പ്രമുഖരില്ലാതെ ഇന്ത്യ ഇന്ന് ലങ്കക്കെതിരെ; ടീമിനെ രോഹിത് നയിക്കും

Published on: 4:13pm Tue 06 Mar 2018

A- A A+

കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫിക്കായുള്ള ത്രിരാഷ്ട്ര ട്വന്റി-20 പരമ്ബര ഇന്ന് ആരംഭിക്കും. ഏഴു മണി മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

വിരാട് കോഹ്ലി, എം.എസ് ധോണി, ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ശ്രീലങ്കയുടെ എഴുപതാം സ്വാതന്ത്ര്യാഘോഷങ്ങളുടെ ഭാഗമായാണു നിദാഹാസ് ട്വന്റി20 ടൂര്‍ണമെന്റ്. ഇന്ത്യയും ലങ്കയും സീസണില്‍ ഇതുവരെ 18 രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റുമുട്ടി (ആറ് ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും നാല് ട്വന്റി20കളും). കഴിഞ്ഞ ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ 9-0 ത്തിനു സമ്ബൂര്‍ണ ജയം നേടിയിരുന്നു. മത്സരം നടക്കുന്ന റമോണ്‍ പ്രേമദാസ സ്റ്റേഡിയത്തിന്റെ പിച്ച്‌ മെല്ലെപ്പോക്കിനു പ്രസിദ്ധമാണ്.

യുസ്വേന്ദ്ര ചാഹാല്‍, ജയ്ദേവ് ഉനാത്കട്ട്, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ തുടങ്ങിയ താരങ്ങളാണ് അവസരം കാത്തിരിക്കുന്നത്. ലങ്ക ഭയക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍. ഡിസംബറില്‍ നടന്ന ദ്വിരാഷ്ട്ര പരമ്ബരയില്‍ 43 പന്തില്‍ 118 റണ്ണെടുത്ത രോഹിത് ലങ്കയെ തരിപ്പണമാക്കി. പരമ്ബരയില്‍ ആകെ 278 റണ്ണാണു രോഹിത് അടിച്ചെടുത്തത്.

മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്, അസേല ഗുണരത്നെ, പേസര്‍ സീഷന്‍ മധുശങ്ക എന്നിവര്‍ പരുക്കു മൂലം കളിക്കാത്തതു ലങ്കയ്ക്കു തിരിച്ചടിയാണ്. ബംഗ്ലാദേശിനെതിരേ നടന്ന ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക്ക് വിക്കറ്റെടുക്കാന്‍ സീഷനായി.

ടീം ഇന്ത്യ- രോഹിത് ശര്‍മ (നായകന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹാല്‍, അക്ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ജയദേവ് ഉനാത്കട്ട്, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്. 

ടീം ലങ്ക- ദിനേഷ് ചാന്‍ഡിമല്‍, സുരംഗ ലാക്മല്‍, ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലകെ, കുശല്‍ മെന്‍ഡിസ്, ദാസുന്‍ ശനക, കുശല്‍ ജനിത് പെരേര, തിസാര പെരേര, ജീവന്‍ മെന്‍ഡിസ്, ഇസ്റു ഉദാന, അകില ധനഞ്ജയ, അമില അപോന്‍സോ, നുവാന്‍ പ്രദീപ്, ദുഷ്മന്ത ചാമീര, ഡി സില്‍വ.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!