ഈടയൊരു ചൂണ്ടുവിരൽ

Published on: 12:47pm Sun 07 Jan 2018

A- A A+

അജിത്കുമാറിന്റെ ഈടയെ സവിശേഷതയുള്ള കാഴ്ചയാക്കുന്നത്, അത് ഈ പ്രമേയത്തോടു പുലർത്തുന്ന മനുഷ്യപക്ഷം കൊണ്ടും സത്യസന്ധതകൊണ്ടുമാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബലിദാനികളുടേയും രക്തസാക്ഷികളുടേയും രാഷ്ട്രീയം മനസിലാകാൻ അൽപം പാടാണ്. മനസിലാക്കാൻ ആഗ്രഹവുമില്ല. ചാവേറുകളെപ്പോലെ കൊന്നും ചത്തും കണക്കുതീർക്കുന്ന ആ രാഷ്ട്രീയം തൊട്ടപ്പുറത്തുണ്ടായിട്ടും അവരെന്തങ്കിലും കാട്ടട്ടെ എന്ന അർഥത്തിൽ വിട്ടുകളയുന്ന നമ്മൾക്കിടയിലേക്കാണ് ബി. അജിത്ത്കുമാർ എന്ന എഡിറ്റർ ഈടയുമായെത്തുന്നത്. 

എഡിറ്റ് ചെയ്യാത്ത ജീവിതക്കാഴ്ചയാണ് ഈട, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ വ്യർഥയുദ്ധത്തെ ഒരു പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമ. ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റിനെ ഗോത്രയുദ്ധങ്ങളോളം കഠിനമായ മലബാറിലെ രാഷ്ട്രീയഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലേക്കു പറിച്ചുമാറ്റുന്നുവെന്നും പറയാം. 

അജിത്ത് കുമാർ എന്ന എഡിറ്ററുടെ പേര് പതിവുവാണിജ്യസിനിമകൾക്കൊപ്പം കേൾക്കുന്നതല്ല, അടൂരിന്റെ, രാജീവ് രവിയുടെ എഡിറ്ററായ ബി. അജിത്ത്കുമാർ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതൊരു പക്കാ വാണിജ്യസിനിമയാകാത്തതിൽ അതുകൊണ്ടുതന്നെ അത്ഭുതവുമില്ല. മന്ദഗതിയിലുള്ള ഒരു ചൂടുകാറ്റാണ് ഈട. തഴുകുകയല്ല, അസ്വസ്ഥതപ്പെടുത്തും. പ്രണയമാണ് നിറഞ്ഞുനിൽക്കുന്നത്, എന്നാൽ കുടിപ്പകയുടെ ചോരച്ചാലിനിടയിലൂടെയാണ് ഈടയിൽ പ്രണയം ഒഴുകുന്നത്. 

ആനന്ദും ഐശ്വര്യയും( ഷെയ്ൻ നിഗവും നിമിഷ സജയനും) കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ ജീവിക്കുന്നവരാണ്. ഐശ്യര്യ കമ്യൂണിസ്റ്റു കുടുംബത്തിലും ആനന്ദ് ഹിന്ദുരാഷ്ട്രീയ കുടുംബത്തിലും. ഇരുവരും മൈസൂരിലാണു താമസിക്കുന്നതെങ്കിലും നാട്ടിൽ പാർട്ടിക്കാർ തമ്മിലുള്ള കുടിപ്പകയിൽ കൊല്ലപ്പെട്ടയാളുടെ പേരിലുള്ള ഹർത്താലിന്റെ അന്നാണ് ഇരുവരും പരിചയത്തിലാകുന്നത്. അതവിടെ നിന്ന് പ്രണയത്തിലേക്കു വളരുന്നു. ഒപ്പം കുടിപ്പകയുടെ  ചോരക്കൊതി സമാന്തരമായും. ഇവ രണ്ടും കൂടിച്ചേരുമ്പോൾ ഈ കഥ സങ്കീർണവും പ്രണയം അതിജീവനവും ആകുന്നു. 

