നിങ്ങളെ ദ്രോഹിക്കുന്നവരുടെ പേരില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു: രോഹിന്‍ഗ്യകളോട് മാര്‍പാപ്പ

Published on: 3:05pm Sat 02 Dec 2017

A- A A+

നേരത്തേ, ചരിത്രപ്രസിദ്ധമായ ഷൊറവര്‍ധി ഉദ്യാനില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ക്കു നടുവില്‍ മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചു

ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടിയും ആഗോള സമൂഹത്തിന്റെ നിസ്സംഗതയുടെ പേരിലും രോഹിന്‍ഗ്യ മുസ്ലിംകളോടു മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 'നിങ്ങളില്‍ ഞാന്‍ ദൈവത്തെ കാണുന്നു, നിങ്ങളെ ദ്രോഹിക്കുന്നവരുടെ പേരില്‍, ലോകം നിങ്ങളോടു കാട്ടുന്ന നിസ്സംഗതയുടെ പേരില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു'- ബംഗ്ലദേശിലെ രോഹിന്‍ഗ്യ അഭയാര്‍ഥി സമൂഹത്തോടു മാര്‍പാപ്പ പറഞ്ഞു.  മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ രോഹിന്‍ഗ്യകളുടെ പേരു പറയാതെയാണു മാര്‍പാപ്പ പ്രശ്‌നത്തിലേക്കു ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍, ബംഗ്ലദേശിലെ അഭയാര്‍ഥി പ്രതിസന്ധി നേരില്‍ കണ്ടതോടെ അദ്ദേഹം മനസ്സുതുറന്നു. അഭയാര്‍ഥികള്‍ തമ്പടിച്ചിരിക്കുന്ന ബംഗ്ലദേശ് തീരത്തെ കോക്‌സ് ബസാര്‍ ജില്ലയില്‍നിന്നു നാലു സ്ത്രീകളടക്കം 16 പേരാണ് ആര്‍ച്ച്ബിഷപ് ഹൗസില്‍ മതപ്രതിനിധികളുടെ യോഗത്തിനിടെ മാര്‍പാപ്പയെ കണ്ടത്.ഔദ്യോഗിക കണക്കനുസരിച്ച് 6,20,000 അഭയാര്‍ഥികള്‍ മ്യാന്‍മറില്‍ നിന്നു ബംഗ്ലദേശിലെത്തിയിട്ടുണ്ട്. അഭയാര്‍ഥികളെ തുറന്ന കയ്യോടെ സ്വീകരിക്കുന്ന ബംഗ്ലദേശിനെ കഴിഞ്ഞ ദിവസം മാര്‍പാപ്പ അഭിനന്ദിച്ചിരുന്നു. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ രാജ്യാന്തര ഇടപെടലുണ്ടാകാന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം ഉപകരിക്കുമെന്ന പ്രത്യാശയിലാണു ബംഗ്ലദേശ്. 

നേരത്തേ, ചരിത്രപ്രസിദ്ധമായ ഷൊറവര്‍ധി ഉദ്യാനില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ക്കു നടുവില്‍ മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചു. കുര്‍ബാനമധ്യേ അദ്ദേഹം 16 വൈദികര്‍ക്കു പട്ടം നല്‍കി. കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഓസ്വള്‍ഡ് ഗ്രേഷ്യസ്, പാട്രിക് റൊസാരിയോ (ബംഗ്ലദേശ്) വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ജോര്‍ജ് കോച്ചേരി തുടങ്ങിയവരും സഹകാര്‍മികരായി.  


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!