വിജ്ഞാപനം എത്തിയില്ല; പക്ഷെ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് പണമൊഴുക്കി മുന്നണികള്‍
രണ്ടാം ഘട്ടത്തിലേക്ക് കടന്ന ചെങ്ങന്നൂരില്‍ പണമൊഴുക്കി മുന്നണികള്‍
ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്ന ചെങ്ങന്നൂരില്‍ പണമൊഴുക്കി മുന്നണികള്‍. ശക്തമായ ത്രികോണമത്സരം ഉറപ്പായതോടെ പ്രചാരണത്തില്‍ അല്പംപോലും പിന്നോട്ടില്ലെന്ന നിലപാടില്‍ മുന്നണികള്‍ കുതിക്കുമ്ബോള്‍ ഏറ്റവും കൂടുതല്‍ പണം ചെലഴിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പ് എന്ന നിലയിലേക്കാണ് ചെങ്ങന്നൂരിന്റെ പോക്ക്.
സീറ്റുനിലനിര്ത്താന് രംഗത്തിറങ്ങിയിരിക്കുന്ന എല്‍.ഡി.എഫ്. മേഖലാ കണ്‍വന്‍ഷനുകള്‍ക്ക് ശേഷം ബൂത്ത് കണ്‍വന്‍ഷനിലേക്ക് കടന്നു. ഇതിന് പിന്നാലെ കുടുംബയോഗങ്ങളും കോളനിയോഗങ്ങളും ചേരും. ഭവനസന്ദര്‍ശന സര്‍വേ പൂര്‍ത്തിയാക്കി പഞ്ചായത്തുതല കണ്വന്ഷനുകള്ക്കുളള ഒരുക്കത്തിലാണ് യു.ഡി.എഫ്. രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ബൂത്ത്തല സന്ദര്‍ശനത്തിലുള്ള എന്‍.ഡി.എ. സ്ഥാനാര്‍ഥിക്കൊപ്പം സംസ്ഥാന നേതാക്കളുടെ വന്‍നിര രംഗത്തുണ്ട്.
പഞ്ചായത്തുകള്‍തോറും മഹാസമ്ബര്ക്കമെന്ന പേരില്‍ പ്രത്യേക പ്രചാരണവും നടത്തുന്നു. മാസങ്ങള്‍ നീളുന്ന പ്രചാരണം വേണ്ടിവരുമെന്ന് ഉറപ്പായതോടെ പോസ്റ്റര്‍, ചുവരെഴുത്ത് പ്രചാരണത്തിലും പുതുമകള്‍ പരീക്ഷിക്കാന്‍ പണം ഏറെ ചെലവാകുന്നു. പോസ്റ്ററുകള്‍ പലതും പഴകിത്തുടങ്ങിയതോടെ പുതിയത് ഒട്ടിക്കേണ്ട അവസ്ഥയുമുണ്ട്.
കഴിഞ്ഞ 15 തെരഞ്ഞെടുപ്പുകളില്‍ ഏഴു തവണ യു.ഡി.എഫിനൊപ്പം നിന്ന ചെങ്ങന്നൂരില്‍ ഇത്തവണ മൂന്ന് മുന്നണികള്‍ക്കും അഭിമാനപ്പോരാട്ടമാണ്. എല്‍.ഡി.എഫ്. ഇവിടെ മൂന്നു തവണയാണ് വിജയിച്ചിട്ടുള്ളത്. എന്‍.ഡി.പി. സ്ഥാനാര്‍ഥി മൂന്നുതവണ ജയിച്ചിട്ടുള്ള മണ്ഡലത്തില്‍ കേരളകോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് എസിനും ഓരോ തവണ ജയംനേടാനായി.
1987 ല്‍ മാമന് ഐപ്പ് നേടിയ 15,703 ആണ് ഉയര്‍ന്ന ഭൂരിപക്ഷം. 1987 ന് ശേഷം കഴിഞ്ഞതവണയാണ് കോണ്‍ഗ്രസ് ഇവിടെ പരാജയപ്പെട്ടത്. പ്രവാസിവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമായതിനാല്‍ പരമാവധിപേരെ നാട്ടിലെത്തിച്ച് വോട്ടു ചെയ്യിക്കാനുളള ശ്രമങ്ങളും സജീവമാണ്.
രണ്ടുതവണയൊഴികെ പതിനായിരത്തില്‍ താഴെയാണ് മണ്ഡലത്തിന്റെ ഭൂരിപക്ഷമെന്ന ചരിത്രം എങ്ങനെയും ഓരോ വോട്ടും ഉറപ്പിക്കാന്‍ മുന്നണികളെ പ്രേരിപ്പിക്കുന്നു. ചെങ്ങന്നൂര്‍ നഗരസഭയും 10 പഞ്ചായത്തുകളും അടങ്ങുന്നതാണ് മണ്ഡലം. നഗരസഭയും ആല, മാന്നാര്‍, പാണ്ടനാട്, വെണ്മണി പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. മുളക്കുഴ, പുലിയൂര്, ബുധനൂര്‍, ചെറിയനാട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് ഭരണം.
13 വാര്‍ഡുകളുള്ള തിരുവന്‍വണ്ടൂരില്‍ ആറുസീറ്റുള്ള ബി.ജെ.പിയാണ് വലിയകക്ഷി. ആദ്യം ഭരണത്തിലേറിയ ബി.ജെ.പിയെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പിന്തുണയോടെ കേരള കോണ്‍ഗ്രസ് പ്രതിപക്ഷത്താക്കുകയായിരുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിന് 7818 വോട്ടിന്റെ മേല്‍െക്കെ നല്കിയ മണ്ഡലം നിയമസഭയിലേക്ക് സി.പി.എമ്മിന്റെ കെ.കെ. രാമചന്ദ്രന് നായര്‍ക്ക് 7983 വോട്ടിന്റെ വിജയം സമ്മാനിച്ചു.
2011 ല്‍ 6062 വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് 2014, 2016 തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം 15716, 42,282 വോട്ടുകള്‍ ലഭിച്ചു. സാമുദായിക സംഘടനകള്‍ക്കും ചെറുകക്ഷികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ കളം നിറഞ്ഞുള്ള പ്രചാരണത്തിലാണ് മുന്നണികളുടെ ശ്രദ്ധയത്രയും.