കടലിലെ മൃതദേഹങ്ങള്‍ മത്സ്യം ഭക്ഷിക്കുന്നു എന്നത് അടിസ്ഥാന രഹിതം: അഭ്യൂഹങ്ങള്‍ കാരണം മത്സ്യ വില്‍പ്പനയില്‍ വന്‍ ഇടിവ് 

Published on: 11:45am Tue 26 Dec 2017

A- A A+

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രിസ്മസ് ദിനത്തിലടക്കം മത്സ്യവില്‍പനയില്‍ വന്‍ ഇടിവാണ് ഇക്കുറി ഉണ്ടായത്

മത്സ്യം കഴിക്കരുതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മത്സ്യത്തൊഴിലാളികള്‍. ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ മത്സ്യങ്ങള്‍ കഴിക്കുന്നതിനാല്‍ രണ്ടു മാസത്തേക്ക് മത്സ്യം കഴിക്കരുതെന്ന ഉപദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് മത്സ്യവില്‍പ്പനയെ വന്‍തോതില്‍ ബാധിച്ച സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുന്നത്. 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രിസ്മസ് ദിനത്തിലടക്കം മത്സ്യവില്‍പനയില്‍ വന്‍ ഇടിവാണ് ഇക്കുറി ഉണ്ടായത്. എന്നാല്‍ മൃതദേഹങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിക്കുന്നു എന്നത് തികച്ചും വസ്തുതാ വിരുദ്ധമാണെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. ജീവനുള്ള ഇരകള്‍ മാത്രമേ മീനുകള്‍ ഭക്ഷിക്കൂവെന്നും ഒരു കാരണം കൊണ്ടും അഴുകിയ മൃതദേഹങ്ങള്‍ കഴിക്കില്ലായെന്നും ഇവര്‍ പറയുന്നു.

ഇത്തരം കുപ്രചാരണങ്ങള്‍ക്കു പിന്നില്‍ സംസ്ഥാനത്തെ ഇറച്ചി വില്‍പ്പന ലോബികളാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. സുനാമിക്ക് ശേഷവും ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു.