കര്‍ക്കിടക മാസാരംഭത്തിന് തുടക്കമായി 

A- A A+

രാപ്പകല്‍ വ്യത്യാസമില്ലാതെ തിമിര്‍ത്തു പെയ്യുന്ന മഴയില്‍ കാര്‍ഷിക വിളകളുടെ ഭാവിയെക്കുറിച്ചും വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ കണ്ണീരിന്റെയും നടുവില്‍ കേരളത്തിലെ കര്‍ഷകരുടെ നെഞ്ചിനുള്ളിലെ പിടപ്പും ആധിയും വ്യാധിയും അകറ്റുന്നതിനായാണ് കര്‍ക്കിടക മാസത്തിലെ ആദ്യ നാളുകളില്‍ ആടിവേടനിറങ്ങുന്നത്

ദുരിതപ്പെയ്ത്തില്‍ കര്‍ഷകന്റെ നെഞ്ചിലെ ആധിയും വ്യാധിയുമകറ്റാന്‍ ആടിവേടന്‍ വരവായി. പട്ടിണിയുടെയും വറുതിയുടെയും ദുരിത പേമാരിയുമായി ഒരു കര്‍ക്കിടക മാസം കൂടി സമാഗതമായി: ഇടമുറിയാതെ പെയ്യുന്ന കര്‍ക്കിടക പേമാരിയില്‍ ആചാരത്തിന്റെ പേരും പെരുമയും ചോരാതെ പതിവു തെറ്റിക്കാതെ ഇക്കുറിയും ആടിവേടനെത്തി

രാപ്പകല്‍ വ്യത്യാസമില്ലാതെ തിമിര്‍ത്തു പെയ്യുന്ന മഴയില്‍ കാര്‍ഷിക വിളകളുടെ ഭാവിയെക്കുറിച്ചും വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ കണ്ണീരിന്റെയും നടുവില്‍ കേരളത്തിലെ കര്‍ഷകരുടെ നെഞ്ചിനുള്ളിലെ പിടപ്പും ആധിയും വ്യാധിയും അകറ്റുന്നതിനായാണ് കര്‍ക്കിടക മാസത്തിലെ ആദ്യ നാളുകളില്‍ ആടിവേടനിറങ്ങുന്നത്ആചാരത്തിന്റെയും പാരമ്പര്യത്തിന്റേയും തനിമ നിലനിര്‍ത്തി കൊണ്ടാണ് ഉത്തരമലബാറിലെ ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആചാരമെന്ന നിലയില്‍ ആടിവേടന്‍ കെട്ടിയാല്‍ നടന്നുവരുന്നത്

മുമ്പ് ആടിവേടന്റെ വരവ് കര്‍ക്കിടക മാസാരംഭത്തിലെ പ്രധാന ചടങ്ങായിരുന്നെങ്കിലും കാലത്തിന്റേയും തലമുറകളുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളര്‍ച്ചയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും മൂലം ഭൂരിഭാഗം പ്രദേശങ്ങളിലും ആടിവേടന്‍ കെട്ടിയാടല്‍ ആചാരവും പാടിപ്പതിഞ്ഞ ചരിത്രമായി മാറിയിരിക്കുകയാണ്. ആടിവേടന്‍ കെട്ടിയാടല്‍ ചില ഗ്രാമങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു

കാര്‍ഷിക സംസ്‌ക്കാരത്തിന്റെയും പഴയ കാല മേലാള- കീഴാള വര്‍ഗ്ഗത്തിന്റേയും ഭൂഉടമ-കുടിയാന്‍ ബന്ധത്തിന്റെയും ചരിത്രവും ചടങ്ങും ആചാരവും ഊട്ടിയുറപ്പിക്കുന്ന കാലത്ത് പിറവിയെടുത്തതാണ് ആടി വേടന്‍ കെട്ടിയാടല്‍ ചടങ്ങ്. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെയ്ക്കാവുന്ന നല്ലൊരു കലാരൂപം കൂടിയാണ് ആ ടി വേടന്‍ കര്‍ക്കിടക മാസാരംഭത്തിലെ സംക്രമ ദിവസങ്ങളിലും കര്‍ക്കിടക മാസത്തിലെ ആദ്യ ദിനങ്ങളിലുമാണ് ആടി വേടന്റെ വരവ്

