കോടീശ്വര പുത്രിയുമായി അംബാനിയുടെ മകൻെറ കല്യാണം; ആദ്യ പ്രതികരണവുമായി നിത അംബാനി

Published on: 11:12am Tue 13 Mar 2018

A- A A+

വിഷയത്തില്‍ ആദ്യ പ്രതികരണവുമായി അമ്മ നിത അംബാനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയും ബിസിനസ് വമ്ബനുമായ മുകേഷ് അംബാനിയുടെ മൂത്ത പുത്രന്‍ ആകാശ് അംബാനിയുടെ വിവാഹത്തെക്കുറിച്ച്‌ കുറച്ചുദിവസം മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു, റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകാശ് വിവാഹം കഴിക്കുന്നതെന്നായിരുന്നു പ്രചരണം. സംഗതി സത്യമാണോ അല്ലയോ എന്നതു വ്യക്തമാക്കാന്‍ അംബാനി കുടുംബം മുന്നോട്ടു വന്നിരുന്നുമില്ല. ഇപ്പോഴിതാ മകന്റെ വിവാഹ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി അമ്മ നിത അംബാനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് നിത അംബാനി മകന്റെ വിവാഹത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. മുകേഷും താനും പങ്കാളികളെ തിരഞ്ഞെടുക്കാന്‍ മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മകന്‍ വിവാഹിതനാകാന്‍ തീരുമാനിക്കുമ്പോള്‍ അതാരായാലും അവന്റെ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും എല്ലാ സന്തോഷവും ആശംസിക്കുമെന്നും നിത പറഞ്ഞു.

എങ്കിലും ശ്ലോകയുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരണം നടത്താന്‍ നിത തയാറായില്ലെന്നതും ശ്രദ്ധേയമാണ്. വരുന്ന മാര്‍ച്ച്‌ ഇരുപത്തിനാലിനു വിവാഹ നിശ്ചയവും ഡിസംബറില്‍ വിവാഹവും നടക്കുമെന്നാണ് വാര്‍ത്തകള്‍ വന്നത്. ആകാശും ശ്ലോകയും സ്കൂള്‍ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ബിസിനസ് ലോകത്തു നിന്നുള്ള പലരും ഇരുവരെയും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വിവാഹവും വിവാഹ നിശ്ചയവും ഇന്ത്യയില്‍ തന്നെയായിരിക്കുമെന്നായിരുന്നു വിവരം. റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്. റിലയന്‍സ് ജിയോയുടെ ചുമതലയാണ് 26 വയസുകാരന്‍ ആകാശിന്.

നേരത്തെ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്തു സംബന്ധിച്ചും ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വിവാഹത്തിനു മുന്നോടിയായി അംബാനി കുടുംബം തയാറാക്കിയ ക്ഷണക്കത്ത് 1.5 ലക്ഷം വിലമതിക്കുന്നതാണെന്നായിരുന്നു വാര്‍ത്ത. സ്വര്‍ണവും വിലപിടിപ്പുള്ള കല്ലുകളും ചേര്‍ത്തു നിര്‍മിച്ചിട്ടുള്ള ഈ ക്ഷണക്കത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതാണെന്നും പ്രചരണമുണ്ടായിരുന്നു.

എന്നാല്‍ ആകാശ് അംബാനിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ക്ഷണക്കത്തില്‍ വാസ്തവമില്ലെന്നും ഇതുസംബന്ധിച്ച്‌ അംബാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അംബാനി കുടുംബത്തോട് അടുത്തമുള്ള വൃത്തങ്ങള്‍ പിന്നീടറിയിച്ചു. എന്തായാലും അന്നു പുറത്തുവന്ന വിവാഹക്ഷണക്കത്ത് യഥാര്‍ഥത്തില്‍ ആകാശിന്റേതു തന്നെയായിരിക്കുമോ എന്ന ചര്‍ച്ചകളും ഇപ്പോള്‍ ഉയരുന്നുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!