ഹായില്‍ ട്രെയിന്‍ സര്‍വീസ് 26 മുതല്‍

Published on: 8:35am Mon 13 Nov 2017

A- A A+

തെക്കുവടക്കു പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന്റെ രണ്ടാം ഘട്ടമാണിത്. ആദ്യഘട്ട സര്‍വീസ് ഫെബ്രുവരി 26 ന് ആരംഭിച്ചിരുന്നു 

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനത്തുനിന്ന് ഹായിലിലേക്കുള്ള ട്രെയിന്‍ സര്‍വീസ് 26 ന് ആരംഭിക്കുമെന്ന് സൗദി റെയില്‍വേ കമ്പനി അറിയിച്ചു. തെക്കുവടക്കു പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന്റെ രണ്ടാം ഘട്ടമാണിത്. ആദ്യഘട്ട സര്‍വീസ് ഫെബ്രുവരി 26 ന് ആരംഭിച്ചിരുന്നു. 

റിയാദിനെ മജ്മ, അല്‍ഖസീം, ഹായില്‍, അല്‍ജൗഫ് വഴി ഉത്തര സൗദിയിലെ ഖുറയ്യാത്തുമായി ബന്ധിപ്പിക്കുന്ന തെക്കുവടക്കു പാതയില്‍ ആദ്യഘട്ടമായി റിയാദില്‍നിന്ന് അല്‍ഖസീമിലേക്കാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.

റിയാദ്, മജ്മ, അല്‍ഖസീം സ്റ്റേഷനുകള്‍ക്കിടയിലാണ് അന്നു സര്‍വീസ് തുടങ്ങിയത്. ഹായിലിലേക്കുള്ള സര്‍വീസിന്റെ ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിക്കും.

തെക്കുവടക്കു പാതയിലെ മൂന്നും നാലും ഘട്ടങ്ങളായ അല്‍ജൗഫ്, ഖുറയ്യാത്ത് സ്റ്റേഷനുകളിലേക്കുള്ള സര്‍വീസുകള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നു സൗദി റെയില്‍വേ കമ്പനി സി.ഇ.ഒ: ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു. 
മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതി അന്തിമഘട്ടത്തിലാണ്. 

ഈ പദ്ധതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയെയും റിയാദിനെയും റെയില്‍പാതയില്‍ ബന്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!