നാടിറങ്ങിയ വാനരപ്പട

Published on: 2:21pm Sat 12 Aug 2017

A- A A+

2 മാസം മുമ്പ് മൂക്കുന്നിമലയില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ മൂക്കുന്നിമലയിലെ അടിക്കാടുകള്‍ ഉള്‍പ്പെടെയുള്ള വലിയൊരു പ്രദേശം കത്തിയമര്‍ന്നിരുന്നതിനെ തുടർന്ന് കാടുവിട്ടിറങ്ങിയ വാനരപ്പട 5 കിലോമീറ്റര്‍ സഞ്ചരിച്ചു ബാലരാമപുരത്തിനടുത്ത് എരുത്താവൂര്‍ മലയിലെത്തിയത്

തിരുവനന്തപുരം: മൂക്കുന്നിമല വിട്ടിറങ്ങിയ വാനരപ്പട 5 കിലോമീറ്റര്‍ താണ്ടി എരുത്താവൂരില്‍ താവളം ഉറപ്പിച്ചു. 2 മാസം മുമ്പ് മൂക്കുന്നിമലയില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ മൂക്കുന്നിമലയിലെ അടിക്കാടുകള്‍ ഉള്‍പ്പെടെയുള്ള വലിയൊരു പ്രദേശം കത്തിയമര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് കാടുവിട്ടിറങ്ങിയ വാനരപ്പട 5 കിലോമീറ്റര്‍ സഞ്ചരിച്ചു ബാലരാമപുരത്തിനടുത്ത് എരുത്താവൂര്‍ മലയിലെത്തി. മൂവായിരത്തിനു മുകളില്‍ വാനരന്മാര്‍ ഇവിടെ താവളം ഉറപ്പിച്ചിട്ടുള്ളതായി സ്ഥലവാസികള്‍ പറയുന്നു. 

കേരളാ പഴനി എന്നറിയപ്പെടുന്ന എരുത്താവൂര്‍ മലമുകളിലെ പ്രാചീന ക്ഷേത്രമായ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരമാണ് പ്രധാന താവളം. ജനങ്ങളെ ഉപദ്രവിക്കാറില്ലെങ്കിലും ക്ഷേത്ര വസ്തുവകകള്‍ക്ക് വന്‍ നാശമാണ് വരുത്തുന്നത്. ഇരുന്നൂറിലേറെ വരുന്ന പടിക്കെട്ടുകള്‍ക്ക് ഇരുവശവുമുള്ള വൈദ്യുത വിളക്കുകള്‍ നശിപ്പിക്കുന്നതും, ഇലക്ട്രിക് വയറുകളില്‍ തൂങ്ങി ആടുന്നത് കാരണം അവ പൊട്ടിവീഴുന്നതും പതിവായിക്കഴിഞ്ഞു. പടുകൂറ്റന്‍ നിയോണ്‍ ബോഡുകള്‍ പോലും വാനരന്മാരുടെ കളിവിളയാട്ടത്തില്‍ നശിച്ചു. നാലമ്പലത്തിനുള്ളില്‍ കടന്ന് നിവേദ്യം പാത്രത്തോടെ എടുത്തുകൊണ്ട് പോകാറുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വിജനമായ കുന്നിന്‍ ചരുവുകളിലെ ചോല കാടുകളില്‍ വിരഹിക്കുന്ന വാനരന്മാരെക്കുറിച്ച് തല്ക്കാലം വനം വകുപ്പിനോട്  പരാതിപ്പെടേണ്ടെന്നാണ്  ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം.