കേരളത്തിന്റെ മരുമകളായി മഞ്ജുള

Published on: 1:58pm Sun 12 Nov 2017

A- A A+

മഞ്ജുള 10 വര്‍ഷം മുന്‍പ് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കു വന്നത് പൊറോട്ടയടിക്കാനാണ്. ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജുളയുടെ കൈപ്പുണ്യം തലസ്ഥാന നഗരത്തിനു പ്രിയപ്പെട്ടതാണ്.

തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിന് സമീപം തട്ടുകട നടത്തുന്ന മഞ്ജുളയുടെ ചിക്കന്‍ പിരട്ടും ബിരിയാണിയും തലസ്ഥാനത്തിനു പ്രിയപ്പെട്ടതാണ്. വൈകുന്നേരം വാഴക്കാപ്പവും ഉള്ളിവടയും തീര്‍ന്നുപോയാല്‍ കോളേജ് കുട്ടികള്‍ ഈ അമ്മയോട് വഴക്കിടുമത്രേ.

കര്‍ണാടകയില്‍ നിന്ന് തിരുവനന്തപുരത്തു എത്തിയത് പൊറോട്ടയടിക്കാനാണെങ്കില്‍ പിന്നീട് ചന്ദ്രന്റെ ഭാര്യയായി കേരളത്തിന്റെ മരുമകളായി മഞ്ജുള. കല്യാണ ശേഷം കോഴി വളര്‍ത്തല്‍ , ആടുവളര്‍ത്തല്‍ അങ്ങനെ പല ജോലികള്‍ ചെയ്തു രോഗിയായ ഭര്‍ത്താവിനെ നോക്കുവാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ അവയെല്ലാം വില്‍ക്കേണ്ടിവന്നു. ചികിത്സയ്ക്കായി എടുത്ത 5 ലക്ഷം രൂപയുടെ കടം വീട്ടുവാനാണ് ഇപ്പോള്‍ തട്ടുകട ആരംഭിച്ചിരിക്കുന്നത്.

'ജീവിക്കുന്ന മണ്ണ് എനിക്ക് ഇഷ്ടമാണ്. കേരളത്തെയും ആളുകളെയും ഇഷ്ടം. ബന്ധുക്കള്‍ പോലും കൂടെയില്ലാത്ത അവസരങ്ങളില്‍ എന്നെ സഹായിച്ചത് ഇവിടുത്തുകാരാണ്' മലയാളികളെപ്പറ്റി പറയുമ്പോള്‍ മഞ്ജുളക്കു നൂറു നാവാണ്.

ഒരു ദിവസം 3000 രൂപ വരെ തട്ടുകടയില്‍ നിന്ന് കിട്ടുമെങ്കിലും കയ്യില്‍ നില്‍ക്കുന്നത്  300 രൂപ മാത്രമാണെന്ന് മഞ്ജുള പറയുന്നു. കടത്തിന്റെ പലിശയും ഭര്‍ത്താവിനുള്ള മരുന്നുകളും വാങ്ങാന്‍പോലും ദിവസവരുമാനം തികയില്ലെങ്കിലും തന്റെ രുചികൂട്ടുകള്‍ ആസ്വദിച്ചു കഴിക്കുന്നവര്‍ക്ക് വേണ്ടി മഞ്ജുള എന്നും കട തുറക്കുന്നു. വരുന്നവരെയെല്ലാം വരവേല്‍ക്കുന്നുളള തിരുവനന്തപുരത്തിന്റെ പ്രിയപ്പെട്ട മരുമകളായി മഞ്ജുള ജീവിക്കുന്നു .. അല്ല അതിജീവിക്കുന്നു..