ഋതുമതികളും ടാക്‌സും

Published on: 10:02pm Mon 10 Jul 2017

A- A A+

സ്ത്രീക്ക് അവളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ചുവന്ന ദിനങ്ങളില്‍ ആവള്‍ ആശ്രയിക്കുന്ന സാനിറ്ററി നാപ്കിനെ എങ്ങനെയാണ് ആഢംബരമായി കാണാനാവുക

ആര്‍ത്തവം എന്നത് പെണ്ണിന് മാത്രം അവകാശപ്പെട്ട ഒന്നാണ്. ആദികാലം മുതല്‍ക്കേ പെണ്ണിന് ആര്‍ത്തവം എന്ന പ്രക്രിയ ഉണ്ടായിരുന്നുതാനും. എന്നാല്‍ അന്ന് പാളയും, വാഴപ്പോളയും ആദിവസങ്ങളില്‍ ഉപയോഗിച്ചിരുന്ന നമ്മുടെ മുതുമുത്തശ്ശിമാരില്‍ നിന്നും കാലം വീണ്ടും ഒരുപാട് മാറി.  മുത്തശ്ശിമാരുടേയും നമ്മുടെ അമ്മമാരുടെ കൗമാരങ്ങളിലും ഉപയോഗിച്ചുപോന്ന ആര്‍ത്തവ തുണികളും(തീണ്ടാരിതുണി) ഇന്ന് പഴങ്കഥ മാത്രം. പുതു തലമുറയ്ക്ക് ചുവന്ന 7 ദിനങ്ങളും വേദനക്കൊപ്പം കൂട്ടിനായ് എത്തുന്നത് പാഡ് എന്ന ഇന്നത്തെ പെണ്ണിന്റെ ആത്മമിത്രമായ സാനിട്ടറി നാപ്കിനുകളാണ്. പല രൂപത്തിലും വലിപ്പത്തിലും നിറത്തിലും മണത്തിലും അവ വിപണിയില്‍ സുലഭവുമാണ്. ആര്‍ത്തവം എന്തെന്നറിയുന്ന പെണ്‍കുട്ടികള്‍ മുതല്‍ (13/14 വയസിലായിരുന്നു ആദ്യമായി ആ ദിനങ്ങള്‍ എത്തിയിരുന്നു എങ്കില്‍ ഇന്ന് 8/10 വയസാകുമ്പോഴേക്കും പെണ്‍കുട്ടികള്‍ ഋതുമതികള്‍ ആകുന്നു) 50/ 54 വയസില്‍ ആര്‍ത്തവവിരാമം വരെ ഉപയോഗിക്കുന്ന സ്ത്രീകളുടെ അവശ്യസാധനമായി മാറിയ പാഡുകള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജി.എസ്.ടിയില്‍ ആഡംബര നികുതി ഇനത്തില്‍ 12% ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഒരു സ്ത്രീക്ക് തന്റെ ആര്‍ത്തവകാലഘട്ടത്തില്‍ (ഗര്‍ഭകാലത്തൊഴികെ) എല്ലാ മാസവും 7 ദിനം കണക്കാക്കിയാല്‍ ഒരു ദിനം 3 പാഡ് എന്ന കണക്കില്‍ 21 പാഡുകള്‍ ഒരു മാസത്തേയ്ക്ക് വേണ്ടിവരും. അങ്ങനെ നോക്കിയാല്‍ 12 മാസത്തേയ്ക്ക് അവള്‍ക്ക് വേണ്ടത് 252 പാഡുകള്‍. ആദ്യ ആര്‍ത്തവം മുതല്‍ ആര്‍ത്തവവിരാമം വരെ ഒരു സ്ത്രീയുടെ ആയുസില്‍ 40 വര്‍ഷങ്ങളോളം 10080 പാഡുകളാണ് വേണ്ടി വരിക. ഇതിനായി 4.5 ലക്ഷം മുതല്‍ 13ലക്ഷം രൂപവരെ ഒരു സ്ത്രീക്ക് ചെലവിടേണ്ടതായും വരും.

