ബല്‍റാമിനെതിരായ അക്രമവും,അധിക്ഷേപവും ശരിയല്ലെന്ന് എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍

Published on: 9:38pm Fri 12 Jan 2018

A- A A+

എകെജി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ ബല്‍റാമിന്റെ ഓഫീസിലേയ്ക്കുള്ള മാര്‍ച്ച്‌ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു

മലപ്പുറം: വി.ടി. ബല്‍റാമിനെതിരായ അക്രമവും, അധിക്ഷേപവും ശരിയല്ലെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു. അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നത് ശരിയല്ലെന്നും സാനു വ്യക്തമാക്കി. എകെജി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ ബല്‍റാമിന്റെ ഓഫിസിലേയ്ക്കുള്ള മാര്‍ച്ച്‌ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. ബല്‍റാമിന്റെ ഓഫീസിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തിരുന്നു.

ഇതിനു പിന്നാലെയാണ് അക്രമ പ്രതിഷേധത്തിനെ എതിര്‍ത്ത് സാനു രംഗത്തെത്തിയത്. ബല്‍റാം ചെയ്തതിന് അതേരീതിയില്‍ മറുപടി കൊടുക്കുന്നതിനോട് യോജിപ്പില്ലെന്നും, സമൂഹമാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധ പിടിച്ചു പറ്റാനാണ് ബല്‍റാം ശ്രമിക്കുന്നതെന്നും സാനു പറഞ്ഞു. ആര്‍ക്കും ഏതു കാര്യത്തിലും അഭിപ്രായ പ്രകടനം നടത്താം. പക്ഷെ ആരും ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സാനു വ്യക്തമാക്കി.

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!