ദയാവധം നടപ്പിലാക്കിയ ആദ്യരാജ്യം നെതര്‍ലന്റില്‍ നിയമത്തിന്റെ മറവില്‍ കൊലപാതകങ്ങള്‍ കൂടുന്നു; 70 കഴിഞ്ഞവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും ഭയം

Published on: 11:43am Sat 10 Mar 2018

A- A A+

സ്വാഭാവികമായി ജീവിച്ചു മരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് പകരം ദയാവധം കൊല്ലാനുള്ള അധികാരം നല്‍കുകയാണ് ചെയ്യുന്നതെന്നും നിയമം ദുരുപയോഗം ചെയ്ത് കൊലപാതകങ്ങള്‍ പെരുകുന്നതിലേക്ക് നയിക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്

ന്യൂഡല്‍ഹി: അന്തസ്സോടെ ജീവിക്കാന്‍ അവകാശമുള്ള നാട്ടില്‍ അന്തസ്സായി മരിക്കാന്‍ അനുവദിക്കുന്ന ദയാവധം നിയമപരമാക്കിയുള്ള സുപ്രീംകോടതിയുടെ വിധി രാജ്യത്ത് വലിയ മുറവിളികള്‍ക്ക് ഇടയാക്കുന്നു. സ്വാഭാവികമായി ജീവിച്ചു മരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് പകരം ദയാവധം കൊല്ലാനുള്ള അധികാരം നല്‍കുകയാണ് ചെയ്യുന്നതെന്നും നിയമം ദുരുപയോഗം ചെയ്ത് കൊലപാതകങ്ങള്‍ പെരുകുന്നതിലേക്ക് നയിക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ദയാവധം നിയമമാക്കി മാറ്റിയ ആദ്യ രാജ്യം യൂറോപ്പിലെ നെതര്‍ലന്റിലെ നിലവിലെ അവസ്ഥയാണ് പ്രധാനമായും വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ദയാവധം നിയമം മൂലം സാധൂകരിച്ചിട്ടുള്ള നെതര്‍ലന്‍ഡ്സില്‍ നിയമം ദുരുപയോഗം ചെയ്ത് മനുഷ്യരെ ആസൂത്രിതമായി കൊന്നുതള്ളുകയാണെന്നാണു ആരോപണം. പ്രത്യേകിച്ചും വാര്‍ദ്ധക്യത്തില്‍ എത്തിയവര്‍. മറവിരോഗം, മാനസീക അസ്വാസ്ഥ്യം, വാര്‍ദ്ധക്യ രോഗം എന്നിവ ബാധിക്കുന്ന 70 കഴിഞ്ഞവരെ കൊന്നു തള്ളുകളായണെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടാല്‍ ജീവനോടെ തിരിച്ചുപോരാമെന്ന വിശ്വാസം പ്രായംചെന്നവരില്‍ നഷ്ടമായിക്കഴിഞ്ഞത്രേ. ഡോക്ടര്‍മാരെ ഭയപ്പെടേണ്ട സ്ഥിതി. വലിയ പ്രതിസന്ധിയും പ്രതിഷേധവും ഇതുമൂലം നെതര്‍ലന്‍ഡ്സിലുണ്ടാകുന്നുണ്ട്. ദയാവധം സംബന്ധിച്ച പ്രാദേശീക മോണിട്ടറിംഗ് കമ്മറ്റി ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം നെതര്‍ലന്റില്‍ ദയാവധത്തിന്റെ എണ്ണം എട്ടു ശതമാനമാണ് കൂടിയത്. 6,585 എന്നതായിരുന്നു കണക്ക്. കര്‍ശനമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ദയാവധം നിയമപരമായ നെതര്‍ലന്റില്‍ സഹിക്കാന്‍ കഴിയാത്ത വേദനയാല്‍ പുളയുന്ന രോഗിയെ ഇനി മരണം മാത്രമേയുള്ളെന്ന് ധരിപ്പിച്ച ശേഷം തെരഞ്ഞെടുക്കാന്‍ അനുവദിക്കാം. ഇതാകട്ടെ മറ്റൊരു ഡോക്ടറുടെ അഭിപ്രായമറിഞ്ഞ് വേണം താനും. അതേസമയം ഇനി രോഗം ഭേദമാകില്ലെന്ന് ഉറപ്പാകുകയും വേണം.

