അമ്മയുടെ മരണം അറിഞ്ഞില്ല; അഞ്ചു വയസ്സുകാരന് ഒരു രാത്രി മുഴുവന്‍ അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി
ഹൈദരാബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം
ഹൈദരാബാദ്: ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അമ്മ തന്നെ വേര്പിരിഞ്ഞുപോയത് ആ അഞ്ചു വയസ്സുകാരന് അറിഞ്ഞില്ല. അമ്മയ്ക്കൊപ്പം ആശുപത്രി കിടക്കയില്‍ ഉറങ്ങാന്‍ കിടന്ന അവന് അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങി. ഹൈദരാബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
കത്തേദന്‍ സ്വദേശിനി സമീന സുല്‍ത്താന (36) ആണ് ചികിത്സയിരിക്കേ മരിച്ചത്. ശനിയാഴ്ച ഞായറാഴ്ച വൈകിട്ടാണ് ഇവരെ എത്തിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഒരു പരിചരണവും ലഭിച്ചിരുന്നില്ല. രാത്രിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇവര്‍ മരിക്കുകയായിരുന്നു. അഞ്ചു വയസ്സുള്ള മൂത്തകുട്ടി ഷൊയിബാണ് സമീനയ്ക്ക് കൂട്ടിരുന്നത്. ഇവരുടെ ഭര്‍ത്താവ് ആയൂബ് മൂന്നു വര്‍ഷം മുന്‍പ് ഇവരെ ഉപേക്ഷിച്ച് മഹാരാഷ്ട്രയിലേക്ക് പോയിരുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരാളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനു ശേഷം ഇയാള്‍ മുങ്ങുകയും ചെയ്തു.
അമ്മ മരിച്ചകാര്യം ഉള്‍ക്കൊള്ളാന്‍ പോലും ഷൊയിബിന് കഴിഞ്ഞിരുന്നില്ല. മൃതദേഹം കിട്ടുകൊടുക്കാതെ അവന് കെട്ടിപിടിച്ച് കിടന്നു. ഒടുവില്‍ ആശുപത്രി അധികൃതരും സന്നദ്ധ ആരോഗ്യപ്രവര്‍ത്തകരും വളരെ പാടുപെട്ടാണ് മരണവിവരം അവനെ പറഞ്ഞുമനസ്സിലാക്കിയത്. മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു സമീനയെ ആശുപത്രിയില്‍ എത്തിച്ചത്. അധികൃതര്‍ തിരിഞ്ഞുനോക്കാതെ വന്നതോടെ വിവരം അറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍ക്കു വേണ്ടി സൗകര്യം ഒരുക്കിയത്. എന്നാല്‍ പുലര്‍ച്ചെ 12.30 ഓടെ സമീന മരണമടഞ്ഞു. എന്നാല്‍ ഇക്കാര്യമൊന്നുമറിയാതെ മകന് രണ്ടു മണി വരെ അമ്മയുടെ മൃതദേഹവും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയായിരുന്നു.
സമീനയുടെ ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ ബന്ധുക്കളെ തേടിപ്പിടിച്ചു കണ്ടെത്തി. മൃതദേഹം സമീനയുടെ സഹോദരന് മുഷ്താഖ് പട്ടേലിനു കൈമാറി. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് അറിയിച്ചു.