മാലീദ്വപില്‍ കടുത്ത പ്രതിസന്ധി തുടരുന്നു: ഇന്ത്യക്കാരായ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on: 9:48am Sat 10 Feb 2018

A- A A+

ഇന്ത്യക്കാരാനായ മണി ശര്‍മ്മ എന്ന മാധ്യമപ്രവര്‍ത്തകന്‍ മാലീദ്വീപില്‍ അറസ്റ്റിലായെന്ന വിവരം ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചു

മാലെ: മാലീദ്വീപില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള രണ്ടു മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ ഏജന്‍സ് ഫ്രാന്‍സ് പ്രസ്(എഎഫ്പി)യില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ അതീഷ്, അമൃത്സറില്‍ നിന്നുള്ള മണി ശര്‍മ എന്നിവരാണ് മാലീദ്വീപില്‍ അറസ്റ്റിലായത്. കുടിയേറ്റ നിയമ ലംഘനം നടത്തിയ രണ്ടു മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു ഇമിഗ്രേഷന്‍ അധികൃതര്‍ക്കു കൈമാറിയതായി മാലീദ്വീപ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സന്ദര്‍ശക വിസയില്‍ എത്തിയ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ അതിനു വിരുദ്ധമായി രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്നതായി കണ്ടെത്തിയെന്ന് മാലീദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനാണ് രണ്ടു പേരുടെയും അറസ്റ്റെന്നാണ് സ്ഥിരീകരണം. ഇന്ത്യക്കാരാനായ മണി ശര്‍മ്മ എന്ന മാധ്യമപ്രവര്‍ത്തകന്‍ മാലീദ്വീപില്‍ അറസ്റ്റിലായെന്ന വിവരം ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ട്രീത്തടവുകാരെ മോചിപ്പിക്കാനും കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ട 12 എംപിമാര്‍ക്ക് പാര്‍ലമെന്റ് അംഗത്വം തിരിച്ചുകൊടുക്കാനും സുപ്രീംകോടതി കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പ്രസിഡന്റ് 15 ദിവത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അറസ്റ്റിലാകുകയും ചെയ്തു.

മാലീദ്വീപിലെ സൈനിക ഇടപെടലില്‍ ചൈന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്ക് നയതന്ത്രപ്രതിനിധികളെ അയക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത്. മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ ആവശ്യത്തെ എതിര്‍ത്താണ് ചൈന രംഗത്തെത്തിയത്. സൈനിക ഇടപെടല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് പ്രസിഡന്റ് അബ്ദുള്ള യാമീനോട് ബന്ധം സൂക്ഷിക്കുന്ന ചൈന വ്യക്തമാക്കിയിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!