2002 ല്‍ നിയമം നടപ്പിലായതിന് പിന്നാലെ 2003 ല്‍ ദയാവധത്തിന് ഇരയാക്കിയത് 1626 പേരെ ആയിരുന്നു. ഏകദേശം 1.2 ശതമാനം. അതേസമയം നിയമമാകും മുമ്ബ് ദയാവധം 1.7 ശതമാനമായിരുന്നു. 2010 ല്‍ നെതര്‍ലന്റില്‍ 4050 പേരായിരുന്നു ദയാവധത്തിന് ഇരയായത്. 2015 ല്‍ അത് 4.5 ശതമാനമായി കൂടി. 92 ശതമാനവും ഗുരുതരമായ രോഗം, ആരോഗ്യപ്രശ്നം, വാര്‍ദ്ധക്യം, മറവിരോഗവും മാനസീകരോഗവും ഇവ രണ്ടുമോ വരുന്ന കേസുകളിലും ദയാവധം നടപ്പാക്കുകയാണ്. മൂന്നിലൊന്നും 80 വയസ്സിന് മുകളിലുള്ളവരാണ് താനും. 2015 ലെ മൊത്തം ദയാവധങ്ങളില്‍ എട്ട് ശതമാനവും തങ്ങളെ മരിക്കാന്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 2016 ല്‍ എത്തിയപ്പോള്‍ അത് 6091 ആയി വര്‍ദ്ധിച്ചു.

ആ വര്‍ഷം മരിച്ച 150,000 പേരില്‍ അഞ്ചു ശതമാനവും ദയാവധമായിരുന്നു. 2017 ല്‍ നടപ്പാക്കിയ ദയാവധത്തില്‍ ഇതില്‍ 99.8 ശതമാനവും മാര്‍ഗ്ഗനിര്‍ദേശത്തിന്റെ ചുവട് പിടിച്ചാണ് ഇങ്ങിനെ ചെയ്തതെന്ന് 2017 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 90 ശതമാനം കേസുകളിലും കാന്‍സര്‍, ഹൃദയം, രക്തധമനി എന്നിവയോ പാര്‍ക്കിന്‍സണ്‍ പോലെ ഞരമ്ബുസംബന്ധമായ രോഗമുള്ളവരോ ഒക്കെയായിരുന്നു. മറവിരോഗം ബാധിച്ച മൂന്ന് പേര്‍, ഈ രോഗത്തിന്റെ തുടക്കത്തിലുള്ള 166 പേര്‍ എന്നിവരെയെല്ലാം ദയാവധത്തിന് ഉപയോഗിച്ചു. 83 കേസുകളില്‍ രോഗികള്‍ മാനസീകരോഗത്തിന് അടിപ്പെട്ടവരായിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ദയാവധത്തിന് ഇരയായവരില്‍ കൂടുതല്‍ 70 വയസ്സിന് മുകളിലുള്ളവരായിരുന്നു.

