ഇന്ത്യാ- യു.എസ്. ബന്ധം ഉഭയകക്ഷി ബന്ധത്തിനപ്പുറമാകണം: മോഡി

Published on: 8:24am Tue 14 Nov 2017

A- A A+

ലോകവേദികളില്‍ ഇന്ത്യയെപ്പറ്റി നല്ല വാക്കുകള്‍ പറഞ്ഞതിനു നന്ദി. ഇന്ത്യയെക്കുറിച്ച് അമേരിക്കയ്ക്കും ലോകത്തിനാകെയുമുള്ള പ്രതീക്ഷകള്‍ നിറവേറ്റാന്‍ പ്രയത്‌നിക്കും- മോഡി ഉറപ്പുനല്‍കി

മനില: ഉഭയകക്ഷി ബന്ധത്തിനപ്പുറം, ഏഷ്യയുടെയും ലോകത്തിന്റെയും ഭാവി ഉജ്വലമാക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഇന്ത്യാ-യു.എസ്. ബന്ധം വളരണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ആസിയാന്‍ യോഗത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകവേദികളില്‍ ഇന്ത്യയെപ്പറ്റി നല്ല വാക്കുകള്‍ പറഞ്ഞതിനു നന്ദി. ഇന്ത്യയെക്കുറിച്ച് അമേരിക്കയ്ക്കും ലോകത്തിനാകെയുമുള്ള പ്രതീക്ഷകള്‍ നിറവേറ്റാന്‍ പ്രയത്‌നിക്കും- മോഡി ഉറപ്പുനല്‍കി.ഏഷ്യാ-പസഫിക് മേഖലയില്‍ തന്ത്രപ്രധാനമാകുന്ന കൂട്ടായ്മയ്ക്കായി ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവരുടെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയായിരുന്നു മോഡി-ട്രംപ് കൂടിക്കാഴ്ച.

അടുത്ത സുഹൃത്ത് എന്നാണു മോഡിയെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ വ്യത്യസ്തങ്ങളായ ഒട്ടേറെ വിഭാഗങ്ങളെ ഒരുമിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുക എന്ന ജോലി അതിശയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഇന്ത്യയില്‍നിന്നു നല്ല ഒട്ടേറെ വാര്‍ത്തകളാണു കേള്‍ക്കുന്നത്. അഭിനന്ദനങ്ങള്‍- മോഡിയെ ട്രംപ് പ്രശംസകൊണ്ടു മൂടി.

വിശാലമായ രാജ്യത്തെയും അതിലെ ജനങ്ങളെയും വിജയകരമായ രീതിയില്‍ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ മോഡിക്കു കഴിയുന്നെന്നു കൂടിക്കാഴ്ചയുടെ തലേന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!