എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കല്‍; കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

Published on: 6:50pm Tue 05 Dec 2017

A- A A+

സെൻസർ ബോർഡ് നടപടിക്കെതിരെ സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി:  സനല്‍കുമാര്‍ ശശിധരന്‍റെ എസ്.ദുര്‍ഗ എന്ന ചിത്രത്തിന് നല്‍കിയ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടി. എസ്. ദുർഗയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരെ സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കുകയായിരുന്നു. ജൂറിയുടെ പരാതിയെ തുടര്‍ന്നാണ് സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ഷിപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. തുടര്‍ന്ന് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചില്ല.

സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗയും രവി ജാദവിന്‍റെ മറാത്തി ചിത്രം ന്യൂഡും ഐഎഫ്എഫ്‌ഐയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ വിവാദമായിരുന്നു. ചിത്രത്തിന്‍റെ പേരില്‍ നിന്ന് 'സെക്സി' എന്ന വാക്ക് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ചാണ് 'എസ്.ദുര്‍ഗ' എന്ന പേര് മാറ്റിയത്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!