ഇന്ത്യന്‍ ബന്ദികള്‍ കൊല്ലപ്പെട്ടത് ഒരു വര്‍ഷം മുന്‍പ്; കൊലപ്പെടുത്തിയത് തലയ്ക്ക് വെടിവച്ച്‌: ഇറാഖ്

Published on: 12:00pm Thu 22 Mar 2018

A- A A+

മിക്കവര്‍ക്കും തലയ്ക്കാണ് വെടിയേറ്റിരിക്കുന്നതെന്നും ഫോറന്‍സിക് പരിശോധന ഫലത്തെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു

ന്യുഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യന്‍ തൊഴിലാളികളെ കൊലപ്പെടുത്തിയത് ഒരു വര്‍ഷം മുന്‍പാണെന്ന് ഇറാഖിന്റെ വിശദീകരണം. എല്ലാവരേയും വെടിവച്ചാണ് കൊന്നിരിക്കുന്നത്. മിക്കവര്‍ക്കും തലയ്ക്കാണ് വെടിയേറ്റിരിക്കുന്നതെന്നും ഫോറന്‍സിക് പരിശോധന ഫലത്തെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊസൂളിനു സമീപം ബാദുഷ് കുന്നില്‍ നിന്നാണ് ഇന്ത്യക്കാരെ കൂട്ടത്തോടെ കുഴിച്ചിട്ടിരുന്ന കല്ലറ 'മാര്‍ട്ടേഴ്സ് ഫൗണ്ടേഷന്‍' കണ്ടെത്തിയത്. കല്ലറയില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങളില്‍ മിക്കവയും അസ്ഥികൂടങ്ങള്‍ മാത്രമായിരുന്നു. ചില മൃതദേഹങ്ങളുടെ എല്ലുകള്‍ മാത്രമാണ് ലഭിച്ചത്. ബാക്കിയെല്ലാം ദ്രവിച്ചുപോയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ നിന്നും ഒരു വര്‍ഷം മുന്‍പാണ് കൂട്ടക്കൊല നടന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇറാഖ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഫോറന്‍സിക് മെഡിസിന്‍ വിഭാഗമാണ് പരിശോധന നടത്തിയതെന്ന് വിഭാഗത്തിന്റെ മേധാവി ഡോ.സെയ്ദ് അലി അബ്ബാസ് വ്യക്തമാക്കി. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു പല മൃതദേഹങ്ങളും.

മൃതദേഹ അവശിഷ്ടങ്ങള്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്തയാഴ്ച ഇന്ത്യന്‍ എംബസിക്ക് കൈമാറും. അവരെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഡോ.സെയ്ദ് പറഞ്ഞു. അതേസമയം, ഇറാഖ് ആരോഗ്യമന്ത്രാലയത്തിന് ഇന്ത്യന്‍ എംബസി സനന്ദി അറിയിച്ചു. ഇന്ത്യാ സര്‍ക്കാര്‍ അയച്ചുനല്‍കിയ രക്ത സാംപിള്‍ അടക്കമുള്ള ഡി.എന്‍.എ സാംപിളുകള്‍ ഉപയോഗിച്ച്‌ മരിച്ചവരെ തിരിച്ചറിഞ്ഞ ഇറാഖ് ഫോറന്‍സിക് വകുപ്പിന്റെ കഠിനാധ്വാനത്തെ മാനിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന്‍െ് വെബ്സൈറ്റില്‍ നല്‍കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

2014 ജൂണിലാണ് ഇന്ത്യന്‍ തൊഴിലാളികളെ മൊസൂളില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ കൊല്ലപ്പെട്ട വിവരം ചൊവ്വാഴ്ചയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചത്. എന്നാല്‍ എന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അവര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. അവര്‍ ആറു മാസം മുന്‍പാണോ രണ്ടു വര്‍ഷം മുന്‍പാണോ കൊല്ലപ്പെട്ടത് എന്നതിന് പ്രസക്തിയില്ല. മൊസൂള്‍ സ്വതന്ത്രമാകും മുന്‍പ് അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഐ.എസിന്റെ പിടിയില്‍ നിന്നും മൊസൂളിനെ മോചിപ്പിച്ച ശേഷമാണ് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അവിടെ എത്തിയിരുന്നത്.

എന്നാല്‍, ഇന്ത്യക്കാര്‍ 2014 ജൂണില്‍ തന്നെ കൊല്ലപ്പെട്ടിരുന്നുവെന്ന് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട പഞ്ചാബ് സ്വദേശി ഹര്‍ജിത് മാസി വെളിപെ്ടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് മുഖവിലയ്ക്കെടുത്തിരുന്നില്ല. ഹര്‍ജിതിന്റെ വെളിപ്പെടുത്തലും തള്ളിക്കളയുന്നതാണ് ഇറാഖില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!