കള്ളനെ പിടിക്കാന്‍ പോലീസിന് കൂട്ടായി തെരുവുനായ്ക്കള്‍

Published on: 4:59pm Sat 12 Aug 2017

A- A A+

തെരുവു നായ്ക്കള്‍ ചേര്‍ന്ന് കള്ളന്മാരെ പിടിക്കാന്‍ പോലീസിനെ സഹായിച്ച വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. റെഡ് ഹില്‍ പോലീസ് പട്രോള്‍ ടീമിനെയാണ് തെരുവു നായ്ക്കള്‍ സഹായിച്ചത്

ചെന്നൈ: തെരുവു നായകളെ ഭയത്തോടും വെറുപ്പോടുമാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ചെന്നൈയില്‍ നിന്ന് വരുന്ന തെരുവ് നായ്ക്കളുടെ വാര്‍ത്ത ആര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. തെരുവു നായ്ക്കള്‍ ചേര്‍ന്ന് കള്ളന്മാരെ പിടിക്കാന്‍ പോലീസിനെ സഹായിച്ച വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. റെഡ് ഹില്‍ പോലീസ് പട്രോള്‍ ടീമിനെയാണ് തെരുവു നായ്ക്കള്‍ സഹായിച്ചത്. 

വടപെരുമ്പക്കം ഭാഗത്ത് പട്രോളിംഗിന്റെ ഭാഗമായി രാവിലെ രണ്ട് മണിക്ക് ചെക്കിംഗ് നടത്തുകയായിരുന്നു പോലീസുകാര്‍. ബൈക്കിലെത്തിയ രണ്ട് പേര്‍ പോലീസിനെ കണ്ട് ബൈക്ക് വേഗം തിരിച്ചു കൊണ്ടു പോയി. സംഭവം ശ്രദ്ധയില്‍ പെട്ട പോലീസുകാര്‍ ബൈക്കുകാരുടെ പിന്നാലെ പാഞ്ഞു. എന്നാല്‍ അവരെ കണ്ടെത്താന്‍ സാധിച്ചില്ല. പോലീസുകാര്‍ ഉടന്‍ തന്നെ ഇങ്ങനെ രണ്ട് പേര്‍ വെട്ടിച്ച് കടന്നു വന്നിട്ടുണ്ടെന്ന് അടുത്ത് തന്നെയുള്ള പട്രോളിംഗ് ടീമിനെ അറിയിച്ചു. 

തുടര്‍ന്ന് തിരികെ പോകാനൊരുങ്ങിയപ്പോഴാണ് ഒരു കൂട്ടം തെരുവ് നായകള്‍ റോഡിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയുടെ സമീപത്ത് നിന്ന് കുരയ്ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് എന്താണ് കാര്യമെന്ന് പരിശോധിച്ച പോലീസുകാര്‍ കണ്ടത് വണ്ടിയുടെ മറവില്‍ പതുങ്ങിയിരിക്കുന്ന വെട്ടിച്ചു കടന്ന കള്ളന്മാരെയാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ മോഷ്ടാക്കളാണെന്ന് വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍, പണം എന്നിവയാണ് ഇവര്‍ മോഷ്ടിക്കാറെന്നും 20ഉം ,18 ഉം പ്രായമാണ് ഇവര്‍ക്കുള്ളതെന്നും പോലീസ് വ്യക്തമാക്കി. യുവാക്കള്‍ ഓടിച്ചു വന്നിരുന്ന ബൈക്കും മോഷണമുതലാണെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!