അച്ഛനമ്മമാരെ അധിക്ഷേപിക്കുന്ന തലമുറ : ജിമ്മിക്കി കമ്മലിനെതിരെ പ്രഭാ വര്‍മ്മ

Published on: 11:48am Sat 07 Oct 2017

ഫയൽചിത്രം

A- A A+

കാതില്‍ കുത്തുന്ന തരത്തിലുള്ള ഇത്തരം പാട്ടുകള്‍ ഉണ്ടാകുന്നത് യഥാര്‍ത്ഥത്തില്‍ സംഗീത സംവിധായകര്‍ക്ക് വേണ്ടവിധത്തിലുള്ള കെല്‍പ്പും സംഗീത പശ്ചാത്തലവും ഇല്ലാത്തത് കൊണ്ടാണ്.

യഥാര്‍ത്ഥ സംഗീതമറിഞ്ഞ ഒരാള്‍ക്ക് ജിമ്മിക്കി കമ്മല്‍ പോലെ ഒരു പാട്ട് ഉണ്ടാക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രഭാ വര്‍മ്മ. മംഗളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യുവാക്കള്‍ക്കിടയില്‍ വൈറലായി മാറിയ ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിനെതിരെ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍. 

സംഗീതം എന്നു പറയുന്നത് മനസിനെ തൂവല്‍ സ്പര്‍ശം പോലെ തലോടി ഉറക്കുന്ന സാന്ത്വനത്തിന്റെതായ സ്പര്‍ശം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. എന്നാല്‍ അതാണ് ഇപ്പോള്‍ ജിമ്മിക്കി കമ്മലായിരിക്കുന്നത്. പാട്ടുകളുടെ സൗമ്യഭാവത്തില്‍ നിന്ന് വ്യത്യാസമായി അതികഠോര ശബ്ദങ്ങളുടെ ക്രമരഹിതമായ വിന്യാസമാണ് ആ ഗാനത്തിലുള്ളത്. ഇംഗ്ലീഷില്‍ ഇതിനെ കാക്കോഫോണി എന്നു പറയും. കാതില്‍ കുത്തുന്ന തരത്തിലുള്ള ഇത്തരം പാട്ടുകള്‍ ഉണ്ടാകുന്നത് യഥാര്‍ത്ഥത്തില്‍ സംഗീത സംവിധായകര്‍ക്ക് വേണ്ടവിധത്തിലുള്ള കെല്‍പ്പും സംഗീത പശ്ചാത്തലവും ഇല്ലാത്തത് കൊണ്ടാണ്. യഥാര്‍ത്ഥ സംഗീതമറിഞ്ഞ ഒരാള്‍ക്ക് ഈ വിധത്തിലുള്ള സംഗീതം ഉണ്ടാക്കാന്‍ കഴിയില്ല എന്നതാണ് സത്യമെന്നും പ്രഭാ വര്‍മ്മ വ്യക്തമാക്കി.

അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയ കോവിലുണ്ടോ എന്ന പാടിയ അവസ്ഥയില്‍ നിന്ന് മാറിയാണ് അമ്മ ബ്രാണ്ടി കട്ടു കുടിച്ചെന്നും അച്ഛന്‍ ജിമ്മിക്കി കട്ടോണ്ട് പോയെന്നും പറയുന്നത്. സ്വന്തം അച്ഛനമ്മമാരെ അധിക്ഷേപിക്കുന്ന വരികള്‍ ഏറ്റുപാടി നടക്കാന്‍ മടിയില്ലാത്ത ഒരു തലമുറ ഇവിടെ ഉണ്ടായി എന്നു തന്നെ പറയാം. പൊതുവില്‍ കലാരംഗത്ത് ഒരു വിപര്യയമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!