ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി നല്‍കിയത് പുതു തലമുറ; യുവാക്കള്‍ പിന്തുണച്ചത് കോണ്‍ഗ്രസിനെയെന്ന് റിപ്പോര്‍ട്ടുകള്‍

Published on: 1:51pm Wed 27 Dec 2017

A- A A+

ഗുജറാത്തിലെ യുവതലമുറ ബി.ജെ.പിയെ കയ്യൊഴിഞ്ഞതാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താന്‍ ആറാം തവണയും കഴിഞ്ഞെങ്കിലും ബി.ജെ.പിയുടെ ഉരുക്കു കോട്ടയായ സംസ്ഥാനത്ത്  പാര്‍ട്ടിയുടെ ഭാവി ഇപ്പോള്‍ സംശയ നിഴലിലാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറഞ്ഞതും കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റവുമാണ് ഇത്തരം സംശയത്തിനിട നല്‍കിയിരിക്കുന്നത്. 

ഗുജറാത്തിലെ യുവതലമുറ ബി.ജെ.പിയെ കയ്യൊഴിഞ്ഞതാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെറും തൊണ്ണൂറിലധികം സീറ്റുകളിലേക്ക് ചുരുക്കിയത് കൗമാരം വിടുന്നവരും യൗവ്വനാരംഭത്തില്‍ നില്‍ക്കുന്നവരും കോണ്‍ഗ്രസിനെ പിന്തുണച്ചത് കൊണ്ടാണെന്നാണ് സൂചന. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതലമുറയെ ബിജെപിയെക്കാള്‍ സ്വാധീനിച്ചത് കോണ്‍ഗ്രസ് തന്നെയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളും വ്യക്തമാക്കുന്നത്. 

പ്രായം തിരിച്ചുള്ള വോട്ടിംഗിന്റെ വിലയിരുത്തലുകളില്‍ 18-25 പ്രായത്തിനിടയിലുള്ളവരിലെ വോട്ടിംഗ് ശതമാനത്തില്‍ നേരിയ വ്യത്യാസം കണ്ടെത്താന്‍ കോണ്‍ഗ്രസിനായി. ബിജെപിയ്ക്ക് 44 ശതമാനം വോട്ട് ചെയ്തപ്പോള്‍ 45 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിനാണ് കിട്ടിയത്. 11 ശതമാനം വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് പോയി. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ കിട്ടിയ 115 സീറ്റുകളില്‍ നിന്നുമാണ് ഇത്തവണ ഭരണകക്ഷിയുടെ സീറ്റ് 99 ആയി കുറഞ്ഞത്. ഇതിന് കാരണം ഈ പ്രായത്തിലുള്ളവരുടെ വോട്ട് മറിഞ്ഞതാണെന്നാണ് വിലയിരുത്തല്‍.

മറ്റ് പ്രായ വിഭാഗത്തിലും നേരിയ വ്യത്യാസം മാത്രമാണുള്ളത്. 26-35 പ്രായക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസിനെ 42 ശതമാനം പിന്തുണയ്ക്കുമ്പോള്‍ ബിജെപിയ്ക്ക് 47 ശതമാനമാണ് പിന്തുണ. 36-50 പ്രായക്കാര്‍ക്കിടയില്‍ 41 ശതമാനമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത്. ബിജെപിയെ 48 ശതമാനവും പിന്തുണ നല്‍കുന്നു. 50 വയസ്സിന് മുകളിലേക്ക് ഗ്രാമത്തിലും നഗരത്തിലും ബിജെപിയ്ക്ക് കാര്യമായ പിന്തുണ.  നഗര വോട്ടുകള്‍ വ്യാപകമായി പിടിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞതാണ് ഭരണതുടര്‍ച്ചയ്ക്ക് സഹായിച്ചത്. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പിടി അയയുകയാണെന്നും ഇത് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍  കാര്യമായ പ്രതിഫലനം സൃഷ്ടിച്ചേക്കുമെന്ന് സൂചനയുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!