ബാങ്കുവിളി ഉറക്കം കളയുന്നു; ഒരു വര്‍ഷത്തിന് ശേഷം സോനു നിഗത്തെ പിന്തുണച്ച്‌ ജാവേദ് അക്തര്‍

Published on: 8:50pm Thu 08 Feb 2018

A- A A+

കഴിഞ്ഞ വര്‍ഷമാണ് സോനു ബാങ്കുവിളിയെ വിമര്‍ശിച്ചത്

മുംബൈ: മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്കുവിളിക്കെതിരെ രംഗത്ത് വന്ന ഗായകന്‍ സോനു നിഗം രൂക്ഷവിമര്‍ശനത്തിനിരയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സോനു ബാങ്കുവിളിയെ വിമര്‍ശിച്ചത്. വീടിന് സമീപത്തെ പള്ളിയില്‍ നിന്നുള്ള ബാങ്കുവിളി കേട്ടുകൊണ്ടാണ് തനിക്ക് എഴുന്നേല്‍ക്കേണ്ടി വരുന്നതെന്നും ഈ നിര്‍ബന്ധിത മതാനുസരണം അവസാനിപ്പിക്കണമെന്നുമായിരുന്നു സോനുവിന്റെ പ്രസ്താവന. സംഭവം വിവാദമായതോടെ സോനുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണമുണ്ടാകുകയും ചെയ്തു.

വിഷയത്തില്‍ ഒരു വര്‍ഷത്തിന് ശേഷം സോനുവിനെ പിന്തുണച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് ഗാനരചയിതാവായ ജാവേദ് അക്തര്‍. പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് ആഗ്രഹിക്കുന്ന സോനു നിഗം ഉള്‍പ്പെടെയുള്ള എല്ലാവരുമായും യോജിക്കുന്ന ആളാണ് താനെന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.

തെറ്റായ ഏത് കാര്യത്തിനുമെതിരെയും ഞാന്‍ ശബ്ദമുയര്‍ത്തും നിങ്ങളുടെ പ്രശ്നം നിങ്ങള്‍ മറ്റുള്ളവരുടെ കുറ്റം മാത്രമേ കാണൂ. സ്വയം കാണില്ല എന്നതാണ്- തൊട്ടുപിന്നാലെ ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. ജാവേദ് അക്തറിനെ പിന്തുണച്ചും എതിര്‍ത്തും ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

ബാങ്കുവിളി എന്നത് നമസ്കാരത്തിനുള്ള ആഹ്വാനമാണെന്നും അത് ഉറക്കമുണര്‍ത്താനുള്ളതല്ലെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. ആരാധനാലയങ്ങളില്‍ നിന്നുള്ള ശബ്ദത്തില്‍ അസ്വസ്ഥനാകുന്ന ജാവേദിന് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളില്‍ നിന്നുള്ള ശബ്ദം അരോചകമായി തോന്നുന്നില്ലേയെന്ന് മറ്റൊരാള്‍ ചോദിച്ചു. എന്നാല്‍ ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കര്‍ ശബ്ദമലിനീകരണമാണെന്ന നിലപാടിലാണ് മറുവിഭാഗം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!