ബീഫില്‍ തിളക്കുന്ന രാഷ്ട്രീയം 

Published on: 8:21pm Tue 06 Jun 2017

ഫയല്‍ ചിത്രം

A- A A+

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനാണ് നിയമം നടപ്പിലാക്കുന്നതെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ തമിഴ് നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ പാടില്ലായിരുന്നു. കേരളത്തിലെ ഉത്സവ പറമ്പുകളില്‍ ആഘോഷപ്പെരുമയ്ക്കായി കെട്ടിഎഴുന്നള്ളിക്കുന്ന ആനകളേയും ഇവരാരും കണ്ടില്ല

ആദിമകാലം മുതല്‍ക്കേ മനുഷ്യര്‍ മൃഗങ്ങളെ വേട്ടയാടിയിരുന്നു. ആത് ആഹാരത്തിന് വേണ്ടി. പ്രകൃതിയിലെ സൃഷ്ടികളെ മനുഷ്യന്‍ അവന്റെ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നു ഇപ്പോഴും വിനിയോഗിക്കുന്നു. മനുഷ്യന് സ്വന്തം നിലനില്‍പ്പ് എന്നിടത്ത് നിന്നും സമൂഹം എന്ന തിരിച്ചറിവ് ഉണ്ടായിടത്താണ് നിയമ വ്യവസ്ഥ രൂപം കൊണ്ടത്. അവിടെ നിന്നും ജനാധിപത്യവും ഭരണഘടനയും ഉദയം ചെയ്തു. നിയമം ചില നിയന്ത്രണങ്ങളും മൗലിക അവകാശങ്ങളും കടമകളും നമുക്ക് പകുത്ത് നല്‍കിയിട്ടുമുണ്ട്. നാം എന്ത് കഴിക്കണം, എന്ത് ധരിക്കണം, എവിടെ കിടന്ന് ഉറങ്ങണം, ഉണരണം എന്നിവയെല്ലാം നമ്മുടെ മൗലിക അവകാശങ്ങളില്‍പ്പെടും. അതിനെ നിയമത്തിന്റെ പഴുത് ഉപയോഗിച്ചു തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് നമ്മുടെ ഭരണകൂടം. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ നേര്‍പ്പിച്ച് നേര്‍പ്പിച്ച് ഭരണകൂടം അറിഞ്ഞോ അറിയതയോ ജനതയുടെ നാഡീഞരമ്പുകളിലേക്ക് കുത്തിയിറക്കുന്നു. 

കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാടുകളെ കാശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഗോഹത്യ തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത പ്രത്യയശാസ്ത്രം നടപ്പിലാക്കാനുള്ള വളഞ്ഞ വഴിയാണെന്ന് വ്യക്തം. കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കുന്ന നാല്‍ക്കാലികളെ വില്‍ക്കരുതെന്നാണ് നിലവിലെ വിജ്ഞാപനം. ബീഫ് കഴിക്കുന്നതിന് നിയന്ത്രണമില്ലെന്ന് ലഘുവായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ ചുരുക്കുന്നു. പക്ഷേ ഇത് ഭാവിയില്‍ സര്‍ക്കാര്‍ എങ്ങനെയൊക്കെ ഉപയോഗിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. അടുപ്പിലെ പാത്രത്തില്‍ പോലും കൈയിട്ട ഫാസിസംതന്നെ അതിന് ഉത്തമ ഉദാഹരണമാണ്. ഡല്‍ഹിലെ കേരളാ ഹൗസില്‍ പോലും ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് പരിശോധന നടത്തി. ഒടുവില്‍ ഒന്നും കിട്ടാതെ മടങ്ങി. 

ഉത്തര്‍പ്രദേശില്‍  ഗോമാംസം നിരോധിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജനങ്ങളുടെ പാത്രത്തില്‍ കൈയിടരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുണനിലവാരമുള്ള ബീഫ് വാഗ്ദാനം ചെയ്ത് ബീഫിനെ കുത്തകവല്‍ക്കരിക്കുമ്പോള്‍ നഷ്ട്ടപ്പെട്ട് പോകുന്നത് ഒരു കൂട്ടം ജനങ്ങളുടെ ഉപജീവന മാര്‍ഗംകൂടിയാണെന്ന് മറന്ന് പോകരുത്. പിന്തുണയുടെ പിന്‍ബലമുപയോഗിച്ച് സ്വന്തം വികാരങ്ങളെ മറ്റുള്ളവരിലേയ്ക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കന്നത് ജനാധിപത്യത്തിന്റെ പരാജയമാണ്. ഉപജീവനത്തിന് വേണ്ടികാലിയെ കൊല്ലുന്നവന്‍  കൊലപാതകിയും അജഡ നടപ്പാക്കാന്‍ നാട്ടുകാരെ തല്ലികൊല്ലുന്നവര്‍  വിപ്ലവകാരികളുമാകുന്നതിന്റെ നൈതികത ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. 

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനാണ് നിയമം നടപ്പിലാക്കുന്നതെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ തമിഴ് നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ പാടില്ലായിരുന്നു. കേരളത്തിലെ ഉത്സവ പറമ്പുകളില്‍ ആഘോഷപ്പെരുമയ്ക്കായി കെട്ടിഎഴുന്നള്ളിക്കുന്ന ആനകളേയും ഇവരാരും കണ്ടില്ല. പശുവിനെ ദേശീയ മൃഗമാക്കണമെന്നുള്ള രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ് ശര്‍മ്മയുടെ അഭിപ്രയം വ്യക്തിപരമാവുമെന്ന് കരുതി സമാധാനിക്കാം. ബീഫ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി ആഘോഷിച്ച പ്രതികരണ ശേഷിയിലെ രാഷ്ട്രീയം കൂടി ഓര്‍മ്മപ്പെടുത്തുന്നു. 

ഇതുവരെ ഇല്ലാത്ത എന്തു വിശുദ്ധിയാണ് ഇപ്പോള്‍ പശുവിന്  ഉണ്ടായത്. കാളപ്പെറ്റെന്നു കേട്ടയുടന്‍ നാം കയറെടുത്തുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. കാശാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് ബീഫ് നിരോധനമാവില്ല. സുപ്രീം കോടതി വിധിയാണ് കേന്ദ്രം നടപ്പാക്കിയത്. ഇത് അടിച്ചേല്‍പ്പിക്കലല്ല. പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടൂ അനിമല്‍സ് എന്ന നിയമം തന്നെ ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്നുണ്ട്. 130 കോടി ജനങ്ങളുള്ളിടത്താണ് രാഷ്ട്രീയ അജന്‍ഡ നട്ടു നനക്കാന്‍ നിയമത്തിന്റെ പഴുത് ഭരണകൂടം ഉപയോഗിച്ചത്. ഇതില്‍ പാര്‍ട്ടിക്ക് അകത്തുനിന്നു തന്നെ ഒറ്റപ്പെട്ട സ്വരങ്ങള്‍ ഉണ്ടാകുന്നുണ്ട്. പലയിടങ്ങളിലും ബി.ജെ.പി നേതൃത്വം തന്നെ പരസ്യമായി ഗുണനിലവാരമുള്ള ബീഫ് വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഇതോടെയാണ് വിജ്ഞാപനത്തില്‍ അനിവാര്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഇന്നലെ വ്യക്തമാക്കിയത്. ഇത് ആശാവഹമാണ്. കാരണം സംതൃപ്തമായ ഒരു സമൂഹത്തിന് മാത്രമേ അഭിമാനകരമായ പുരോഗതി കൈവരിക്കാനാകു.