സ്ത്രീക്ക് അവളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ചുവന്ന ദിനങ്ങളില്‍ ആവള്‍ ആശ്രയിക്കുന്ന സാനിറ്ററി നാപ്കിനെ എങ്ങനെയാണ് ആഢംബരമായി കാണാനാവുക? ക്വോണ്ടം അവശ്യവസ്തുവായി കണ്ട് അതിനെ നികുതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ അതേ പ്രാധാന്യമുള്ള പാഡിനെ എങ്ങനെ ആഢംബര നികുതി ചുമത്തി വില വര്‍ദ്ധിപ്പിക്കാനാകും? സ്ത്രീ എന്ന സ്വത്വബോധത്തിന്റെ അടയാളപ്പെടുത്തലിനെ എങ്ങനെ ആഢംബരമായി കണക്കാക്കാനാകും, അതെങ്ങനെ അധികതുകയുടെ പരിധിയില്‍ വരും?  ജി.എസ്.ടിയില്‍ മാത്രമല്ല ഈ വിവേചനം, മാറി മാറി വരുന്ന സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിക്കുമ്പോഴും അതില്‍ ഓരോ തവണയും സാനിറ്ററി നാപ്കിന്റെ വില കൂടിക്കൊണ്ടേ ഇരിക്കുന്നു. പ്രതികരിക്കാന്‍ ഒരു സ്ത്രീയും എത്തില്ല എന്ന് ഭരണാധികാരികള്‍ക്ക് നന്നായി അറിയാവുന്നതിനാല്‍ അവര്‍ അതിനെ ഒരു ആഡംബരമായി കാണുന്നു. ഞാനുള്‍പ്പെടെയുള്ള സ്ത്രീ സമൂഹം 'വിലകൂടി'   എന്ന് സ്വയം പരിതപിച്ച് മാസംതോറും എത്തുന്ന ആ ചുവന്ന ദിനങ്ങള്‍ക്കായി സാനിറ്ററി നാപ്കിന്‍ വാങ്ങുകയും ചെയ്യുന്നു.

പണ്ട് മുലക്കച്ചയ്ക്ക് നികുതി ഈടാക്കിയിരുന്ന സമ്പ്രദായം പോലെ ഇന്ന് പാഡുകള്‍ക്ക് നികുതി ഈടാക്കുകയാണ്. ആര്‍ത്തവ തുണികളിലേയ്ക്ക് ഇനി സ്ത്രീക്ക് തിരിച്ചുപോകാനാകില്ല. അന്നത്തെ സ്ത്രീക്ക് ആദിനങ്ങളില്‍ വീടുകളില്‍പോലും ജോലിചെയ്യേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്നത്തെ സ്ത്രീ ആര്‍ത്തവ ദിനങ്ങളിലും അവളുടെ ജോലിസ്ഥലത്താണ്. 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ ജോലിചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ട്.  കുഞ്ഞനുജത്തിമാരും ചേച്ചിമാരും അമ്മമാരുമായ ഈ രാജ്യത്തെ സ്ത്രീ സമൂഹത്തിന് എങ്ങനെയാണ് പാഡ് ഉപേക്ഷിക്കാനാകുക.

സ്ത്രീയെ ബഹുമാനിക്കുന്ന, പെണ്‍ഭ്രൂണ ഹത്യകള്‍ നിരോധിച്ച, പെണ്‍കുട്ടികളെ സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ ഇതിനെതിരെ ഇതുവരെ പ്രതികരിച്ച് കണ്ടില്ല. എവിടെയും സ്ത്രീയുടെ മൗനമാണ് ചൂഷണങ്ങള്‍ക്ക് വേഗത നല്‍കുന്നത്. പണമുള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെ ആവശ്യമായ സാനിട്ടറി നാപ്കിനുമേല്‍ 12% നികുതി ചുമത്തുക എന്നത് തികച്ചും പ്രതിഷേധാര്‍ഹം തന്നെയാണ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!