നഷ്ടപരിഹാരം ചോദിച്ചത് സംസ്ഥാന സര്‍ക്കാരിനോട്; മുസ്ളീമാണെന്ന് അംഗീകരിക്കും വരെ അച്ഛനമ്മമാരെ കാണുകയില്ലെന്ന് ഹാദിയ

Published on: 2:51pm Tue 13 Mar 2018

A- A A+

താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന തരത്തില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകളോടാണ് ഹാദിയ പ്രതികരിച്ചത്

കോഴിക്കോട് : തന്റെ രണ്ടര വര്‍ഷം നശിപ്പിച്ചതിന് നഷ്ടപരിഹാരം താന്‍ ചോദിച്ചത് സര്‍ക്കാരിനോടാണെന്നും മാതാപിതാക്കളോടല്ലെന്നും ഹാദിയ. മുസ്ളീമായി മതം മാറിയുള്ള വിവാഹവും ഭര്‍ത്താവിനോടൊപ്പം ജീവിക്കാനും സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന തരത്തില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകളോടാണ് ഹാദിയ പ്രതികരിച്ചത്.

രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തേണ്ടി വന്നതിനാല്‍ വലിയ നഷ്ടമാണ് ഉണ്ടായത്. അതിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന രീതിയില്‍ ചില വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത് തെറ്റാണ്. താന്‍ ചോദിച്ചത് സര്‍ക്കാരിനോടാണെന്നും പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതം ഭയാനകമായിരുന്നു. വ്യംഗമായി പറഞ്ഞാല്‍ വീട്ടു തടങ്കലില്‍ തന്നെ.

ജീവിതത്തിലെ വിലപ്പെട്ട രണ്ടു വര്‍ഷമാണ് നഷ്ടമായത്. എന്നെ ഉപദ്രവിക്കണമെന്ന് മാതാപിതാക്കള്‍ ഒരിക്കലും ആഗ്രഹിക്കുമെന്ന് വിചാരിക്കുന്നില്ല. എന്നാല്‍ അവര്‍ ചില ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ ആയിരുന്നു. ഈ ദേശവിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു. ദേശവിരുദ്ധ ശക്തികള്‍ ആരെന്ന് വ്യക്തമായി പറയാന്‍ ഹാദിയ തയ്യാറായില്ല.

തന്നെ മുസ്ളീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ലെന്നും അവര്‍ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ അല്‍പ്പം കൂടി സമയം ആവശ്യമാണെന്നും ഹാദിയ പറഞ്ഞു. സംഭവങ്ങളുമായി പൊരുത്തപ്പെടാന്‍ മാതാപിതാക്കള്‍ക്ക് സമയം ആവശ്യമാണെന്നും പറഞ്ഞു. മാര്‍ച്ച്‌ 8 നായിരുന്നു ഭര്‍ത്താവ് ഷഫീന്‍ ജഹാനുമായുള്ള വിവാഹം സുപ്രീംകോടതി ശരിവെച്ചത്. കേരളത്തില്‍ ഹിന്ദു കുടുംബത്തില്‍ ജനിച്ച ഹാദിയ മതംമാറി മുസ്ളീമാകുകയും ഇതിനെതിരേ മാതാപിതാക്കള്‍ രംഗത്ത വരികയും ചെയ്യുകയായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!