സമാനപ്രമേയം മുൻസിനിമകളിലും കണ്ടിട്ടുണ്ടാകാം. എന്നാൽ അജിത്കുമാറിന്റെ ഈടയെ സവിശേഷതയുള്ള കാഴ്ചയാക്കുന്നത്, അത് ഈ പ്രമേയത്തോടു പുലർത്തുന്ന മനുഷ്യപക്ഷം കൊണ്ടും സത്യസന്ധതകൊണ്ടുമാണ്. ഐഡിയോളജികളുടെ പക്ഷം ചേരാതെ, ആരാണു ശരിയെന്നു പറയാതെ പരസ്പരം കൊന്നുതീരുന്ന പക്ഷങ്ങളിലെ ചാവേറുകളുടെ ചരിത്രവും മന:ശാസ്ത്രവും തേടിയാണ് ഈട സഞ്ചരിക്കുന്നത്.

അജിത്ത്കുമാർ തന്നെയാണ് രചനയും, എഡിറ്റിങ്ങും. രണ്ടും മികവോടെ ഒന്നുചേർന്നിരിക്കുന്നത്. ഒന്നാം പകുതി രാഷ്ട്രീയ അരുംകൊലകളുടെ സങ്കീർണമായ സാഹചര്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. അതിനിടയിലാണ് മൈസൂരുവിൽ ആനന്ദ്-ഐശ്വര്യ പ്രണയം ചുവടുറപ്പിക്കുന്നത്., ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും കഫേയിലും തിയറ്ററിലും സൗഹൃദയാത്രകളിലും.. നമ്മുടെ ചെറുപ്പക്കാർ എങ്ങനെയാണോ പ്രണയിക്കുന്നത് അതുപോലെതന്നെയാണ് പ്രണയം വളരുന്നത്. 

രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നരമണിക്കൂറോളം കവരുന്നുണ്ട്, മെല്ലെയുള്ള ഈ പശ്ചാത്തലസൃഷ്ടി.  എന്നാൽ രണ്ടാംപകുതിയിലേക്കു കടക്കുമ്പോൾ സിനിമ ഏറെക്കുറെ തീവ്രമാകുന്നു. 

ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ ശരീരങ്ങളെ സൂക്ഷ്മമായി നിർമിച്ച രചനാപാടവം ശ്രദ്ധേയമാണ്. വാചകമടിയല്ല രാഷ്ട്രീയ സിനിമ എന്നു ബോധിപ്പിച്ചുകൊണ്ടുള്ള ആഖ്യാനം. 

നായായി ജീവിക്കുകയല്ല, നരിയായി മരിക്കുകയാണ് ആണായി പിറന്നാൽ വേണ്ടതെന്നു വിശ്വസിക്കുന്ന പാർട്ടി ചാവേറു മുതൽ വീട്ടിലെ മതപാഠശാലയിൽ കുട്ടികൾക്കു ഗീതാക്ലാസ് നൽകുന്ന ആചാര്യൻ, കമ്യൂണിസ്റ്റ് കുടുംബമാണെങ്കിലും മാമൂലുകളിൽനിന്നും മോചിതരാകാത്ത, വ്യക്തിയുടെ ഇഷ്ടത്തെ പാർട്ടിയുടെ ഇഷ്ടമാക്കുന്ന നിർബന്ധബുദ്ധി പുലർത്തുന്നവർ വരെയുള്ളവർ സമകാലിക രാഷ്ട്രീയത്തിൽ കണ്ടെടുക്കാവുന്നവരാണ്. പി. ബാലചന്ദ്രന്റേയും അലൻസിയർ ലോപ്പസിന്റേയും രാജേഷ് ശർമയുടേയും അടക്കമുള്ള കഥപാത്രങ്ങൾ ഉദാഹരണങ്ങൾ. 

ഷെയ്ൻ നിഗം മുൻസിനിമകളുടെ ആവർത്തനമെന്നാണു തോന്നിയത്. ക്ഷുഭിതനും നിസഹായനുമായ കാമുകനെന്ന ക്ലീഷേ ഈ ചെറുപ്പക്കാരനെ തുടക്കത്തിൽ തന്നെ പിടികൂടാനിടയുണ്ട്. ഷെയ്ൻ മോശമാക്കിയിട്ടില്ലെങ്കിലും ചില രംഗങ്ങളിൽ തന്റെ ശൈലിയുടെ കൊക്കൂണിൽ നിന്നു പുറത്തുകടക്കാനായിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. എന്നാൽ സിനിമയിൽ ഏറ്റവും നന്നായി മികച്ചുനിൽക്കുന്നത് നിമിഷ വിജയന്റെ ഐശ്വര്യയാണ്. 

