എ.കെ ബാലന്‍ മിണ്ടരുത്.. ബീഫ് കിട്ടാതായാല്‍ രാജേഷ് അട്ടപ്പാടിയില്‍ ചെന്ന് ബീഫ് മേളയും, നിരാഹാരവും നടത്തിയേനെ; യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ കെ.സുരേന്ദ്രന്‍

Published on: 12:07pm Fri 23 Feb 2018

A- A A+

ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രൻെറ പ്രതികരണം

അട്ടപ്പാടിയില്‍ മനോവൈകല്യമുള്ള ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സംഭവത്തില്‍ ആഞ്ഞടിച്ച്‌ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തു വന്നു. മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും ആയിരുന്നുവെങ്കില്‍ മോദി രാജ്യവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റുകാരും, കോണ്‍ഗ്രസുകാരും ഇപ്പോള്‍ സമരം തുടങ്ങിയേനെയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രൻെറ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ കമ്യൂണിസ്ടുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കേരളത്തിലെ സച്ചിദാനന്ദനും ജമാ അത്ത് രാമനുണ്ണിയും അടക്കം പലരും പുരസ്കാരം( തുക ഒഴിച്ച്‌) മടക്കുമായിരുന്നു. ചാനല്‍ ചര്‍ച്ചക്കുവേണ്ടി മാത്രം എം. പി മാരായ നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷും കൂട്ടരും പാര്‍ലമെന്‍റിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ ഇന്നലെ രാത്രി തന്നെ ഒരു ധര്‍ണ്ണ നടത്തി അതിന്‍റെ പടം ഇന്നത്തെ പത്രത്തില്‍ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു.

ഡിഫി മുതല്‍ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്ളവസംഘടനകള്‍ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. നമ്ബര്‍ വണ്‍ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിന്‍റെ മണ്ഡലത്തില്‍പെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലന്‍ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികള്‍ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്.

ശതകോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ഇവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങള്‍ക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാര്‍ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്നം ബീഫ് കിട്ടാത്തതായിരുന്നെങ്കില്‍ രാജേഷ് അട്ടപ്പാടിയില്‍ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാല്‍ ഒരാഴ്ച നിരാഹാരവും കിടന്നേനെ.

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!