ആണവായുധ പരീക്ഷണം ഒരുകാലത്തും നിര്‍ത്തില്ല; ഉത്തര കൊറിയ

Published on: 11:39am Thu 12 Oct 2017

A- A A+

ചര്‍ച്ചയ്ക്കു തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതല്‍ തീരുമാനങ്ങളിലേക്കെത്താന്‍ സാധിക്കൂയെന്നും ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ പറഞ്ഞു

മോസ്‌കോ: എത്ര വലിയ നിബന്ധനകള്‍ കൊണ്ടുവന്നാലും ആണവായുധ പരീക്ഷണം ഒരുകാലത്തും നിര്‍ത്തില്ലെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി. യുദ്ധകാഹളം ആദ്യം മുഴക്കിയത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്. കലഹപ്രിയനും ബുദ്ധിഭ്രമവുള്ള ട്രംപ് യുഎന്നില്‍ നടത്തിയ പ്രസ്താവനകളാണു യുദ്ധത്തിലേക്ക് അടുപ്പിക്കുന്നത്. ചര്‍ച്ചയ്ക്കു തങ്ങള്‍ തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതല്‍ തീരുമാനങ്ങളിലേക്കെത്താന്‍ സാധിക്കൂയെന്നും മന്ത്രി റി യോങ് ഹോ പറഞ്ഞു.

ഉത്തര കൊറിയയിലെ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ആണവായുധങ്ങള്‍ അത്യാവശ്യമാണ്. കൊറിയന്‍ രാജ്യത്തിന്റെ നിലനില്‍പ്പും വികസനവും ഇതിനെ ബന്ധപ്പെട്ടാണു കിടക്കുന്നതെന്നും റി പറഞ്ഞു. ഉത്തര കൊറിയയ്ക്കുമേല്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയത് അമേരിക്കയുടെ വിരോധത്തിന്റെ ഫലമാണ്. യുഎസിനൊപ്പം എത്തിച്ചേരുകയെന്ന ലക്ഷ്യത്തിലേക്ക് ഉത്തര കൊറിയ അടുത്തുകൊണ്ടിരിക്കുകയാണെന്നും റി വ്യക്തമാക്കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോടായിരുന്നു റിയുടെ പ്രതികരണം.

ലോകം ദുഷ്ടശക്തികളില്‍നിന്നു വലിയ ഭീഷണിയാണു നേരിടുന്നതെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുക്കണമെന്നുമാണു യുഎന്നിലെ പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടത്. ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളാണു ലോകത്തിനു ഭീഷണി സൃഷ്ടിക്കുന്നത്. ആണവായുധങ്ങളുള്ള രാജ്യങ്ങളും ഭീകരരുമാണ് ലോകം നേരിടുന്ന വെല്ലുവിളി. ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ 'റോക്കറ്റ് മാന്‍' (കിം ജോങ് ഉന്‍) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!