോഴാണു ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടാകുന്നത്.ഇത്തരക്കാര്‍ക്കു വളരെ നാളുകള്‍ക്കു ശേഷം പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്കിടയ്ക്കു പരിശോധന നടത്തുന്നതു നല്ലതാണ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!