ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റം; വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം

Published on: 1:47pm Mon 02 Apr 2018

A- A A+

ഡി സിനിമാസിനെതിരായ പരാതിയില്‍ കേസെടുക്കാന്‍ രണ്ടാഴ്ച മുന്‍പാണ് കോടതി ഉത്തരവിട്ടത്

കൊച്ചി: നടന്‍ ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ വിജിലന്‍സിനെതിരെ വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് കോടതി ആരാഞ്ഞു. ഡി സിനിമാസിനെതിരായ പരാതിയില്‍ കേസെടുക്കാന്‍ രണ്ടാഴ്ച മുന്‍പാണ് കോടതി ഉത്തരവിട്ടത്.

എന്നാല്‍ നടപടി എടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരാഴ്ച കൂടി സമയം അനുവദിച്ചു. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. കേസില്‍ ദിലീപിന് പുറമേ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയും എതിര്‍കക്ഷിയാണ്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്, കയ്യേറ്റം നടന്നിട്ടില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്.

എന്നാല്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി കേസ് എടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രണ്ടാഴ്ചയായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!