അഹിംസാവാദിയ്ക്ക് ഹിംസകള്‍ കൊണ്ട് പ്രണാമം അര്‍പ്പിക്കുന്ന ജന്മരാജ്യം 

Published on: 3:03pm Mon 02 Oct 2017

ഫയൽചിത്രം

A- A A+

ഹിംസ പൂര്‍ണ്ണമായും ഉപേക്ഷിച്ച് അഹിംസയിലൂടെ പോരാടണമെന്ന് പഠിപ്പിച്ച ആ മഹാന്റെ നാട്ടില്‍ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും ഹിംസകളും അരങ്ങേറുന്നത്.

ഹിംസകള്‍ കൊണ്ട് നിറഞ്ഞ ഒരു കാലത്തിലാണ് അഹിംസാവാദിയായ രാഷ്ട്രപിതാവിന്റെ നൂറ്റിനാല്‍പ്പത്തിയെട്ടാം ജന്മദിനമെത്തുന്നത്. അഹിംസയുടെ പാതയില്‍ പോരാട്ടങ്ങള്‍ നടത്തി വിജയം കണ്ട ആ മഹാന്റെ ജന്‍മദിനം വളരെ വിപുലമായി രീതിയില്‍ തന്നെ രാജ്യമെമ്പാടും ആഘോഷിക്കുന്നുണ്ട്. ഗാന്ധിയുടെ ആശയങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് ശിരസ്സു നമിച്ച് നമ്മുടെ പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ ആ മഹാത്മാവിന്റെ ജന്മരാജ്യത്ത് പോലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഹിംസ പൂര്‍ണ്ണമായും ഉപേക്ഷിച്ച് അഹിംസയിലൂടെ പോരാടണമെന്ന് പഠിപ്പിച്ച ആ മഹാന്റെ നാട്ടില്‍ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും ഹിംസകളും അരങ്ങേറുന്നത്. ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്കായി രാജ്യം ഉണരുന്നത് തന്നെ അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ തല്ലിക്കൊന്ന ഒരു ദളിത് യുവാവിന്റെ വാര്‍ത്ത കേട്ടുകൊണ്ടാണ്. അഹിംസ എന്ന ആശയത്തിലൂന്നി ജീവിതം നയിച്ച അങ്ങനെ ജീവിക്കാന്‍ ആഹ്വാനം ചെയ്ത മഹാത്മാവിന്റെ നാട്ടില്‍ തന്നെ മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും നല്‍കാതെ ആളുകളെ മൃഗ്ഗീയമായി കൊലപ്പെടുത്തുന്ന സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യജീവന് വിലയിടുന്ന അത്യന്തം അപകടകരമായ ഒരു അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ദളിത്-ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ക്രൂര അതിക്രമങ്ങള്‍ക്കും ജീവന്‍ വരെയെടുക്കുന്ന ആക്രമണങ്ങള്‍ക്കും ആരെയാണ് സത്യത്തില്‍ പഴിചാരേണ്ടത്. ഗാന്ധിജിയുടെ ആശയങ്ങള്‍ പിന്തുണയ്ക്കുന്ന അത് പിന്തുടരണമെന്ന് പറയുന്ന ഭരണനേതൃത്വം എന്തുകൊണ്ടാണ് ഇത്തരം ആഹ്വാനങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുക്കുന്നത്. ദളിത്-ന്യൂനപക്ഷങ്ങള്‍ സമീപ കാലങ്ങളായി രാജ്യത്ത് പലതരത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിവേചനങ്ങളും അതിക്രമങ്ങളും ഇത്തരം ആഹ്വാനങ്ങളുടെ പരാജയത്തിലേക്ക് തന്നെയല്ലെ വിരല്‍ ചൂണ്ടുന്നത്.

നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് സര്‍ക്കാരും ഭരണകൂടവും ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഈ വാക്കുകള്‍ കൊണ്ട് മാത്രം സാധിക്കുകയില്ലല്ലോ. തീവ്ര ഹിന്ദുത്വവാദവും സവര്‍ണ്ണ ചിന്താഗതികളും കൊണ്ട് കണ്ണും കാതും മൂടപ്പെട്ട അല്ലെങ്കില്‍ അങ്ങനെയാകാന്‍ നിര്‍ബന്ധിതരാകപ്പെട്ട ഒരു വിഭാഗത്തിന് മുന്നില്‍ ഇത്തരം വാക്കുകള്‍ക്ക് എന്ത് പ്രസക്തി. 'മനുഷ്യത്വം സമുദ്രം പോലെയാണ്. സമുദ്രത്തിലെ ഒന്നോ രണ്ടോ തുള്ളികള്‍ മലിനമാകുന്നത് കൊണ്ട് മാത്രം സമുദ്രം മുഴുവനായും മലിനമാകുന്നില്ല അതുപോലെ മനുഷ്യത്വത്തിലുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തരുത്' എന്ന് ഗാന്ധിജിയുടെ വാക്കുകള്‍ സ്മരിച്ചു കൊണ്ട് നല്ലൊരു നാളെ പുലരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ഈ ജന്‍മദിനത്തില്‍ ആ മഹാത്മാവിന് മുന്നില്‍ നമുക്കും ശിരസ്സ് നമിക്കാം.