സി.പി.എമ്മിന്റെ വാഗ്ദാനം രണ്ടു മന്ത്രി, രണ്ടു ലോക്‌സഭാസീറ്റും ; മൂന്നു മന്ത്രി, മൂന്നു പാര്‍ലമെന്റ് സീറ്റ്, 22 നിയമസഭാ സീറ്റ് ഉറപ്പു വേണമെന്ന് മാണി

Published on: 10:04am Wed 13 Dec 2017

A- A A+

കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുളള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം: ഇടതുമുന്നണിയിലെത്താന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് സി.പി.എമ്മിന്റെ വാഗ്ദാനം രണ്ടു മന്ത്രിസ്ഥാനവും രണ്ടു ലോക്‌സഭാ സീറ്റും. മാണി-ജോസഫ് വിഭാഗങ്ങള്‍ പിളരാതെ നിലവിലുള്ള എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് എല്‍.ഡി.എഫിലെത്തണമെന്നാണ് സി.പി.എമ്മിന്റെ ഡിമാന്‍ഡ്. എന്നാല്‍ മൂന്നു മന്ത്രിസ്ഥാനം, മൂന്നു പാര്‍ലമെന്റ് സീറ്റ്, 22 നിയമസഭാ സീറ്റ് എന്നിവ ഉറപ്പുനല്‍കണമെന്നാണ് മാണിഗ്രൂപ്പിന്റെ ആവശ്യം. വിഷയം ഇന്നു സി.പി.എം. സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. എന്നാല്‍ തീരുമാനം പെട്ടെന്നുണ്ടാകില്ല.

നാളെമുതല്‍ കോട്ടയത്തു നടക്കുന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാനസമ്മേളനത്തിലും പ്രഖ്യാപനമുണ്ടാകില്ല. ഏതു മുന്നണിക്കൊപ്പമാണെന്ന് സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി നേരത്തെ പറഞ്ഞിരുന്നെങ്കിലും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, മുന്‍ മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ ശക്തമായ എതിര്‍പ്പാണ് ഉന്നയിച്ചത്. അതേസമയം പാര്‍ട്ടി പിളര്‍ന്നാലും നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ജോസ് കെ. മാണിക്കൊപ്പമുള്ളവരുടെ സമീപനം.

എന്നാല്‍ പാര്‍ട്ടി പിളരാതെ വരുന്നതിനോടാണ് തങ്ങള്‍ക്ക് താല്‍പര്യമെന്ന് സി.പി.എം. നയം വ്യക്തമാക്കിയതോടെയാണ് സമ്മേളനത്തില്‍ മുന്നണി പ്രഖ്യാപനം വേണ്ടെന്ന നിലപാടില്‍ നേതൃത്വം എത്തിയത്. ജോസഫ് വിഭാഗത്തെക്കൂടി അനുനയിപ്പിക്കാനാണു രണ്ടു മന്ത്രി സ്ഥാനവും രണ്ട് എം.പി. സ്ഥാനവും സി.പി.എം. വാഗ്ദാനം ചെയ്തത്. ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ സി.എഫ്. തോമസ് ശക്തമായി എതിര്‍ക്കുകയാണ്. നിലവില്‍ ഇടതുമുന്നണിയില്‍ ചേരേണ്ടതില്ലെന്ന വികാരത്തിലാണ് പി.ജെ. ജോസഫും.

കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുളള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ പല തദ്ധേശസ്വയം ഭരണ സ്ഥാപനങ്ങളിലും പ്രസിഡന്റ്, െവെസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സഹകരിച്ച് തുടങ്ങിയിട്ടുണ്ട്.