പാകിസ്ഥാനില്‍ താലിബാന്‍ ആക്രമണം  : 9 പേര്‍ കൊല്ലപ്പെട്ടു

Published on: 1:59pm Fri 01 Dec 2017

A- A A+

ബുര്‍ഖ ധരിച്ചെത്തിയ ആക്രമികള്‍ കോളേജില്‍ അതിക്രമിച്ചു കയറി നടത്തിയ വെടിവെയ്പ്പില്‍ മുപ്പത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പെഷാവര്‍ : പാകിസ്ഥാനിലെ പെഷാവറിലെ കാര്‍ഷിക കോളേജില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ബുര്‍ഖ ധരിച്ചെത്തിയ ആക്രമികള്‍ കോളേജില്‍ അതിക്രമിച്ചു കയറി നടത്തിയ വെടിവെയ്പ്പില്‍ മുപ്പത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെഷാവറിലെ വടക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്രികള്‍ച്ചറല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ ആര്‍മി-പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് ഭീകരരെ വധിച്ചു. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാന്‍ മിലിട്ടറിയുടെ ആഭ്യന്തര സുരക്ഷ ഏജന്‍സിയുടെ സുരക്ഷാ മേഖലയാണ് ഇവിടെയെന്നും അത് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. നാന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ ഭൂരിഭാഗം പേരും അവധിയായതിനാല്‍ വീടുകളില്‍ പോയതിനാലാണ് മരണസംഖ്യ കുറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പ് പെഷാവറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നൂറ്റിയന്‍പതോളം കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ തീവ്രവാദ ആക്രമണമായി ആയിരുന്നു അത് വിലയിരുത്തപ്പെട്ടത്. 
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!