കാടിനെയറിഞ്ഞ ഫോട്ടോഗ്രാഫറച്ചന്‍

Published on: 11:06am Thu 12 Oct 2017

ഫയൽചിത്രം

A- A A+

കുര്‍ബാന നടത്തുന്ന  അതേ ആരാധനയോടെ ഫോക്കസ് ചെയ്യാനും ഷട്ടര്‍ സ്പീഡ് തീരുമാനിക്കാനും അദ്ദേഹത്തിനറിയാം

ബൈബിളും ഡി.എസ്.എല്‍.ആര്‍ ക്യാമറയും ഒരു പോലെ  വഴങ്ങും പത്രോസച്ചന്റെ കൈകള്‍ക്ക്.  കുര്‍ബാന നടത്തുന്ന  അതേ ആരാധനയോടെ ഫോക്കസ് ചെയ്യാനും ഷട്ടര്‍ സ്പീഡ് തീരുമാനിക്കാനും അദ്ദേഹത്തിനറിയാം. തൃശൂര്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായ ഫാദര്‍ പത്രോസ് കാടറിയുന്ന മികച്ചൊരു ഫോട്ടോഗ്രാഫറാണ്. വന്യമൃഗങ്ങളെയും പക്ഷികളെയും തന്റെ ക്യാമറയിലൂടെ പകര്‍ത്താന്‍ എത്രത്തോളം കാത്തിരിക്കാനും എത്ര വലിയ സാഹസം നടത്താനും തയാറാണ് ഫാദര്‍ പത്രോസ്.


ഏഴാം വയസ്സില്‍ അമ്മാവന്‍ വാങ്ങികൊടുത്ത ക്യാമറയില്‍ ഫോട്ടോഗ്രാഫിയുടെ ആദ്യ പാഠങ്ങള്‍ പഠിച്ച ഫാദര്‍ പ്രെഫണലായി പഠിച്ചിട്ടില്ലയെങ്കിലും ഫ്രെയിമുകളുടെ കൃത്യത കൊണ്ടും മികവു കൊണ്ടും ചുരുങ്ങിയ കാലയളവില്‍ തന്നെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ തന്റേതായസ്ഥാനം കണ്ടെത്തി.

പണ്ട് 90 രൂപയുടെ ഒരു ഫിലിം റോള്‍ വാങ്ങുവാന്‍ കുടുംബസാഹചര്യം അനുവദിക്കാതിരുന്നപ്പോള്‍ ഓരോ ഫ്രേമും അതി സൂക്ഷ്മമായി ക്ലിക്ക്‌ചെയ്തു പഠിച്ചതാണ് തന്നെ മികച്ച ഫോട്ടോഗ്രാഫറാക്കിയതെന്നാണ് ഇദ്ദേഹം പറയുന്നത്. 

ബന്ദിപ്പൂര്‍ വനത്തില്‍ ഫോട്ടോയെടുക്കാന്‍ പോയപ്പോഴുണ്ടായ സംഭവം ഫോട്ടോഗ്രഫി ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളില്‍ ഒന്നായി ഫാദര്‍ വിവരിക്കുന്നുണ്ട്.  ദൂരെയൊരു കരടിയെ കണ്ടതും ഫോട്ടേയെടുക്കാനായി വണ്ടിയില്‍ നിന്നോടിയ അദ്ദേഹം കരടിയില്‍ നിന്ന് അല്‍പം ദൂരെയായി താഴെക്കിടന്ന് ഫേട്ടോയെടുക്കാന്‍ തുടങ്ങി. അച്ചനെ കണ്ട് അടുത്തേക്ക് വന്ന് കരടി ഫ്രെയിമിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുന്നതായി കണ്ട അദ്ദേഹം പുറകിലേക്ക് നടന്നു വണ്ടിയിലേക്ക് തിരിച്ചുകേറി. ഭയമില്ലാതെ കരടിയുടെ അടുത്തു വരെ പോയ അച്ചനെ കണ്ട്  അമ്പരന്ന് നില്‍ക്കുന്നവരെയാണ് പിന്നെയദ്ദേഹം കണ്ടത്.അനുവാദമില്ലാതെ കാടിനകത്തു കയറിയതിന് ഫാദറിനെ ഫോറസ്‌റ്റോഫീസിലുമെത്തിച്ചു.

സ്‌കൂള്‍ അവധിയായാലുടന്‍ യാത്ര പോകുക എന്നതാണ് ഫാദര്‍ പത്രോസിന്റെ പ്രിയപ്പെട്ട വിനോദം. കേരളത്തില്‍ തേക്കടി,കുമരകം, മലമ്പുഴ,പറമ്പിക്കുളം തുടങ്ങി ഇന്ത്യയുടെ മികച്ച വൈല്‍ഡ് ലൈഫിടങ്ങളായ ബന്ദിപ്പൂര്‍,ഭരത്പൂര്‍ എന്നിങ്ങനെ നീളുന്ന ഫാദറിന്റെ യാത്രകള്‍.

എവിടെയെല്ലാം സഞ്ചരിച്ചാലും ജീവിക്കാനും ആസ്വദിക്കാനും ഏറ്റവും മനേഹരം കേരളം തന്നെയാണെന്ന് ഫാദര്‍ പത്രോസ് സാക്ഷ്യപ്പെടുത്തുന്നു.തന്റെ വിശ്വാസം പോലെ തന്നെ നെഞ്ചോട് ചേര്‍ന്നുകിടക്കുന്ന ക്യാമറയുമായി ഇനിയും സഞ്ചരിക്കുവാനും പുതിയ പുതിയ കാഴ്ചകള്‍ പകര്‍ത്തുവാനുമാണ് ഈ നല്ലിടയന്റെ ആഗ്രഹം. 

കടപ്പാട്: കന്യക മാസിക


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!