'പ്രതീക്ഷ' യുമായി ലിപിക

Published on: 11:46am Mon 27 Nov 2017

A- A A+

സിനിമ എന്നത് എന്നും ഒരു ആവേശമായിരുന്നു. എഴുത്ത് , നാടകം അതെല്ലാം ഇഷ്ടമായിരുന്നു. എന്റെ ക്രിയാത്മകത നല്ല രീതിയില്‍ ആള്‍ക്കാരിലേക്കു എത്തിക്കാന്‍ സിനിമ നല്ലൊരു മാധ്യമമാണെന്നു തോന്നി.

സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന പ്രതീക്ഷ  എന്ന ഫോട്ടോ സ്റ്റോറിയുടെ വിശേഷങ്ങളുമായി സംവിധായിക ലിപിക.

എന്താണ് പ്രതീക്ഷ ?

എല്ലാവരുടെയും മനസില്‍ ഉള്ളൊരു കഥയാണ് പ്രതീക്ഷ . തറവാട്ടു വീട് അവിടെ യാഥാസ്ഥിതികയായി വളരുന്ന പെണ്‍കുട്ടി. അവളുടെ സ്വപ്നങ്ങളിലെ കളിക്കൂട്ടുകാരന്‍. അവന്റെ തിരിച്ചു വരവ് പുനഃസമാഗമം എല്ലാം. പക്ഷെ പ്രതീക്ഷ വ്യത്യസ്തമാകുന്നത് ആ പെണ്‍കുട്ടി ഗായത്രി ആകുമ്പോഴാണ്.. ഗോപി തിരിച്ചു വരുമ്പോള്‍ അവന്റെ അന്നത്തെ കളിക്കൂട്ടുകാരന്‍ ഗണേശന്‍ ഗായത്രിയായി മാറിയിരിന്നു.

എന്തുകൊണ്ട് ഒരു ഫോട്ടോ സ്റ്റോറി ?

ഒരു ഷോര്‍ട് ഫിലിം ചെയ്യുന്ന അതേ അധ്വാനം തന്നെയാണ് ഞങ്ങള്‍ ഇതിനുവേണ്ടി എടുത്തത്. ഓരോ ഷോട്ടും ഏഴും എട്ടും തവണ റീ ടേക്ക് ചെയ്തു. 

ഭര്‍ത്താവ് തന്നെ ക്യാമറക്കു പിന്നില്‍ നില്‍ക്കുമ്പോള്‍ ?

എനിക്ക് ഏറ്റവും കംഫാര്‍റ്റബിള്‍ ആയ ക്യാമറമാനാണ് വിഷ്ണു. എനിക്ക് വേണ്ട ഫ്രെയിം എന്താണെന്ന് അവനു വളരെ നന്നായി അറിയാം. ഞാന്‍ മനസില്‍ കാണുന്നത് ക്ലിക്ക് ചെയ്യാന്‍ അവനു കഴിഞ്ഞു.

മായ എന്ന നടി ?

ഷൂട്ടിന്റെ പല ഘട്ടത്തിലും തനിക്കിതു പറ്റില്ല എന്ന് മായ പറയുമായിരുന്നു ഞാന്‍ ആണ് മായയ്ക്ക് കോണ്‍ഫിഡന്‍സ് കൊടുത്തത്. മായയാണ് ഗായത്രി ഗായത്രിയാണ് മായ. ഈ കഥാപാത്രം മായ ചെയ്തില്ലെങ്കില്‍ മറ്റാരും ചെയ്യില്ല, കഥ മാറ്റുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുള്ള ഏക വഴി.

ഗോപി ?

മായയുടെ സുഹൃത്ത് തന്നെയാണ് ആ കഥാപാത്രം ചെയ്യുന്നത്. നവനീത്, ചെന്നൈ IIT യില്‍ പഠിക്കുന്നു. ആദ്യം തീരുമാനിച്ചവരെല്ലാം മായയുടെ പെയര്‍ ആകണം എന്നത് കൊണ്ട് ഒഴിയുകയായിരുന്നു. 

ലിപിക ?