ദയാവധത്തിനുള്ള അപേക്ഷകളുടെ എണ്ണം വര്‍ഷാവര്‍ഷം കൂടുകയാണ്. നെതര്‍ലന്റിന് പുറമേ ബെല്‍ജിയം, കാനഡ, കൊളംബിയ, ലക്സംബര്‍ഗ്ഗ്, സ്വിറ്റ്സര്‍ലാന്റ്, ജര്‍മ്മനി, അമേരിക്കയിലെ ആറ് സ്റ്റേറ്റുകള്‍ എന്നിവിടങ്ങളില്‍ ചില പ്രത്യേക കേസുകളില്‍ ദയാവധം അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ മിക്കതും നെതര്‍ലന്റില്‍ നിയമം നടപ്പാക്കിയത് ചര്‍ച്ച ചെയ്തായിരുന്നു നിയമം കൊണ്ടുവന്നത്. അമേരിക്കയില്‍ ഒറീഗോണ്‍ 1997 ല്‍ നടപ്പാക്കി ദയാവധമുള്ള ആദ്യ സ്റ്റേറ്റായി മാറി. കൊളറാഡോ, കാലിഫോര്‍ണിയ, മൊണ്ടാന, വെര്‍മോണ്ട്, വാഷിംഗ്ഡന്‍ സ്റ്ററ്റ്, ഡിസ്ട്രിക്‌ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിലാണ് ഇതുള്ളത്.

ദയാവധം നിയമമാക്കി സുപ്രീംകോടതി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പൗരന് അന്താസ്സോടെ ജീവിക്കാനാണ് ഭരണഘടന അനുശാസിക്കുന്നതെങ്കില്‍ അന്തസ്സോടെയുള്ള മരണവും മൗലീകാവകാശമാണെന്നായിരുന്നു പരമോന്നത കോടതിയുടെ വിലയിരുത്തല്‍. ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ജീവച്ഛവമായ രോഗിയെ ജീവന്‍രക്ഷാ ഉപകരണങ്ങളും മരുന്നും ഭക്ഷണവും നീക്കി മരണത്തിനുവിട്ടുകൊടുക്കുന്ന പരോക്ഷ(പാസീവ്) ദയാവധത്തിനാണ് അനുമതി.

കോടതി വിധി നിയമത്തിന്റെ ദുരുപയോഗത്തിനു വഴിയൊരുക്കും. രോഗികളായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന വൃദ്ധമാതാപിതാക്കളെയും നിത്യരോഗികളായ മറ്റു പലരേയും ബന്ധപ്പെട്ടവര്‍ ദയാവധത്തിന് ഇരയാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ആദ്യമാദ്യം രോഗത്തിനു ചികിത്സിച്ച ശേഷം പിന്നീട് നിഗൂഢമായി മരണത്തിലേക്കു തള്ളിവിട്ടാല്‍ അതും ദയാവധത്തിന്റെ ലേബലിലേ വരികയുള്ളൂ. നിയമസാധുതയോടെ ആസൂത്രിതമായി ജീവനെടുക്കാമെന്നു വന്നാല്‍ അതുപയോഗിക്കാന്‍ മടിയില്ലാത്തവരും ഇന്നാട്ടിലുണ്ട്.

സ്വത്തും മറ്റും കരസ്ഥമാക്കി വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കുന്നവരും ധാരാളമുണ്ട്. കഴിവു കുറഞ്ഞവര്‍, അംഗവിഹീനര്‍, നിത്യരോഗികള്‍ തുടങ്ങിവരുടെ ഭാവിപോലും കരിനിഴലിലാക്കുന്ന അപകടമാണ് ദയാവധം സാധൂകരിക്കുന്നതിലൂടെ സംഭവിക്കുക. െദെവം ചമയാന്‍ മനുഷ്യന് അവകാശമില്ല. മനുഷ്യനു സംഹരിക്കാനുള്ള അവകാശമില്ല. അത് സ്രഷ്ടാവിനു മാത്രമേയുള്ളൂ. അതുകൊണ്ട് െദെവത്തിന്റെ ജോലി നിയമം മൂലം മനുഷ്യനു ചാര്‍ത്തിനല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫാ. പോള്‍ തേലക്കാട്ടിനെപ്പോലെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ ഡോക്ടര്‍മാരോട് ദയാവധത്തിന് അപേക്ഷിക്കുന്നതും അവര്‍ അനുവദിക്കുന്നതും ഇപ്പോള്‍ സാധാരണമാണ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!