ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് സ്പോർട്സ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി എംഫ്ലക്സ് മോട്ടോർസ്

Published on: 4:04pm Sat 27 Jan 2018

A- A A+

എംഫ്ലക്സ് വൺ എന്നാണ് വാഹനത്തിൻെറ പേര്

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് സംരംഭമായ എംഫ്ലക്സ് മോട്ടോർസ് ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് സ്പോർട്സ് ബൈക്ക് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ഓട്ടോ എക്സ്പോ 2018ൽ വാഹനത്തിൻെറ മാതൃക കമ്പനി അവതരിപ്പിക്കും. ഇരട്ട എ.ബി.എസ് ഉൾപ്പടെ ഏറ്റവും ഉയർന്ന സവിശേഷതകളുള്ള ഇലക്ട്രോണിക് സ്പോർട്സ് ബൈക്കായിരിക്കും എംഫ്ലക്സ് അവതരിപ്പിക്കുക. എംഫ്ലക്സ് വൺ എന്നാണ് വാഹനത്തിൻെറ പേര്.

വിദേശങ്ങളിൽ കൂടി വാഹനം ലഭ്യമാക്കാനുള്ള പദ്ധതികൾ കമ്പനി ആവിഷ്കരിച്ചു വരികയാണ്. ഇതിനായി യൂറോപ്പ്, കാനഡ, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വിതരണക്കാരെ തേടുകയാണ് എംഫ്ലക്സ്. ഇതെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഓട്ടോ എക്സ്പോയിൽ ലഭ്യമാകും. വാഹനത്തിൻെറ വിലയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, 5 മുതൽ 6 ലക്ഷത്തിനടുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈ സ്പീഡ് എംഫ്ലക്സ്:-

സംഭവം ഇലക്ട്രിക് വാഹനമാണെങ്കിലും കരുത്തിൻെറ കാര്യത്തിൽ കോംപർമൈസ് ഇല്ല. മണിക്കൂറിൽ 200 കിലോമീറ്ററാണ് എംഫ്ലക്സ് വണ്ണിൻെറ ഏറ്റവും ഉയർന്ന വേഗത. പൂജ്യം മുതൽ നൂറു കിലോമീറ്റർ വേഗമെത്താൻ വേണ്ടത് വെറും 3 സെക്കൻറ് മാത്രം!. 71 ബി.എച്ച്.പി പവറും 84 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ കരുത്തുള്ള മോട്ടോറാണ് വാഹനത്തിലുള്ളത്. സാംസങ്ങ് ലിഥിയം അയോണിൻെറ 9.7 കിലോവാട്ട് ഹൈപവർ സെല്ലാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല കൺട്രോളറിൽ നിന്നും 53 കിലോവാട്ട് എ.സി ഇൻറക്ഷൻ മോട്ടറും ഉപയോഗിച്ചിട്ടുണ്ട്. 

എത്ര കിലോമീറ്റർ ഓടും:-

ഇലക്ട്രിക് സ്പോർട്സ് ബൈക്കാണെങ്കിലും ബാറ്ററി ബാക്കപ്പ് അത്ര കുറവൊന്നുമല്ല. ഫുൾ ചാർജാണെങ്കിൽ സിറ്റി റൈഡിങ്ങിൽ 200 കിലോമീറ്റർ വരെ ഓടിക്കാമെന്നാണ് കമ്പനി പറയുന്നത്. ഹൈവേയാണെങ്കിൽ സ്പീഡും, ഓടിക്കുന്ന രീതിയും അനുസരിച്ചാകും ബാറ്ററി ബാക്കപ്പ്.

എങ്ങനെ വാങ്ങാം:-

2019 ആദ്യത്തോടെ തന്നെ വാഹനം ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ വാഹനത്തിൻെറ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ എംഫ്ലസ്ക് ആരംഭിക്കുന്ന എക്സ്പീരിയസ് സെൻററുകൾ വഴിയാകും വിൽപ്പന. ആവശ്യക്കാർക്ക് ടെസ്റ്റ് റൈഡ് നടത്താനും കമ്പനി അവസരമൊരുക്കും. വാഹനം ഓൺലൈനിലൂടെ ഡിജിറ്റൽ പേമെൻറ് സംവിധാനം വഴി മാത്രമേ വാങ്ങാനാകൂ എന്ന പ്രത്യേകതയും എംഫ്ലക്സ് വണ്ണിനുണ്ട്.