സിനിമ എന്നത് എന്നും ഒരു ആവേശമായിരുന്നു. എഴുത്ത് , നാടകം അതെല്ലാം ഇഷ്ടമായിരുന്നു. എന്റെ ക്രിയാത്മകത നല്ല രീതിയില്‍ ആള്‍ക്കാരിലേക്കു എത്തിക്കാന്‍ സിനിമ നല്ലൊരു മാധ്യമമാണെന്നു തോന്നി. എന്‍ജിനീയറിങ് ആയിരുന്നു ചെയ്തത്. സിനിമ പഠിപ്പിച്ചത് അനുഭവങ്ങള്‍ തന്നെയാണ്. ഗൂഗിള്‍ , ഒട്ടേറെ ഗുരുക്കന്മാര്‍ ഇവരോടൊക്കെയാണ് കടപ്പാട്.ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സംവിധാനം പഠിക്കുന്നത്. 

നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ?

കാവ് കിട്ടുവാനും തറവാട് കിട്ടാനും വളരെയേറെ ബുദ്ധിമുട്ടി. ഒരു ട്രാന്‍സ്ജന്‍ഡര്‍ വരുമ്പോള്‍ ആളുകള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ പ്രശ്‌നമുണ്ടാക്കില്ലേ എന്ന് എന്നോട് ഒട്ടേറെ പേര്‍ ചോദിച്ചിട്ടുണ്ട്.ട്രാന്‍സ്ജന്‍ഡര്‍ ആണെന്നറിഞ്ഞിട്ട് ഒന്ന് രണ്ടു തറവാടുകള്‍ ലഭിക്കാതെയായിട്ടുണ്ടായിരുന്നു.

ചിത്രങ്ങള്‍ക്കുള്ള പ്രത്യേക കളര്‍ ടോണ്‍ ?

കൂടുതല്‍  ചിത്രങ്ങളില്‍ കുറച്ചു മങ്ങിയ ഒരു കളര്‍ ടോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത് അത് മറ്റൊന്നും കൊണ്ടല്ല ഗായത്രിയുടെ ജീവിതം അങ്ങനെയാണ്.കുറച്ചു ഇരുണ്ടതാണ് അവളുടെ ജീവിതം. നിറങ്ങള്‍ വാരിവിതറുവാന്‍ വര്‍ണങ്ങള്‍ നിറഞ്ഞ ,സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു ജീവിതമല്ല അവളുടേത്.

ട്രാന്‍സ്ജെന്‍ഡേഴ്‌സിനോടുള്ള നിലപാട് ?

ട്രാന്‍സ്ജെന്‍ഡേഴ്‌സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഐഡന്റിറ്റി ക്രൈസിസ് ആണ്. ഒന്ന് ടോയ്ലെറ്റില്‍ പോകണമെങ്കില്‍ അവര്‍ എവിടെ പോകും ? ആണിന്റേതിലോ പെണ്ണിന്റേതിലോ? ശരീരവും മനസും രണ്ടായുള്ള അവസ്ഥ. അവര്‍ക്കുള്ളില്‍ തന്നെ ഒട്ടേറെ സംഘര്‍ഷങ്ങളോടെയാണ് അവര്‍ ജീവിക്കുന്നത് അപ്പോള്‍ സമൂഹവും കൂടെ അവരെ സംഘര്‍ഷത്തിലാക്കരുത്. മെട്രോയിലടക്കം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ജോലി കൊടുത്തു.പക്ഷെ ഒരു താമസ സൗകര്യം ലഭിക്കാന്‍ അവര്‍ ഒരുപാട് കഷ്ടപ്പെടുകയാണ്.

ഫോട്ടോ സ്റ്റോറിക്ക് കിട്ടിയ പ്രതികരണങ്ങള്‍ ?

നല്ല റെസ്‌പോണ്‍സ് . നെഗറ്റീവ് കംമെന്‍സും ഉണ്ട്.  ഏങ്കിലും അവരിലെ പ്രണയം എന്നത് ആളുകള്‍ക്ക് പുതുമ തോന്നി എന്ന് തോനുന്നു.