അന്നത്തെ പത്തുവയസുകാരിയ്ക്ക് ഇന്നും പുരുഷനെ വെറുപ്പാണ്.... 

Published on: 12:22pm Wed 18 Oct 2017

ഫയൽചിത്രം

A- A A+

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും പറഞ്ഞു കൊടുക്കുന്നത് കാണുമ്പോള്‍ മനസ്സ് ഒന്നു വിങ്ങും. അന്ന് നോ പറയാന്‍ ധൈര്യമുണ്ടായിരുന്നുവെങ്കിലെന്ന്... 

ബാല്യകാലത്തുണ്ടായ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച് മംഗളം വെബ്‌ഡെസ്‌ക് ഒരു എക്‌സ്‌ക്ലൂസിവ് സര്‍വ്വെ നടത്തിയിരുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത ചിലര്‍ വെളിപ്പെടുത്തിയ ലൈംഗിക അതിക്രമങ്ങളുടെ കഥകളിലൊന്ന് ഞങ്ങള്‍ പുറത്തു വിടുന്നു. 

ചേട്ടനെന്ന് വിളിക്കാനാണ് വീട്ടുകാര്‍ അന്ന് പഠിപ്പിച്ചത്.  'വെണ്ണിലാക്കൊമ്പിലെ രാപ്പാടി 'പാട്ടിലെ ലാലേട്ടനായിരുന്നു അന്നെല്ലാം സ്വപ്‌നങ്ങളിലെ ഏട്ടന്‍. 'ച' യും 'ട്ട' യുമൊന്നും നാവില്‍ വഴങ്ങിയിരുന്നില്ലെങ്കിലും ആവേശത്തോടെയാണ് ചേട്ടനെന്ന് അയാളെ വിളിച്ചത്. 

മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയപ്പോള്‍ എന്റെ ശരീരം വളര്‍ന്നത് എന്നെക്കാള്‍ മുന്‍പേ അറിഞ്ഞത് ചേട്ടനായിരുന്നു. അവധിക്കാലത്ത് മുടങ്ങാതെയുള്ള നാട്ടില്‍പ്പോക്ക് പേടിസ്വപ്‌നമായതും ഇതേ സമയത്ത് തന്നെയായിരുന്നു. ക്രിക്കറ്റ് കളിക്കിടയില്‍ കൃത്യമായി അടിവയറ്റിലേക്കും നെഞ്ചിലേക്കും ബോള്‍ വന്നിടിച്ചു കൊണ്ടിരുന്നത് അറിയാതെയല്ലെന്നറിയാന്‍ ഒരുപാട് വൈകിയിരുന്നു. ബോള്‍ വന്നിടിച്ച സ്ഥലങ്ങളെല്ലാം ചേട്ടന്‍ തൊട്ടുഴിഞ്ഞത് സ്‌നേഹമാണെന്നായിരുന്നു ആ പത്ത് വയസുകാരിയുടെ വിചാരം. 

പിന്നെയെല്ലാം വേഗത്തിലായിരുന്നു. ആരുമില്ലാത്ത മുറി,ടെറസ്, പുളിമരച്ചോട്ടിലെ കളിയിടം ഇവിടെ വച്ചെല്ലാം അവന്റെ കൈകള്‍ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. പക്ഷെ അന്ന് ഉറക്കെ കരയാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ല. ഭീഷണി കേട്ടാണോ അതോ പുറത്ത് പറയാനുള്ള ഭയം കൊണ്ടാണോ എന്നറിയില്ല. പക്ഷെ പിന്നീട് നാട്ടിലേക്കുള്ള അവധിക്കാല യാത്രകള്‍ പേടിസ്വപ്‌നങ്ങളായി. തനിയെ ചേട്ടന്റെ അടുത്ത് എത്തിപ്പെടരുതേ എന്നും വീട്ടിലാരും ഉച്ചയുറക്കത്തിന് പോകരുതേ എന്നും പ്രാര്‍ത്ഥിച്ച നാളുകള്‍. 

വര്‍ഷങ്ങള്‍ വീണ്ടും കഴിഞ്ഞപ്പോള്‍ ജോലിയൊക്കെ നേടിയ വലിയ ചേട്ടനായി അവന്‍ എന്റെ വീട്ടിലേക്ക് തന്നെ തിരികെയെത്തി. വിയര്‍പ്പ് ഗന്ധം തങ്ങി നില്‍ക്കുന്ന ഏലസ്സിട്ട അയാളുടെ കഴുത്തിന്റെ രൂക്ഷഗന്ധം എനിക്കു ചുറ്റും വ്യാപിച്ച് കൊണ്ടേയിരുന്നു. ആണ്‍തുണയില്ലാത്ത വീട്ടില്‍ തുണയായെത്തിയവന്‍ നൈറ്റ് ഡ്യൂട്ടികള്‍ ഏറ്റെടുത്തപ്പോള്‍ പേടിച്ച് ഉറങ്ങാതിരുന്ന രാത്രികള്‍ ഒരുപാടാണ്. ഒന്ന് മയങ്ങി വരുമ്പോള്‍ ദേഹത്തിഴയുന്ന ആ കയ്യുടെ ഓര്‍മ്മകള്‍ ഇന്നും രാത്രികളെ അലട്ടാറുണ്ട്. ഇരുട്ടിലെപ്പെഴോ കൈയ്യില്‍ പിടിപ്പിച്ചു തന്ന വഴുവഴുപ്പുള്ള മാംസം ഇന്നും മുന്നില്‍ വരുന്ന ഏതൊരാണിനോടും അറപ്പ് മാത്രമാണ് തോന്നിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പക്വതയും സാമൂഹിക ബോധവുമെല്ലാം വളര്‍ന്നിട്ടും ഇന്നും കുട്ടികാലത്തുണ്ടായ അനുഭവം മറ്റൊരാളോട് തുറന്നു പറയാന്‍ ഭയം തന്നെയാണ്. എത്രയൊക്കെ ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ഉണങ്ങാത്ത ആ മുറിപ്പാടില്‍ നിന്ന് ഇപ്പോഴും ചോരയൊലിക്കുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും പറഞ്ഞു കൊടുക്കുന്നത് കാണുമ്പോള്‍ മനസ്സ് ഒന്നു വിങ്ങും. അന്ന് നോ പറയാന്‍ ധൈര്യമുണ്ടായിരുന്നുവെങ്കിലെന്ന്... 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!