അവര്‍ നിങ്ങളെ അധികാരത്തില്‍ നിന്ന് തൂത്തെറിയും; കര്‍ഷക സമരത്തെ പിന്തുണച്ച്‌ പ്രകാശ്രാജും മാധവനും

Published on: 3:52pm Mon 12 Mar 2018

A- A A+

നീതി നിഷേധം തുടര്‍ന്നാല്‍ അത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ പിന്തുണച്ച്‌ നടന്‍മാരായ പ്രകാശ് രാജും ആര്‍. മാധവനും. നിങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ സ്വീകരിച്ച്‌ അധികാരത്തിലേറ്റിയവര്‍ തന്നെ നിങ്ങളെ അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

പൊള്ളിയ കാല്‍പ്പാദങ്ങളാല്‍ വിശപ്പ് നിറയുന്ന കണ്ണുകളാല്‍ അവര്‍ ഇറങ്ങിയിരിക്കുകയാണ്. പൊള്ളയായ വാഗ്ദാനങ്ങളില്‍ വഞ്ചിതരായ അവര്‍ക്ക് ഇനിയും നീതിയും തുല്യതയും നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളെ അധികാരത്തില്‍ നിന്ന് വലിച്ചെറിയും-പ്രകാശ് രാജ് പറഞ്ഞു. ഇപ്പോള്‍ അവര്‍ നീതി തേടിയാണ് നിങ്ങളുടെ പടിക്കലേക്ക് വരുന്നത്. നീതി നിഷേധം തുടര്‍ന്നാല്‍ അത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും താന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് നടന്‍ ആര്‍ മാധവന്‍ ട്വീറ്റ് ചെയ്തു. 35,000 കര്‍ഷര്‍ 180 കിലോമീറ്റര്‍ നടന്ന്, ഒരു മാറ്റത്തിന് വേണ്ടിയാണ് അവര്‍ വന്നിരിക്കുന്നത്-മാധവന്‍ പറഞ്ഞു.


ആറ് ദിവസം മുന്‍പാണ് നാസിക്കില്‍ നിന്ന് കര്‍ഷകരുടെ ലോങ് മാര്‍ച്ച്‌ ആരംഭിച്ചത്. ഇന്നലെ മുംബൈയില്‍ മാര്‍ച്ച്‌ എത്തിച്ചേര്‍ന്നു. സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷക സമരം. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!