വര്‍ഗ്ഗീയതയില്‍ തകരുന്ന ഇന്ത്യയുടെ പൈതൃകം

Published on: 3:53pm Tue 10 Oct 2017

ഫയൽചിത്രം

A- A A+

ഉത്തര്‍പ്രദേശ് ടൂറിസ്സത്തിന്റെ അനന്ത സാധ്യതകള്‍ എന്ന പേരില്‍ പുറത്തിറക്കിയ വര്‍ണ്ണശബളമായ ഒരു ബുക്ക്‌ലെറ്റില്‍ ലോകമഹാത്ഭുദങ്ങളില്‍ തന്നെ ഒന്നായ ഇന്ത്യയുടെ അഭിമാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന താജ്മഹലിനെപ്പറ്റി ഒരു സൂചന പോലും നല്‍കിയിട്ടില്ല

 

വര്‍ഗ്ഗീയ ശക്തികള്‍ പലതരത്തില്‍ രാജ്യത്തെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. വിവിധ മേഖലകളില്‍ വിവിധ വകുപ്പുകളില്‍ ദേശീയതയ്ക്കപ്പുറം വര്‍ഗ്ഗീയത എന്ന വിഷം പടരുകയാണ്. എന്നാല്‍ ഈ തീവ്രവര്‍ഗ്ഗീയത മനോഭാവം ഇന്ത്യയുടെ പൈതൃകത്തെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലാണ്. വര്‍ഗ്ഗീയവാദികളുടെ വെറുപ്പ് അവസാനം എത്തി നില്‍ക്കുന്നത് ഇന്ത്യയുടെ തന്നെ അഭിമാനമായ താജ്മഹലിലാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ ഭാര്യയ്ക്കായി തീര്‍ത്ഥ സൗധം അനശ്വര പ്രണയത്തിന്റെ പ്രതീകമായി ലോകമെമ്പാടും അറിയപ്പെട്ട താജ്മഹല്‍  ബി.ജെ.പി സര്‍ക്കാരിനും ഹിന്ദുദേശീയവാദികള്‍ക്കും അവര്‍ വിദേശികളായി കരുതുന്ന മുസ്ലീംങ്ങളുടെ അധിനിവേശത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.  രാജ്യത്ത് വിദേശി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കിയത് മുഗള്‍ വാസ്തുവിദ്യയുടെ എല്ലാ പ്രൗഡിയിലും നിര്‍മ്മിച്ച താജ്മഹലായിരുന്നു. എന്നിട്ടു കൂടി ഇന്ത്യയുടെ ടൂറിസ്സം സമ്പദ് വ്യവസ്ഥയില്‍ കുതിച്ചു ചാട്ടമുണ്ടാക്കിയ താജ്മഹല്‍ ഇന്ന് അവഗണനയുടെ വക്കിലെത്താന്‍ കാരണം ഇതേ ചിന്താഗതി തന്നെയാണ്. 

ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറിയ ശേഷം താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 35% കുറവ് വന്നതായി ടൂറിസ്സം മന്ത്രാലയം തന്നെ സമ്മതിക്കുന്നുണ്ട് എന്നാല്‍ ഇതിനുള്ള കാരണം എന്താണെന്ന് വ്യക്തമായി അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സുരക്ഷാ കാരണങ്ങളുമാകാം വിദേശികളെ ഇവിടേക്ക് വരുന്നതില്‍ നിന്ന് തടയുന്നതെന്ന് പൊതുവെ അഭിപ്രായമുയരുന്നുണ്ടെങ്കിലും താജ്മഹലിനെ വേണ്ട രീതിയില്‍ പ്രചരിപ്പിക്കാന്‍ യു.പി സര്‍ക്കാര്‍ കാണിക്കുന്ന മനപ്പൂര്‍വ്വമായ അനാസ്ഥയാണ് ഇതിന് പിന്നിലെന്നതാണ് വാസ്തവം. 

ഉത്തര്‍പ്രദേശില്‍ തീവ്ര ഹിന്ദുത്വവാദിയും മതപുരോഹിതനുമായ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷമാണ് താജ്മഹലിനോടുള്ള അവഗണന വാര്‍ത്തകളില്‍ നിറയുന്നത്. രണ്ട് ദിവസം മുന്‍പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ യു.പി ടൂറിസ്സം ഗൈഡില്‍ താജ്മഹലിനെക്കുറിച്ച് പരാമര്‍ശം പോലുമില്ലെന്ന് വ്യക്തമാകുമ്പോഴാണ് ഈ അവഗണനയുടെ തീവ്രത എത്രമാത്രമാണെന്ന് മനസ്സിലാകുന്നത്. ഉത്തര്‍പ്രദേശ് ടൂറിസ്സത്തിന്റെ അനന്ത സാധ്യതകള്‍ എന്ന പേരില്‍ പുറത്തിറക്കിയ വര്‍ണ്ണശബളമായ ഒരു ബുക്ക്‌ലെറ്റില്‍ ലോകമഹാത്ഭുദങ്ങളില്‍ തന്നെ ഒന്നായ ഇന്ത്യയുടെ അഭിമാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന താജ്മഹലിനെപ്പറ്റി ഒരു സൂചന പോലും നല്‍കിയിട്ടില്ല. എന്നാല്‍ യോഗി പുരോഹിതനായിരുന്ന ഗോരഘ്‌നാഥ് ക്ഷേത്രത്തെക്കുറിച്ച് ഒരു ഫുള്‍പേജ് വിവരണം ടൂറിസം ഗൈഡില്‍ ഉള്‍പ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ഇത് കൂടാതെ സംസ്ഥാനത്ത് ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. താജ്മഹല്‍ ഒരു മതത്തെയും പ്രതിനിധീകരിക്കാത്തതാണ് ടൂറിസ്സം പട്ടികയില്‍ നിന്ന് അതിനെ ഒഴിവാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്. 