ഉപരിപഠനത്തിനായി സ്‌കോളർഷിപ്പ് നേടി യു.എസിലേക്കു പോകാൻ കാത്തിരിക്കുന്ന, അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബമാണെങ്കിലും ഈ ചോരക്കളിയിൽ മനംമടുത്ത പാർട്ടികുടുംബത്തിലെ സ്ത്രീയുടെ ധാർമികസംഘർഷങ്ങളെയും അതേപോലെ പുതിയ കാലത്തെ നാഗരികസ്ത്രീയെയും നിമിഷ വിശ്വസനീയമായി അവതരിപ്പിക്കുന്നുണ്ട്. 

തൊണ്ടിമുതലും ദൃക്സാക്ഷിയിലും നിന്ന് ഈടയിലെത്തുമ്പോൾ നിമിഷ മലയാളത്തിൽ കരിയർ ഉറപ്പിക്കാവുന്ന നടിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. മണികണ്ഠൻ ആചാരി, രാജേഷ് ശർമ, സുജിത് ശങ്കർ, സുരഭി ലക്ഷ്മി, സുധി കോപ്പ എന്നിവരാണു മറ്റു പ്രധാനവേഷങ്ങളിൽ. 

ഞാൻ സ്റ്റീവ് ലോപ്പസിന്റെ കാമാറ ചെയ്ത പപ്പുവാണു ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. രണ്ടാംപകുതിയിലെ വയലൻസുകളിലും ക്ലൈമാക്സിലെ രാത്രിദൃശ്യങ്ങളിലും തീവ്രത അനുഭവപ്പെടുത്തുന്ന ദൃശ്യപരിചരണമാണ് പപ്പുവിന്റേത്. 

അൻവർ അലിയുടെ വരികൾക്കു സംഗീതമൊരുക്കിയത് ജോൺ പി. വർക്കിയും ചന്ദ്രൻ വേയാട്ടുമ്മലുമാണ്. മൃദുവായ എന്നാൽ പെർഫെക്ട് മൂഡ് സൃഷ്ടിക്കുന്ന പശ്ചാത്തലസംഗീതം ശ്രദ്ധേയം. ഡോൺ വിൻസെന്റ്, കെ.വി. സുബ്രഹ്മണ്യൻ, അശോക് ടി. പൊന്നപ്പൻ എന്നിവരാണു പശ്ചാത്തലസംഗീതമൊരുക്കിയിട്ടുള്ളത്. 

2018ലെ ആദ്യമലയാളസിനിമാ റിലീസിലൊന്നാണ് ഈട. രണ്ടുസിനിമകളാണ് ഈ വെള്ളിയാഴ്ച തിയറ്ററിലെത്തിയത്. ഗൗരവമുള്ള എന്നാൽ ജാഡകളില്ലാത്ത നല്ല സിനിമയുടെ തുടക്കമാണ് ഈടെയിലൂടെ പുതിയ വർഷത്തിൽ തുടക്കമിടുന്നതെന്ന് പ്രത്യാശിക്കാം. 

സിനിമ ആളുകളെ ഒരുപരിധിയിലധികം സ്വാധീനിക്കുമെന്നു വിശ്വാസമില്ലെങ്കിലും പരസ്പരം കൊന്നുതിന്ന് രാഷ്ട്രീയശരിയുറപ്പിക്കാൻ നിൽക്കുന്നവർ ഊട ഒന്നുപോയി കണ്ടുനോക്കുന്നതു നന്നാവും എന്നുതന്നെയാണ് കരുതുന്നത്. 

കുറഞ്ഞപക്ഷം അവർ അവരെയും മറ്റുള്ളവരെയും എങ്ങനെയാണ് ഒന്നുമല്ലാതാക്കുന്നത് എന്നു വലിയ കാൻവാസിൽ കണ്ടിരിക്കുകയെങ്കിലും ചെയ്യാമല്ലോ, അല്ലെങ്കിൽ അവരെക്കുറിച്ച്  മറ്റുള്ളവർ എന്താണു ചിന്തിക്കുന്നതെന്നും കണ്ട് അടുത്ത ബോംബെറിയാൻ പോവുകയുമാകാം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!