കിമ്മിന്റെ മിസൈല്‍ വിക്ഷേപണം കൊറിയന്‍ ജനതയ്ക്കു ആഘോഷം

Published on: 9:26am Sun 03 Dec 2017

A- A A+

ബാലിസ്റ്റിക് മിസൈലിനു ശേഷമാണ് നൃത്തം ചെയ്തും, പടക്കം പൊട്ടിച്ചും ദേശീയ ഉത്സവമാക്കി ജനത തെരുവിലേക്കിറങ്ങിയത്.

സോള്‍: ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം ആഘോഷിച്ച് കൊറിയന്‍ ജനത തെരുവില്‍. വിക്ഷേപണം ദേശീയ ആഘോഷമാക്കിയാണ് ഉത്തരകൊറിയ ഏറ്റെടുത്തത്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം തുടരുന്നത്.

അടുത്തിടെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനു ശേഷമാണ് നൃത്തം ചെയ്തും, പടക്കം പൊട്ടിച്ചും ദേശീയ ഉത്സവമാക്കി ജനത തെരുവിലേക്കിറങ്ങിയത്. ഇതു സംബന്ധിച്ച വിവരം പ്യോങ്യാങ്ങിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് ശനിയാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപണം നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കി.

വിക്ഷേപണം നഗരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ ടെലിവിഷന്‍ സെറ്റുകളിലൂടെ കണ്ട് സൈനികരും, ജനങ്ങളും കൈയ്യടിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്. രാജ്യത്തെ ഭരണപക്ഷ പാര്‍ട്ടിയുടെ മുഖപത്രമായ റോഡങ് സിന്‍മന്‍ ആദ്യ പേജില്‍ തന്നെ ചിത്രങ്ങളോടെ വന്‍ വാര്‍ത്തയാക്കിയാണ് നല്‍കിയിരിക്കുന്നത്. 50 മിനിറ്റോളം പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണ് പതിച്ചത്.