നേരത്തെ താജ്മഹല്‍ ഇന്ത്യയുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകകള്‍ സമ്മാനമായി നല്‍കരുതെന്നും അറിയിച്ച യോഗി ആദിത്യനാഥ് ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നത് രാമായണവും ഭഗവദ് ഗീതയുമാണെന്നും വ്യക്തമാക്കിയിരുന്നു. ലോകപൈത്യക പട്ടികയില്‍ തന്നെ ഇടംനേടിയ 'കാലത്തിന്റെ കവിള്‍ത്തടത്തില്‍ വീണ കണ്ണുനീര്‍ തുള്ളി' എന്ന് മഹാകവി ടാഗോര്‍ വിശേഷിപ്പിച്ച ലോകത്തിന് ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത വാസ്തുവിദ്യയുടെ മാസ്മരികതയുമായി തലഉയര്‍ത്തി നില്‍ക്കുന്ന താജ്മഹല്‍ എന്തുകൊണ്ടാണ് യോഗി സര്‍ക്കാരിന്റെ പരിഗണന പട്ടികയില്‍ ഇടം നേടാതെ പോയത്. മുഗള്‍ സ്മാരകം, മുസ്ലീം അധിനിവേശത്തിന്റെ പ്രതീകം, 1200 വര്‍ഷം നീണ്ട മുസ്ലീം ഭരണത്തോടും അവരുടെ പിടിച്ചടക്കലിനോടുമുള്ള വൈരാഗ്യം ഇതെല്ലാമാകാം ഹൈന്ദവ ദേശീയവാദികള്‍ക്ക് താജ്മഹലിനോട് വെറുപ്പുണ്ടാകാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. 

ഇന്ത്യയുടെ ഇസ്ലാമിക പൈതൃകത്തെ ഇല്ലായ്മ ചെയ്യാനാണ് യോഗി ആദിത്യനാഥും ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുന്നതെന്നാണ് പ്രശസ്ത ചരിത്രകാരന്‍ ഡി.എന്‍ ഝാ പറയുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ മുഗള്‍ സംസ്‌കാരത്തിന് അതിന്റെതായ പ്രാധാന്യമുണ്ട്. എന്നാല്‍ തീവ്ര ഹൈന്ദവ ആശയത്തോട് ഇഴുകി ചേര്‍ന്ന പോയ ചിലര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. തീവ്രപ്രത്യയ ശാസ്ത്ര ചിന്താഗതിയുടെ ഉത്തമ ഉദാഹരണം കൂടിയാണ് താജ്മഹലിനോടുള്ള അനാദരവ്. ഹൈന്ദവ സംസ്‌കാരവും ചരിത്രവും മാത്രം പ്രചരിപ്പിക്കണമെന്നാഗ്രഹിക്കുന്ന ചിലര്‍ മുഗള്‍ സംസ്‌കാരം കൂടി ഉള്‍പ്പെട്ട ഇന്ത്യയുടെ ചരിത്രത്തോടുള്ള വിദ്വേഷമാണ് ഇത്തരത്തില്‍ തുറന്നു പ്രകടമാക്കുന്നതെന്നും വിമര്‍ശനങ്ങളുണ്ട്. 

ഒരു കാലത്ത് ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി തലഉയര്‍ത്തി നിന്ന ലോകമഹാത്ഭുദങ്ങളുടെ പട്ടികയില്‍ ഇടം നേടിയ താജ്മഹലിനെ വര്‍ഗ്ഗീയചിന്തകളുടെ പേരില്‍ മാത്രം ലോകത്തിന് മുന്നില്‍ നിന്ന് മറച്ചു നിര്‍ത്തുന്നത് അല്ലെങ്കില്‍ അതിന് ശ്രമിക്കുന്നത് തികച്ചും സങ്കടകരമായ അവസ്ഥ തന്നെയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാതി-മത-ഭാഷ-സംസ്‌കാര വൈവിധ്യങ്ങള്‍ ഇടകലര്‍ന്ന ഇന്ത്യയില്‍ വര്‍ഗ്ഗീയ ശക്തികള്‍ പിടിമുറുക്കുന്നത് ആപത്കരം തന്നെയാണ്. വര്‍ഗ്ഗീയ ശക്തികള്‍ കൂടുതല്‍ മേഖലകളിലേക്ക് തങ്ങളുടെ വേരുകള്‍ ആഴ്ന്നിറക്കുന്നതിന് മുന്‍പ് തന്നെ ഇതിനെതിരെ ഒരു പ്രതിരോധം രൂപപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തെയും ചരിത്രത്തെയും അതിന്റെ പൂര്‍ണ്ണരൂപത്തില്‍ വരുംതലമുറകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കണമെങ്കില്‍ ഇത്തരത്തിലെ പ്രതിരോധം കൂടിയെ തീരു. അത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.