യു.ഡി.എഫിൻ്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത് 

Published on: 2:27pm Sat 12 Aug 2017

A- A A+

കേരളത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണെന്ന് വ്യക്തമാക്കി പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചതും യു.ഡി.എഫ് സര്‍ക്കാരാണ്

തിരുവനന്തപുരം:  അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയിലെ യു.ഡി.എഫിന്റെ  ഇരട്ടത്താപ്പ് പുറത്ത്. യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ച പ്രകാരമാണ് അതിരപ്പള്ളിയില്‍ കെ.എസ്.ഇ.ബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കേരളത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണെന്ന് വ്യക്തമാക്കി  പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചതും യു.ഡി.എഫ് സര്‍ക്കാരാണ്. എന്നാല്‍  ഇതു മറച്ചുവെച്ചാണ് യു.ഡി.എഫ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത്. 2015 മാര്‍ച്ചില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ മിനിറ്റ്‌സ് മംഗളം ടെലിവിഷന്‍ പുറത്തുവിടുന്നു....

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ്  അതിരപ്പിള്ളി പദ്ധതിയുടെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  തുടങ്ങാന്‍ തീരുമാനിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2015 മാര്‍ച്ച് 19 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് രേഖകളില്‍ പറയുന്നു. അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെക്കൂടാതെ  വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതില്‍ പങ്കെടുത്തുവെന്നതാണ്  ഇതില്‍ പ്രധാനം. കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.  ജലവൈദ്യുത പദ്ധതികളെക്കുറിച്ചാണ്  ഈ യോഗത്തില്‍ ചര്‍ച്ചചെയ്തത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം അതിരപ്പിള്ളി പദ്ധതി കേരളത്തിന് വളരേയേറെ പ്രയോജനം ചെയ്യുന്നതാണെന്ന വിലയിരുത്തലിലാണ് യോഗം എത്തിച്ചേര്‍ന്നത്. സംസ്ഥാനത്തെ വളര്‍ന്നുവരുന്ന പദ്ധതി ആവശ്യകതയ്ക്ക് ഇത് പ്രയോജനപ്പെടുമെടുമെന്നും വിലയിരുത്തലുണ്ടായി. അതിനാല്‍ തന്നെ പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കാന്‍  തീരുമാനിച്ചതായി യോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു. 

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ഈ യോഗത്തില്‍ തീരുമാനിച്ചതായും മിനിറ്റ്‌സില്‍ പറയുന്നു. 11.30 നു ചേര്‍ന്ന യോഗം12.15 ന് അവസാനിച്ചു. ഇതിന്റെ തുടര്‍ച്ചയായി 2015 ഏപ്രില്‍ നാലിന്  ഈ തീരുമാനങ്ങളുടെ തുടര്‍നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡിന്റെ ഉല്പാദന വിഭാഗം  ഡയറക്ടര്‍ക്ക് ഊര്‍ജ്ജ വകുപ്പിലെ  അണ്ടര്‍ സെക്രട്ടറി എം.താജുദ്ദീനാണ് വൈദ്യുതി ബോര്‍ഡിന്  കത്തു നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അതിരപ്പിള്ളിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലേയ്ക്ക്‌ന ബോര്‍ഡ് കടന്നത്. എന്നാല്‍ ഇതെല്ലാം വിസ്മരിച്ചാണ് പദ്ധതി നടപ്പാക്കാന്‍  അനുവദിക്കില്ലെന്ന് യു.ഡി.എഫ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!