ആര്‍ത്തവം അശുദ്ധിയല്ല : ദേവേന്ദ്രന്റെ ശാപം

Published on: 12:55pm Thu 19 Oct 2017

ഫയൽചിത്രം

A- A A+

ആര്‍ത്തവമായിരുന്നു സ്ത്രീക്ക് ഇന്ദ്രനില്‍ നിന്ന് ലഭിച്ച ശാപത്തിന്റെ പങ്ക്

ഹിന്ദു പുരാണപ്രകാരം സ്ത്രീയുടെ ആര്‍ത്തവമെന്നത് ദേവന്ദ്രനുണ്ടായ ശാപമോക്ഷത്തിനുവേണ്ടി സ്ത്രീ ഏറ്റെടുത്ത പിഴയാണെന്നു കഥകള്‍.  ഗുരു ബ്രഹസ്പതിക്കു ദേവേന്ദ്രനോടുള്ള ദേഷ്യം മുതലെടുത്ത അസുരന്മാര്‍ ദേവലോകം ആക്രമിക്കാനെത്തി. തോല്‍വിയുണ്ടാകും എന്ന് ഭയന്ന് ദേവേന്ദ്രന്‍ ബ്രഹ്മദേവന് മുന്നില്‍ അഭയം തേടി. ഒരു സന്യാസിയെ ശ്രേഷ്ടമായി പരിചരിച്ചാല്‍ മാത്രമേ തനിക്ക് ദേവലോകം നഷ്ടമാകാതിരിക്കു എന്നും ഗുരുപ്രീതി നേടി ഈ സാഹചര്യം മറികടക്കണമെന്നുമായിരുന്നു ബ്രഹ്മദേവന്റെ ഉപദേശം.

ഇതനുസരിച്ച് ദേവേന്ദ്രന്‍ ബ്രാഹ്മണനായ വിശ്വരൂപയെ പരിചരിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഗുരുവിന്റെ മാതാവ് ഒരു അസുര സ്ത്രീയാണെന്നും ദേവന്മാരെക്കാള്‍ പ്രാമുഖ്യം അസുരന്മാര്‍ക്കാണ് ഗുരു നല്‍കുന്നതെന്നും മനസിലാക്കിയ ദേവേന്ദ്രന്‍ അദ്ദേഹത്തെ വധിക്കുകയാണുണ്ടായത്. ഗുരുഹത്യ എന്ന മഹാ അപരാധം  ചെയ്ത ദേവേന്ദ്രന്‍ കുറ്റബോധത്താല്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചിരുന്നു കൊണ്ടു വിഷ്ണുവിനെ പ്രാര്‍ഥിച്ചു. ദേവേന്ദ്രനില്‍ പ്രീതനായ മഹാവിഷ്ണു, സ്വന്തം പിഴ നാലുപേരില്‍ വിധിച്ചു നല്‍കുവാന്‍ ദേവേന്ദ്രനെ അറിയിച്ചു. പിഴനല്‍കുന്നതിനൊപ്പം അവര്‍ക്കെല്ലാം ഒരു വരം കൂടി നല്‍കണമെന്നും  നിര്‍ദ്ദേശിച്ചു. 

വിഷ്ണുവിന്റെ നിര്‍ദ്ദേശം മാനിച്ച ഇന്ദ്രന്‍ തന്റെ പാപം വൃക്ഷങ്ങള്‍, ജലം, ഭൂമി, സ്ത്രീ എന്നിവയ്ക്ക് പകുത്ത് നല്‍കി. നാലിലൊന്നു പിഴയേറ്റു വാങ്ങിയ വൃക്ഷങ്ങള്‍ക്ക് വീണ്ടും തളിര്‍ത്തു വളരുവാനുള്ള വരമാണ് ലഭിച്ചത്.   ജലത്തിന് വരമായി എല്ലാ അശുദ്ധികളെയും ശുദ്ധിയാക്കാനുള്ള കഴിവും ഭൂമിക്കു വളരെ വേഗത്തില്‍ ഫലഭൂയിഷ്ടമാകാനുള്ള വരവുമാണ് നല്‍കിയത്. ആര്‍ത്തവമായിരുന്നു സ്ത്രീക്ക് ഇന്ദ്രനില്‍ നിന്ന് ലഭിച്ച ശാപത്തിന്റെ പങ്ക്. എന്നാല്‍ ഇതിന് പകരമായി പ്രസവിക്കാനുള്ള കഴിവും പുരുഷനെക്കാള്‍ ലൈംഗീക തൃപ്തി അധികമായി നേടാനുള്ള വരവുമാണ് ഇന്ദ്രന്‍ അനുഗ്രഹിച്ച് നല്‍കിയതെന്നാണ് പുരാണ കഥകള്‍ പറയുന്നത്.