മഹാബലി ചക്രവര്‍ത്തിയെ പരിഹാസ്യ കഥാപാത്രമാക്കുന്നത് അവസാനിപ്പിക്കണം: പ്രയാര്‍ ഗോപാലകൃഷ്ണന്‍ 

Published on: 6:36pm Sat 26 Aug 2017

A- A A+

പുരാണങ്ങളില്‍ ഒരു സ്ഥലത്തും അസുര ചക്രവര്‍ത്തിയെ കപ്പടാമീശയും കുടവയറും ഓലക്കുടയുമുള്ള വികൃത രൂപമായി ചിത്രീകരിക്കുന്നില്ല. ഇത് പുരാണത്തോടും പരമ്പരാഗത വിശ്വാസങ്ങളോടുമുള്ള അനീതിയാണെന്നും പ്രയാര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു

പത്തനംതിട്ട: ഭാരതീയ പുരാണങ്ങളില്‍ അതീവ തേജസ്വിയായി വര്‍ണ്ണിക്കുന്ന മഹാബലി ചക്രവര്‍ത്തിയെ പരിഹാസ്യ കഥാപാത്രമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പുരാണങ്ങളില്‍ ഒരു സ്ഥലത്തും അസുര ചക്രവര്‍ത്തിയെ കപ്പടാമീശയും കുടവയറും ഓലക്കുടയുമുള്ള വികൃത രൂപമായി ചിത്രീകരിക്കുന്നില്ല. അതെ പോലെ തന്നെ വാമന മൂര്‍ത്തിയെ കഴിയുന്നത്ര വിരൂപനാക്കാനും കേരളീയര്‍ ശ്രമിക്കുന്നുണ്ടെന്നും, ഇത് ഒരേ സമയം പുരാണത്തോടും പരമ്പരാഗത വിശ്വാസങ്ങളോടുമുള്ള അനീതിയാണെന്നും പ്രയാര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാമനപുരാണം 89  മുതല്‍ 92 വരെ അധ്യായങ്ങള്‍ പരിശോധിച്ചാല്‍ ഒരു സ്ഥലത്തും വാമനന്‍ ബലിയെ ചവിട്ടി താഴ്ത്തുന്നതായി പറയുന്നില്ല. മലയാളികള്‍ ഈ കഥ തെറ്റായി വ്യാഖ്യാനിച്ചതിന്റെ ഫലമായാണ് മഹാബലി ചക്രവര്‍ത്തിയെ ഹാസ്യ കഥാപാത്രമായും വാമനനെ വിരൂപനായും ചിത്രീകരിക്കാന്‍ കാരണമായതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!