10 വര്‍ഷം ഗ്യാരന്റി പറഞ്ഞ സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ കടലെടുത്തു; കയര്‍ചാക്കും ജിയോ ബാഗും രക്ഷയായില്ല ; തീരത്തിനു കാവലായത് കരിങ്കല്ല് മാത്രം

Published on: 9:06am Wed 06 Dec 2017

A- A A+

കരിങ്കല്ലിന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും കല്ലുപയോഗിച്ച് പുലിമുട്ടോടുകൂടിയ കടല്‍ഭിത്തികളാണ് ശക്തമായ തിരകളെ പ്രതിരോധിക്കാന്‍ പര്യാപ്തമെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

ആലപ്പുഴ: കടല്‍ഭിത്തി നിര്‍മാണത്തിന് കരിങ്കല്ല് ഉപയോഗിക്കാന്‍ വീണ്ടും അനുമതി. ജിയോ സിന്തറ്റിക് ബാഗുകളും റബെറെസ്ഡ് കയര്‍ ഉപയോഗിച്ചുള്ള പ്രവൃത്തികളും ഫലപ്രദമാകുന്നില്ലെന്നു കണ്ടെത്തിയാണ് നേരത്തേ ക്ഷാമവും അധികച്ചെലവും കണക്കിലെടുത്ത് ഉപേക്ഷിച്ച കരിങ്കല്ലിനെ തിരിച്ചുകൊണ്ടുവരുന്നത്.

കഴിഞ്ഞ മണ്‍സൂണ്‍ കാലത്താണ് കടല്‍ഭിത്തി നിര്‍മാണത്തിനു കരിങ്കല്ല് ഉപയോഗിക്കേണ്ടെന്ന് ഇറിഗേഷന്‍ വകുപ്പിനു നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് ജിയോബാഗ് സംവിധാനം പരീക്ഷിച്ചു. ഡല്‍ഹിയില്‍നിന്നു കൊണ്ടുവന്ന പോളി പ്രൊപ്പിലീന്‍ ബാഗുകളില്‍ മണ്ണു നിറച്ച് തീരത്തു നിരത്തി. ലക്ഷക്കണക്കിന് രൂപ ചെലവിട്ടാണ് വിദേശ മാതൃകയില്‍ ആലപ്പുഴ ജില്ലയില്‍ കാട്ടൂര്‍, അമ്പലപ്പുഴ, നീര്‍ക്കുന്നം തുടങ്ങിയ ഭാഗങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ചത്. പത്തു വര്‍ഷം ഗ്യാരന്റി പ്രഖ്യാപിച്ച സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ കടലെടുത്തു.

ശേഷിച്ചവ ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ ഒലിച്ചുപോയി. പൊള്ളേെത്തെ മേഖലയില്‍ കയര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണവും വിജയിച്ചില്ല. പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി എന്ന പേരിലാണ് നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് രൂപകല്‍പന ചെയ്ത റബെറെസ്ഡ് കയര്‍ ചാക്കുകള്‍ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്‌സിന്റെ ആലപ്പുഴയിലെ ഫാക്ടറിയില്‍ നിര്‍മിച്ചുപുറത്തിറക്കിയത്. ഇവയില്‍ മണല്‍ നിറച്ച് തീരത്ത് അട്ടിയിട്ടു.

രണ്ടു മീറ്റര്‍ നീളവും 1.4 മീറ്റര്‍ വീതിയുമുള്ള കയര്‍ ചാക്കുകള്‍ തിരമാലയെ പ്രതിരോധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. പരീക്ഷണം ഫലപ്രദമായാല്‍ സംസ്ഥാനത്താകെ കടല്‍ക്ഷോഭമുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാനായിരുന്നു ആലോചന. എന്നാല്‍ ശക്തമായ തിരയില്‍ ബാഗുകള്‍ വിണ്ടുകീറുന്നതായി ഇറിഗേഷന്‍ വകുപ്പ് കണ്ടെത്തി. ഒരു മീറ്ററില്‍ ജിയോബാഗ് ഉപയോഗിച്ചുള്ള നിര്‍മാണത്തിന് 13,000 രൂപ ചെലവുവരുമെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ കണക്ക്. കരിങ്കല്ല് ഉപയോഗിച്ചാല്‍ മീറ്ററിന് 15,000 രൂപയാകും.

കരിങ്കല്ലിന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും കല്ലുപയോഗിച്ച് പുലിമുട്ടോടുകൂടിയ കടല്‍ഭിത്തികളാണ് ശക്തമായ തിരകളെ പ്രതിരോധിക്കാന്‍ പര്യാപ്തമെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. അതോടൊപ്പം ജിയോട്യൂബ് സംവിധാനം പരീക്ഷിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.