മുഖത്തും ദേഹത്തും ചായം പൂശി തിളങ്ങുന്ന കിരീടവും വര്‍ണ്ണപ്പൊലിമയാര്‍ന്ന ആടയാഭരണ ങ്ങളും ധരിച്ച് ആചാര സമുദായത്തിലെ മുതിര്‍ന്ന കാരണവര്‍ക്കൊപ്പം വാദ്യത്തിന്റെ അകമ്പടിയോടെയാണ് ആധിയും വ്യാധിയും അകറ്റി കര്‍ഷകന്റെ മനസ്സില്‍ ആശ്വാസത്തിന്റെ തെളിമ പകര്‍ന്ന് ആടിവേടനെത്തുന്നത്
കാരണവര്‍ക്കും വാദ്യമേളക്കാരനുമൊപ്പം ഗ്രാമീണ വീടുകളിലെത്തുന്ന ആടിവേടനെ സ്വീകരിക്കാന്‍ കത്തിച്ചു വെച്ച നിലവിളക്കും നിറനാഴിയുമായി ഉമ്മറപിടിയില്‍ മുതിര്‍ന്ന സ്ത്രീകളുണ്ടാവും
വീടുകളിലെത്തുന്ന വേടന്‍ നിലവിളക്കിനേയും നിറനാഴിയേയും വണങ്ങി ചെണ്ടകൊട്ടിപ്പാട്ടുപാടുകയായി

ശിവ സാന്നിദ്ധ്യത്തിനായി തപസ്സു ചെയ്യുന്ന അര്‍ജ്ജുനന്റെ തപശ്ശക്തിയെ പരീക്ഷിക്കാന്‍ വേടന്റെ രൂപത്തില്‍ അര്‍ജ്ജുനന്റെ മുന്നിലെത്തുന്ന പരമശിവന്റെ കഥയാണ് ആ ടി വേടന്‍ കെട്ടിയാടി പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നത് പാട്ടു കഴിഞ്ഞാലുടന്‍ വീട്ടുകാര്‍ ഓരോ പാത്രങ്ങളിലായി പ്രത്യേകം പ്രത്യേകം തയ്യാറാക്കി ഒരുക്കി വെച്ച ചുവപ്പും കറുപ്പും നിറത്തിലുള്ള ' ഗുരുസി ' മാരിയകറ്റാന്‍ വീടിന്റെ തെക്കുഭാഗത്ത് ചുവപ്പു ഗുരുസിയും വടക്കുഭാഗത്ത് ചേഷ്ടയെ അകറ്റാന്‍ കറുപ്പ് ഗുരുസിയും കമിഴ്ത്തുന്നു
ഇങ്ങനെ അനുഷ്ഠിച്ചാല്‍ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും കാര്‍ഷിക അഭിവൃദ്ധിയും സന്താന സൗഭാഗ്യവും കുടുംബ ഐശ്വര്യവും ഉണ്ടാകുമെന്നാണ് പഴമക്കാരുടെ ആചാര അനുഷ്ഠാന വിശ്വാസം

ചടങ്ങുകള്‍ അവസാനിച്ചാല്‍ കൃഷിക്കും നാടിനും വീടിനും വീട്ടുകാര്‍ക്കും അനുഗ്രഹവും സര്‍വ്വൈശ്വര്യവും ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി ആടിവേടന്‍ അടുത്ത ഭവനം ലക്ഷ്യമാക്കി നടന്നു നീങ്ങുകയായി

പുന്നാട് കണ്ണന്‍ പണിക്കരുടെയും മകന്‍ രഞ്ചിത്തിന്റെയും നേതൃത്വത്തിലാണ് മലയോര ഗ്രാമങ്ങളില്‍ ആടിവേടന്‍ കെട്ടിയാടുന്നത്. ഇരിട്ടിക്കടുത്ത് കീഴൂര്‍ക്കുന്ന് തെരുവിലെ വിടുകളിലാണ് പഴമയുടെയും പാരമ്പര്യത്തിന്റെയും തനിമചോരാതെ ആചാരത്തിന്റെ മികവ് തെറ്റിക്കാതെ ആടിവേടനെത്തിയത്