'അതിരൂപതയോട് വിശ്വാസ വഞ്ചന നടത്തി കരുതിക്കൂട്ടി അന്യായ നഷ്ടം വരുത്തിവച്ചു'; കര്‍ദ്ദിനാളിനെതിരായ എഫ്.ഐ.ആര്‍ പുറത്ത്; സമ്പൂര്‍ണ സിനഡ് ഉടന്‍

Published on: 2:11pm Tue 13 Mar 2018

A- A A+

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 406, 415 എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്

കൊച്ചി: അതിരൂപതയിലെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പുറത്ത്. അതിരൂപതയോട് വിശ്വാസ വഞ്ചന നടത്തി ചതി ചെയ്ത് സഭയ്ക്ക് കരുതിക്കൂട്ട അന്യായ നഷ്ടം വരുത്തിവച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അതിരുപതയ്ക്ക് 27 കോടി രൂപ കിട്ടേട്ട വസ്തു 36 യൂണിറ്റുകളായി 13.50 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 406, 415 എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഒന്നാം പ്രതി. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, സാജു വര്‍ഗീസ് എന്നിവരാണ് മറ്റു പ്രതികള്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്ബാകെ സമര്‍പ്പിക്കേണ്ട എഫ്.ഐ.ആര്‍ ആണിത്. 2018 മാര്‍ച്ച്‌ 12ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉച്ചകഴിഞ്ഞ് 1.50നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ ആവലാതിക്കാരന്‍ സഭാംഗമായിട്ടുള്ള എറണാകുളം-അങ്കമാലി അതിരൂപതയെ വിശ്വാസ വഞ്ചന നടത്തി ചതി ചെയ്ത് സഭയ്ക്ക് അന്യായ നഷ്ടം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി സഭയുടെ ഉടമസ്ഥതയിലും അധികാരത്തില്‍പെട്ടതും അഞ്ച് വിവിധ സ്ഥലങ്ങളില്‍ കിടക്കുന്നതുമായ സെന്റ് ഒന്നിന് 9 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്ന ആകെ 301.76 സെന്റ് സ്ഥലം 27,15,84,000 രൂപയ്ക്ക് വില്‍ക്കാനുള്ള സഭയുടെ തീരുമാനത്തിനും നിര്‍ദേശത്തിനും വിരുദ്ധമായി പ്രതികള്‍ 06.07.2016 നും 05.09.2017നും ഇടയ്ക്കുള്ള കാലയളവില്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയ പ്രസ്തുത സ്ഥലങ്ങള്‍ 36 യൂണിറ്റുകളായി 13,51,44,260 രൂപയ്ക്ക് വില്പ നടത്തി വിശ്വാസ വഞ്ചന നടത്തിയ എറണാകുളം അങ്കമാലി അതിരൂപതയെ ചതി ചെയ്തു' എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിനെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കുകയാണ്. അതിനിടെ, സീറോ മലബാര്‍ സഭയുടെ സമ്ബൂര്‍ണ്ണ സിനഡ് അടിയന്തരമായി ചേരാന്‍ തീരുമാനമായി. ജൂണ്‍ മാസത്തില്‍ ചേരേണ്ടിയിരുന്ന സിനഡ് ആണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ചേരുന്നത്. നാളെ ചേരുന്ന സ്ഥിരം സിനഡിന് ശേഷം സമ്ബൂര്‍ണ്ണ സിനഡിന്റെ തീയതി നശ്ചയിക്കും. സഭയിലെ മുഴുവന്‍ ബിഷപ്പുമാരും സിനഡില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ജനുവരിയില്‍ ചേര്‍ന്ന സമ്ബൂര്‍ണ സിനഡില്‍ ഭൂമി വിവാദം ചര്‍ച്ചയായെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ല. പ്രശ്നം പഠിച്ച്‌ പരിഹാരം കണ്ടെത്താന്‍ അഞ്ചംഗ ബിഷപ് സമിതിയെ നിയോഗിക്കുകയാണ് ഉണ്ടായത്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ഒരു പക്ഷേ അടുത്ത സമ്ബൂര്‍ണ്ണ സിനഡില്‍ വച്ചേക്കും. ഇതിനിടെ, കഴിഞ്ഞ ദിവസം കെ.സി.ബി.സിയും പ്രശ്നത്തില്‍ ഇടപെട്ടുവെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!