75 ലും തലയുയര്‍ത്തി  ബിഗ് ബി 

Published on: 5:44pm Wed 11 Oct 2017

A- A A+

പ്രവര്‍ത്തനമേഖലകളിലെല്ലാം മികച്ച നേട്ടം കൈവരിക്കുകയെന്നത് ബച്ചന്റെ സവിശേഷതയാണ്. ഈ സവിശേഷതതന്നെയാണ് ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി അദ്ദേഹത്തെ വാഴ്ത്തുന്നത്

ഇന്ത്യന്‍ സിനിമാ  ഇതിഹാസം, ആരാധകരുടെ സ്വന്തം ബിഗ് ബിക്ക് ഇന്ന് 75-ാം പിറന്നാള്‍. മെലിഞ്ഞ് ഉയരമുള്ള സ്വന്തം രൂപം ഇന്ത്യന്‍ സിനിമയിലെ നായക സങ്കല്‍പ്പത്തിന് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന കാലഘട്ടത്തില്‍  തന്റെ  കഴിവും  പ്രയത്നവും ഇഴ ചേര്‍ത്ത് സിനിമ മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കിയ അതുല്യ പ്രതിഭ.

പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ റായ് ബച്ചന്റെയും തേജി ബച്ചന്റെയും പുത്രനായി 1942 ഒക്ടോബര്‍ 11 ന് ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് അമിതാഭ് ബച്ചന്റെ ജനനം. നൈനിറ്റാള്‍ ഷെയര്‍ വുഡ് കോളേജിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കൈറോറിമാല്‍ കോളേജിലുമായി വിദ്യാഭാസം. ശേഷം കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി. അപ്പോഴേക്കും സിനിമ ഭ്രമം തലയ്ക്കുപിടിച്ച് ജോലി ഉപേക്ഷിച്ച് വെള്ളിത്തിരയിലേക്ക്. 1968 ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ തൊട്ടടുത്ത വര്‍ഷം കെ.എ അബ്ബാസ് സംവിധാനം ചെയ്ത  'സാത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ചു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച പുതുമുഖ താരത്തിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 

1971 ല്‍ സുനില്‍ ദത്ത് സംവിധാനം ചെയ്ത 'രേഷ്മ ഓര്‍ ഷേറ' എന്ന ചിത്രത്തിലൂടെ  ബച്ചന്‍ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.  പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിത യൗവനം  പേറുന്ന യുവാവിന്റെ വേഷം അവതരിപ്പിച്ച് 1973 ല്‍ പുറത്തിറങ്ങിയ 'സഞ്ചീര്‍' എന്ന ചിത്രം അമിതാഭ് ബച്ചന് സൂപ്പര്‍ താര പദവി നല്‍കി. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 1975 ല്‍ പുറത്തിറങ്ങിയ 'ഷോലെ' ഇന്ത്യന്‍ സിനിമയിലെ  എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ന്ന് പുറത്തുവന്ന അമര്‍ അക്ബര്‍ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും ബച്ചന്റെ ജനപ്രീതി ഉയര്‍ത്തി. 

സിനിമാഭിനയത്തിനപ്പുറം രാഷ്ട്രീയവും തനിക്ക് വഴങ്ങുമെന്ന് ബച്ചന്‍ തെളിയിച്ചിരുന്നു. 1984 ല്‍  അലഹബാദില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിനിമയില്‍ നിന്ന് താത്കാലികമായി വിട്ടുനിന്ന താരം മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'ഷെഹന്‍ഷാ' എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. തിരിച്ചു വരവില്‍ 1990 ല്‍ 'അഗ്നിപഥ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശിയ അവാര്‍ഡ് ലഭിച്ചു. അധോലോകത്തകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള കഥാപാത്രത്തെയാണ് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

വീണ്ടും അഭിനയ ജീവിതത്തിന് 5 വര്‍ഷത്തെ ഇടവേള. അതിനു ശേഷം സ്റ്റാര്‍ പ്ലസ് ടെലിവിഷനില്‍ അവതരിപ്പിച്ച കോന്‍ ബനേഗാ കരോര്‍പതി എന്ന പരിപാടിയുടെ വന്‍ വിജയം ബച്ചന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി. 1999 ല്‍ ബിബിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ സ്റ്റാര്‍ ഓഫ് ദി മില്ലേനിയം ആയി തെരെഞ്ഞെടുത്തു. തുടര്‍ന്ന് ഭാരത സര്‍ക്കാര്‍ പത്മശ്രീ പത്മഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചു. മികച്ച നടനുള്ള ദേശിയ  പുരസ്‌കാരം നാല് തവണ നേടി.

പ്രവര്‍ത്തനമേഖലകളിലെല്ലാം മികച്ച നേട്ടം കൈവരിക്കുകയെന്നത് ബച്ചന്റെ സവിശേഷതയാണ്. ഈ സവിശേഷതതന്നെയാണ് ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി അദ്ദേഹത്തെ വാഴ്ത്തുന്നത്. വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ അഭിനയജീവിതം വിശകലനം ചെയ്യുമ്പോള്‍  ഒന്ന് മാത്രമേ കണ്ടെത്താന്‍ കഴിയൂ..അമിതാഭിന് പകരം അമിതാഭ്  മാത്രം.

ബോളിവുഡിലെ പ്രമുഖരുടെ ആശംസകൾ 
കടപ്പാട് : ഇന്ത്യ ടി.വി 

 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!